മലയാളി നഴ്സുമാർക്ക് മികച്ച അവസരങ്ങളുമായി യുഎഇ: വൻ ശമ്പളം, റിക്രൂട്മെന്റ് സൗജന്യം

മലയാളി നഴ്സുമാർക്ക് മികച്ച അവസരങ്ങളുമായി യുഎഇ: വൻ ശമ്പളം, റിക്രൂട്മെന്റ് സൗജന്യം

ദുബായ്: കേരള സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ ഒഡ്പെക് വഴി യുഎഇയിലെ ഹോംകെയർ മേഖലയിലേക്ക് വനിതാ അസിസ്‌റ്റന്റ് നഴ്സു‌മാരെ തിരഞ്ഞെടുക്കുന്നു. പൂർണമായും സൗജന്യമായ ഈ റിക്രൂട്മെന്റിലൂടെ 50 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബിഎസ്‌സി നഴ്സിങ് അല്ലെങ്കിൽ ജി.എൻ.എം യോഗ്യതയുള്ളവർക്ക് ഈ സുവർണാവസരം പ്രയോജനപ്പെടുത്താം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 3,500 ദിർഹവും ഇതിനു പുറമെ ഓവർടൈം ആനുകൂല്യങ്ങളും ലഭിക്കും. ഈ മാസം(ജൂൺ) 30 ആണ് അപേക്ഷിക്കാനുള്ള അവസാന തീയ്യതി ആശുപത്രി, ക്ലിനിക്, അല്ലെങ്കിൽ ഹോംകെയർ മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയമുള്ള 20 നും 40 നും മധ്യേ പ്രായമുള്ളവർക്കാണ് അവസരം.

 യുഎഇയിലെ ആരോഗ്യ മന്ത്രാലയത്തിന്റെയോ ദുബായ് ഹെൽത്ത് അതോറിറ്റിയുടെയോ ലൈസൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം. ഡാറ്റാഫ്ലോ പ്രക്രിയ പൂർത്തിയാക്കിയവർക്കും നിലവിൽ ഇതിനായുള്ള നടപടികൾ തുടരുന്നവർക്കും മുൻഗണനയുണ്ട്. ലൈസൻസ് ഇല്ലാത്തവർ തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം അത് നേടിയാൽ മതിയാകും. കുറഞ്ഞത് 5 അടി ഉയരമുള്ള ശാരീരിക യോഗ്യതയുള്ളവരായിരിക്കണം അപേക്ഷകർ. ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) കണക്കാക്കിയായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്. ഇംഗ്ലീഷ് ഭാഷ നന്നായി സംസാരിക്കാൻ അറിയുന്നതിനൊപ്പം ട്രാക്കിയോമി കെയർ, കത്തീറ്റർ കെയർ, ബെഡ്സോർ പ്രിവൻഷൻ, എൻജിടി/പിഇജി വഴിയുള്ള ഫീഡിങ് എന്നിവയിലുള്ള പ്രാവീണ്യവും നിർബന്ധമാണ്. സൗജന്യ റിക്രൂട്മെന്റ് ആയതിനാൽ ഈ നിയമനത്തിന് ഉദ്യോഗാർത്ഥികളിൽ നിന്ന് യാതൊരുവിധ ഫീസും ഈടാക്കുന്നതല്ല.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കമ്പനി വക സൗജന്യ താമസസൗകര്യവും ജോലി സ്ഥലങ്ങളിലേക്കുള്ള യാത്രാ സൗകര്യവും ഉണ്ടായിരിക്കും. താമസ സ്‌ഥലത്തെ വൈദ്യുതി, വെള്ളം, ഇന്റർനെറ്റ് തുടങ്ങിയ ചെറിയ തോതിലുള്ള ബില്ലുകൾ (ഏകദേശം 100 മുതൽ 150 ദിർഹം വരെ) താമസിക്കുന്നവർ പങ്കിട്ടെടുക്കേണ്ടതുണ്ട്. രണ്ട് വർഷത്തെ എംപ്ലോയ്മെന്റ് വീസയും സൗജന്യ മെഡിക്കൽ ഇൻഷുറൻസും നിയമനം ലഭിക്കുന്നവർക്ക് ഉറപ്പു നൽകുന്നു.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ പുതുക്കിയ ബയോഡാറ്റ, പാസ്പോർട്ട് കോപ്പി, നഴ്സിങ് സർട്ടിഫിക്കറ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ സ്കാൻ ചെയ്ത് പകർപ്പുകൾ തയ്യാറാക്കി ഒഡ്പെക്കിന്റെ ഔദ്യോഗിക ഇമെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. ഇമെയിലിന്റെ സബ്ജക്ട് ലൈനിൽ "Assistant Nurse to UAE' എന്ന് കൃത്യമായി രേഖപ്പെടുത്തിയിരിക്കണം.കൂടുതൽ വിവരങ്ങൾക്കും റജിസ്ട്രേഷൻ അപ്ഡേറ്റുകൾക്കുമായി ഒഡ്പെക്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.