ഇന്ത്യയിലെ ഏറ്റവും വിലയേറിയ കാർ രജിസ്ട്രേഷൻ നമ്പർ: HR88B8888 ഹരിയാനയിൽ 1.17 കോടി രൂപയ്ക്ക് വിറ്റു.
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും ഉയർന്ന തുകയ്ക്ക് വിറ്റഴിച്ച വാഹന രജിസ്‌ട്രേഷൻ നമ്പരായി 'HR88B8888'. ഹരിയാനയിൽ ₹1.17 കോടി രൂപയ്ക്ക് വിറ്റഴിച്ചതോടെ രാജ്യത്തെ ഏറ്റവും വിലയേറിയ കാർ രജിസ്‌ട്രേഷൻ നമ്പറായി HR88B8888 ഔദ്യോഗികമായി മാറി.
വിഐപി അല്ലെങ്കിൽ ഫാൻസി നമ്പർ പ്ലേറ്റുകൾക്കായി ഹരിയാന എല്ലാ ആഴ്ചയും ഓൺലൈൻ ലേലം നടത്താറുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്കും തിങ്കളാഴ്ച രാവിലെ 9 മണിക്കും ഇടയിൽ ലേലത്തിൽ പങ്കെടുക്കാൻ അപേക്ഷിക്കാം. അതിനുശേഷം ലേല നടപടികൾ ആരംഭിക്കുകയും, ഫലം ബുധനാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് fancy.parivahan.gov.in എന്ന ഔദ്യോഗിക പോർട്ടലിൽ പ്രഖ്യാപിക്കുകയും ചെയ്യും.ഈ ആഴ്ച ലേലത്തിന് വെച്ച നമ്പറുകളിൽ 'HR88B8888' എന്ന രജിസ്‌ട്രേഷൻ നമ്പറിനാണ് ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ചത്, ആകെ 45 എണ്ണം. ₹50,000 ആയിരുന്നു അടിസ്ഥാന ലേലവില. ഓരോ മിനിറ്റിലും വില വർധിച്ച്, വൈകിട്ട് 5 മണിയോടെ അത് ₹1.17 കോടിയിൽ എത്തി. ഉച്ചയ്ക്ക് 12 മണിക്ക് ലേലവില ₹88 ലക്ഷമായിരുന്നു.
കഴിഞ്ഞയാഴ്ച 'HR22W2222' എന്ന രജിസ്‌ട്രേഷൻ നമ്പറിന് ₹37.91 ലക്ഷമാണ് ലഭിച്ചത്. HR എന്നത് ഹരിയാനയിലെ സംസ്ഥാന കോഡും, 88 എന്നത് പ്രത്യേക റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിനെയും (RTO), B എന്നത് വാഹന സീരീസ് കോഡിനെയും, 8888 എന്നത് തനതായ നാലക്ക രജിസ്‌ട്രേഷൻ നമ്പറിനെയും സൂചിപ്പിക്കുന്നു. ഇംഗ്ലീഷ് അക്ഷരമാലയിലെ വലിയ അക്ഷരത്തിലുള്ള 'B' ഒരു എട്ട് (8) പോലെ തോന്നുന്നത് കാരണം ഇത് എട്ടുകളുടെ ഒരു നിരയായി കാണപ്പെടുന്നു എന്നതാണ് ഈ നമ്പർ പ്ലേറ്റിൻ്റെ പ്രത്യേകത.
ഹരിയാനയില്‍ 2020-നും 2025-നും ഇടയിൽ, ആറോളം ഫാൻസി ഒറ്റ അക്ക നമ്പർ പ്ലേറ്റുകളാണ് ലേലം ചെയ്തത്. വാഹനത്തേക്കാൾ 30 ഇരട്ടി വിലയുള്ള നമ്പർ പ്ലേറ്റ് ലഭിച്ച സംഭവവും ഇതിലുണ്ട്. 2022 ഏപ്രിലിൽ, വെറും ₹55,585 വിലയുള്ള ഒരു ഇരുചക്ര വാഹനത്തിന് ₹15.44 ലക്ഷം രൂപയാണ് ഉടമ രജിസ്‌ട്രേഷൻ നമ്പറിനായി നൽകിയത്.
2024 ജൂണിൽ, ₹59,336 വില വരുന്ന മറ്റൊരു ഇരുചക്ര വാഹനത്തിന് ₹4.95 ലക്ഷം രൂപ ലേലത്തുകയുള്ള നമ്പർ പ്ലേറ്റ് ലഭിച്ചു. 2024 ഓഗസ്റ്റിൽ, ₹64,024 മൂല്യമുള്ള വാഹനത്തിന് ₹5.75 ലക്ഷം രൂപ വിലയുള്ള നമ്പർ ലഭിച്ചു. മൊത്തത്തിൽ, ₹1.28 ലക്ഷത്തിൽ താഴെ മാത്രം വിലയുള്ള ഒമ്പത് ഇരുചക്ര വാഹനങ്ങൾക്ക്, ₹1.70 ലക്ഷം മുതൽ ₹15.44 ലക്ഷം വരെ വിലയുള്ള ഒറ്റ അക്ക നമ്പറുകളാണ് ലേലത്തിലൂടെ ലഭിച്ചത്.
നേരത്തെ, ഈ വർഷം ഏപ്രിലിൽ, കേരളത്തിൽ നിന്നുള്ള ടെക് ശതകോടീശ്വരനായ വേണു ഗോപാലകൃഷ്ണൻ തൻ്റെ ലംബോർഗിനി ഉറൂസ് പെർഫോർമാൻ്റെയ്ക്കായി "KL 07 DG 0007" എന്ന വിഐപി ലൈസൻസ് പ്ലേറ്റ് ₹45.99 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയിരുന്നു. ജെയിംസ് ബോണ്ടിൻ്റെ ഐക്കോണിക് കോഡ് ഓർമ്മിപ്പിക്കുന്ന '0007' എന്ന നമ്പറിൻ്റെ ലേലം ₹25,000-ൽ തുടങ്ങി റെക്കോർഡ് വിലയിൽ അവസാനിക്കുകയായിരുന്നു.