ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം: ലോകസഭക്ക് പുറത്ത് എംപിമാരുടെ ഉന്തും തള്ളും

ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട്  പ്രതിഷേധം: ലോകസഭക്ക് പുറത്ത് എംപിമാരുടെ ഉന്തും തള്ളും

ന്യൂഡൽഹി: പാർലമെൻ്റ്‌ സമുച്ചയത്തിനുള്ളിൽ ഭരണകക്ഷിയായ എൻഡിഎ അംഗങ്ങളും പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' മുന്നണിയിലെ എംപിമാരും പരസ്പരം ഏറ്റുമുട്ടി വൻ പ്രതിഷേധം. പാർലമെൻ്റിലെ മകർ ദ്വാറിന് മുന്നിൽ പ്രതിപക്ഷ നേതാക്കൾ ഒത്തുകൂടി പ്രതിഷേധിച്ചതോടെയാണ് നാടകീയ രംഗങ്ങൾക്ക് തുടക്കമായത്.കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവരുൾപ്പെടെയുള്ള പ്രമുഖ പ്രതിപക്ഷ നേതാക്കൾ 'ഇന്ത്യ' സഖ്യത്തിൻ്റെ പ്രതിഷേധത്തിന് നേതൃത്വം നൽകി. നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച ഉൾപ്പെടെയുള്ള ആഭ്യന്തര വിഷയങ്ങളും വിദ്യാർഥി സമരങ്ങളും മുൻനിർത്തിയാണ് പ്രതിപക്ഷം പ്ലക്കാർഡുകളേന്തി കേന്ദ്ര സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചത്.

പ്രതിപക്ഷ സഖ്യം മകർ ദ്വാറിൽ പ്രതിഷേധം കടുപ്പിച്ചതോടെ ഭരണപക്ഷമായ എൻഡിഎയുടെ എംപിമാരും പ്രതിരോധവുമായി രംഗത്തിറങ്ങി. ഇതോടെ പാർലമെൻ്റ്‌ വളപ്പിനുള്ളിൽ ഇരുവിഭാഗവും നേർക്കുനേർ നിൽക്കുന്ന അസാധാരണ കാഴ്ചയ്ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. പ്രതിപക്ഷ എംപിമാരുടെ തൊട്ടുമുന്നിൽ നിരന്നുനിന്ന എൻഡിഎ അംഗങ്ങൾ, പ്രതിപക്ഷ പാർട്ടികളുടെ ഭരണ പരാജയങ്ങളും പാർലമെൻ്റ്‌ തടസ്സപ്പെടുത്തുന്ന നിലപാടുകളും ചൂണ്ടിക്കാട്ടി തിരികെ മുദ്രാവാക്യങ്ങൾ ഉയർത്തി. പാർലമെൻ്റ് കവാടത്തിന് മുന്നിലുണ്ടായ ഉന്തും തള്ളും സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ടാണ് ഒഴിവാക്കിയത്. വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കേരളത്തിൽ നിന്നുള്ള നേതാക്കളും രംഗത്തെത്തി.

മന്ത്രി ധർമേന്ദ്ര പ്രധാനെ പുറത്താക്കണം

ആദ്യം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്നും അതിനുശേഷം മാത്രം കുട്ടികളോട് സംസാരിക്കാൻ പ്രധാനമന്ത്രി തയാറാകണമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ വാക്കുകൾ ഇന്ന് ആരും വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തോട് എന്തെങ്കിലും പ്രതിബദ്ധതയുണ്ടെങ്കിൽ ധർമേന്ദ്ര പ്രധാനെ പ്രധാനമന്ത്രി പുറത്താക്കണമെന്ന് വി. ശിവദാസൻ എംപി ആവശ്യപ്പെട്ടു. പരീക്ഷാ നടത്തിപ്പിൽ പരാജയപ്പെട്ടവർക്കെതിരെ നരേന്ദ്ര മോദി നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) വിദ്യാർഥികളിൽനിന്ന് വലിയ തുകയാണ് പിരിച്ചെടുക്കുന്നത്. ഇതുസംബന്ധിച്ച് പാർലമെൻ്റിൽനിന്ന് തനിക്ക് കൃത്യമായ മറുപടി ലഭിച്ചതായി അദ്ദേഹം പറഞ്ഞു. 2018ൽ മാത്രം ഏകദേശം ആറ് കോടിയോളം രൂപയാണ് വിദ്യാർഥികളിൽനിന്ന് ഈടാക്കിയത്. 2019 മുതൽ 2026 വരെയുള്ള കാലയളവിൽ ഇത് 111 കോടിയിലധികം രൂപയായി വർധിച്ചു. വർഷം തോറും പിരിച്ചെടുക്കുന്ന തുക വർധിക്കുമ്പോഴും ഏജൻസിയുടെ വിശ്വാസ്യത കുറഞ്ഞുവരികയാണെന്ന് വി. ശിവദാസൻ ചൂണ്ടിക്കാട്ടി.

ചോദ്യപേപ്പർ ചോർച്ചയ്ക്ക് കാരണക്കാരായ കുറ്റവാളികൾക്കെതിരെ കേന്ദ്ര സർക്കാരും വകുപ്പ് മന്ത്രിയും ഉചിതമായ നടപടി സ്വീകരിക്കണം. 2000 മുതൽ 2022 വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ 65 ലക്ഷത്തിലധികം കുട്ടികളാണ് എൻടിഎ പരീക്ഷയ്ക്കായി അപേക്ഷിച്ചത്. ജനങ്ങൾക്ക് വേണ്ടി യാതൊരു നടപടിയും സ്വീകരിക്കാത്ത മോദി സർക്കാരിനും ധർമേന്ദ്ര പ്രധാൻ്റെ കെടുകാര്യസ്ഥതയ്ക്കുമെതിരെ പ്രതിപക്ഷ പാർട്ടികളും പാർലമെൻ്റ് അംഗങ്ങളും ഒറ്റക്കെട്ടായി പ്രതിഷേധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുദ്ധസമാനമായ സാഹചര്യം

വെറുമൊരു സന്ദേശം നൽകിയതുകൊണ്ട് മാത്രം സമരം അവസാനിക്കില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി വ്യക്തമാക്കി. ധർമേന്ദ്ര പ്രധാനെ സ്ഥാനത്തുനിന്ന് നീക്കാൻ നരേന്ദ്ര മോദിക്ക് ധൈര്യമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. നടപടിയെടുത്തില്ലെങ്കിൽ ജനങ്ങൾക്ക് മുന്നിൽ പ്രധാനമന്ത്രി ഒറ്റപ്പെടുന്ന നിലയുണ്ടാകും. ഡൽഹിയിൽ ഭൂരിഭാഗം മെട്രോ സ്റ്റേഷനുകളും പൂട്ടിയിട്ടിരിക്കുകയാണെന്നും യുദ്ധസമാനമായ സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം അറിയിച്ചു.ഇനിയും നടപടിയെടുക്കാതിരുന്നാൽ ധർമേന്ദ്ര പ്രധാൻ്റെ അതേ അവസ്ഥ നരേന്ദ്ര മോദിക്കും ഉണ്ടാകും. ജനാധിപത്യ ബോധത്തോടെ വിദ്യാർഥികളുടെയും യുവാക്കളുടെയും ആവശ്യങ്ങൾ പരിഗണിക്കാൻ കേന്ദ്ര സർക്കാർ തയാറാകണം. ഇക്കാര്യത്തിൽ ജനാധിപത്യപരമായ തീരുമാനം കൈക്കൊണ്ടില്ലെങ്കിൽ അത് മോദി ഭരണത്തിൻ്റെ അവസാനത്തിൻ്റെ തുടക്കമായി മാറുമെന്നും എം.എ ബേബി മുന്നറിയിപ്പ് നൽകി.