കേന്ദ്രം ഉറപ്പു നൽകി : 26 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും വിദ്യാഭ്യാസ പരിഷ്കാരങ്ങൾ ആവശ്യപ്പെട്ടും നടത്തിവന്ന 26 ദിവസം നീണ്ട അനിശ്ചിതകാല നിരാഹാര സമരം സാമൂഹ്യ -പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് അവസാനിപ്പിച്ചു. കേന്ദ്ര മന്ത്രിമാരായ ജെ.പി നഡ്ഡ, ഡോ. ജിതേന്ദ്ര സിങ് എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം സമരം അവസാനിപ്പിച്ചത്. സമാധാനപരമായി പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കെതിരെ കേസെടുക്കില്ലെന്ന കേന്ദ്ര സർക്കാരിൻ്റെ ഉറപ്പിനെ തുടർന്നാണ് തീരുമാനം.ആശുപത്രിയിൽ വാങ്ചുകിനെ സന്ദർശിച്ച മന്ത്രിമാർ അദ്ദേഹത്തിന് ജ്യൂസ് നൽകി നിരാഹാരം അവസാനിപ്പിക്കാൻ സഹായിച്ചു. വാങ്ചുകിൻ്റെ ഭാര്യ ഗീതാഞ്ജലി ആങ്മോയുടെയും മറ്റ് നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഇത്.
ഡൽഹിയിലെ ജന്തർ മന്ദിറിൽ സമാധാനപരമായി പ്രതിഷേധിച്ചവർക്കെതിരെയും 2026 ജൂലൈ 20ന് പാർലമെൻ്റിലേക്ക് നടത്തിയ മാർച്ചിൽ പങ്കെടുത്തവർക്കെതിരെയും കേസെടുക്കില്ലെന്ന് കേന്ദ്ര സർക്കാർ ഉറപ്പുനൽകിയതായി ജെ.പി നഡ്ഡ വ്യക്തമാക്കി. ഇതിനുപുറമെ, ചോദ്യപ്പേപ്പർ ചോർച്ച, പരീക്ഷാ പരിഷ്കാരങ്ങൾ എന്നിവ സംബന്ധിച്ച് പാർലമെൻ്റിൽ ചർച്ച നടത്താമെന്നും അദ്ദേഹം ഉറപ്പുനൽകി. സമീപകാലത്ത് നീറ്റ് പരീക്ഷാ ക്രമക്കേടുകളെ തുടർന്ന് ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് അനുയോജ്യമായ നഷ്ടപരിഹാരം നൽകുന്ന കാര്യവും സർക്കാർ അനുഭാവപൂർവം പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി കൂടിയായ നഡ്ഡ കൂട്ടിച്ചേർത്തു.സമരം അവസാനിപ്പിച്ച വിവരം സോനം വാങ്ചുക് തൻ്റെ എക്സ് അക്കൗണ്ടിലൂടെയാണ് പുറത്തുവിട്ടത്. കേന്ദ്ര മന്ത്രിമാർക്കും ലേ ലഡാക്ക് അപെക്സ് ബോഡിയിലെ മുതിർന്ന നേതാക്കൾക്കും ഒപ്പമാണ് 26 ദിവസത്തെ നിരാഹാരം അവസാനിപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള 65 പാർലമെൻ്റ് അംഗങ്ങൾ തന്നെ സന്ദർശിക്കുകയോ സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകുകയോ ചെയ്തിരുന്നു. വിവിധ വ്യവസ്ഥകളിന്മേൽ നടത്തിയ നീണ്ട ചർച്ചകൾക്കൊടുവിലും രാജ്യത്ത് ഉണ്ടായേക്കാവുന്ന അക്രമസംഭവങ്ങൾ കണക്കിലെടുത്തുമാണ് തീരുമാനമെടുത്തത്. വ്യവസ്ഥകൾ സംബന്ധിച്ച വിശദാംശങ്ങൾ ഉടൻ തന്നെ മറ്റൊരു വീഡിയോയിലൂടെ വ്യക്തമാക്കുമെന്നും എവിടെയും ഒരു തരത്തിലുള്ള അക്രമങ്ങളും അനുവദിക്കാതിരിക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ ജൂൺ 20നാണ് പ്രക്ഷോഭം ആരംഭിച്ചത്. പരീക്ഷാ ക്രമക്കേടുകളിൽ ഉത്തരവാദിത്തം ഉറപ്പാക്കുക, വിദ്യാഭ്യാസ സമ്പ്രദായത്തിൽ പരിഷ്കാരങ്ങൾ കൊണ്ടുവരിക, വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ജൂൺ 28നാണ് വാങ്ചുക് പ്രതിഷേധത്തിൽ പങ്കുചേർന്നത്. സമാധാനപരമായി പ്രതിഷേധിക്കുന്നവർക്കെതിരെ ശിക്ഷാനടപടികൾ ഉണ്ടാകില്ലെന്ന് സർക്കാർ ഉറപ്പുനൽകുകയും പ്രധാന ആവശ്യങ്ങൾ പരിഗണിക്കുകയും ചെയ്താൽ സമരം അവസാനിപ്പിക്കുമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. ബുധനാഴ്ച ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ നിന്ന് പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ തൻ്റെ ആരോഗ്യനിലയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചിരുന്നു. 25 ദിവസത്തെ നിരാഹാരത്തെ തുടർന്ന് തനിക്ക് 11 കിലോഗ്രാം ഭാരം കുറഞ്ഞുവെന്നും പേശികൾക്ക് ക്ഷയം സംഭവിച്ചുവെന്നും എന്നാൽ താൻ ആരോഗ്യവാനാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിദ്യാർഥികൾക്കെതിരെ ബലപ്രയോഗം നടത്തില്ലെന്നും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യില്ലെന്നും ഉറപ്പുകിട്ടിയാൽ സമരം അവസാനിപ്പിക്കുമെന്നും അല്ലാത്തപക്ഷം നിരാഹാരം തുടരാൻ നിർബന്ധിതനാകുമെന്നും അദ്ദേഹം വീഡിയോയിൽ വ്യക്തമാക്കിയിരുന്നു.