വധശിക്ഷ കാത്ത് ജയിലിൽ കിടക്കുന്ന പ്രതികളിൽ നാല്പതാമനായി ചെന്താമര

തിരുവനന്തപുരം: കേരളത്തിൽ വധശിക്ഷ കാത്ത് ജയിലിൽ കിടക്കുന്ന പ്രതികളിൽ നാല്പതാമനായി പാലക്കാട് നെൻമാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമര. കഴിഞ്ഞ 35 വർഷമായി കേരളത്തിൽ ആരെയും തൂക്കിലേറ്റിയിട്ടില്ല..1991ൽ കണ്ണൂരിലാണ് അവസാനമായി വധശിക്ഷ നടപ്പാക്കിയത്. നീലേശ്വരം കരിന്തളം സ്വദേശി റിപ്പർ ചന്ദ്രൻ എന്ന മുതുകുറ്റി ചന്ദ്രനെ. കണ്ണൂർ സെൻട്രൽ ജയിലിൽ വെച്ചാണ് അയാളെ തൂക്കികൊന്നത് . 1985-86 കാലഘട്ടത്തിൽ വടക്കൻ കേരളത്തെ വിറപ്പിച്ച കൊലയാളിയായിരുന്നു റിപ്പർ ചന്ദ്രൻ. രാത്രിയിൽ ആളുകളെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുന്നതായിരുന്നു ചന്ദ്രൻ്റെ രീതി. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലായി നിരപരാധികളായ 14 പേരെ കൊലപ്പെടുത്തിയ കേസുകളിലെ പ്രതിയായിരുന്നു ചന്ദ്രൻ.ഇതിൽ, ദമ്പതിമാരെ വധിച്ച കേസിലാണ് ചന്ദ്രന് വധശിക്ഷ വിധിച്ചത്. മറ്റുള്ള കേസുകളിൽ ജീവപര്യന്തമായിരുന്നു ശിക്ഷ.വധശിക്ഷയ്ക്ക് എതിരെ ചന്ദ്രൻ സുപ്രീംകോടതിയിൽ പോയെങ്കിലും, ശിക്ഷ ശരിവച്ചു. പിന്നീട് രാഷ്ട്രപതിക്ക് ദയാഹർജി നൽകിയതും തള്ളി. 1991 ജൂലൈ ആറിനായിരുന്നു ചന്ദ്രൻ്റെ വധശിക്ഷ നടപ്പാക്കിയത്. അതിനുശേഷം, കേരളത്തിൽ ആരെയും തൂക്കിലേറ്റിയിട്ടില്ല. 1974ൽ കളിയിക്കാവിള സ്വദേശി അഴകേശനെയാണ് പൂജപ്പുരയിൽ ഒടുവിൽ തൂക്കിലേറ്റിയത്. ദുർമന്ത്രവാദത്തിനായി നിരവധി പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയെന്ന കേസിലായിരുന്നു വധശിക്ഷ.
ഏറ്റവും കൂടുതൽ തിരുവനന്തപുരത്ത് .
തിരുവനന്തപുരം സെൻട്രൽ ജയിലിലാണ് വധശിക്ഷ ലഭിച്ച പ്രതികളിൽ ഏറ്റവും കൂടുതൽ പേരുള്ളത് .കഴിഞ്ഞവർഷം ജനുവരി 20നാണ് നെയ്യാറ്റിൻകര സ്വദേശിയായ ഗ്രീഷ്മയെ ആൺ സുഹൃത്ത് ഷാരോൺരാജിനെ കഷായത്തിൽ കളനാശിനി കലർത്തി നൽകി കൊലപ്പെടുത്തിയെന്ന കേസിൽ വധശിക്ഷയ്ക്കു വിധിച്ചത്. 2024ലെ രഞ്ജിത് ശ്രീനിവാസൻ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട 15 പേർ ഉൾപ്പെടെ 25 പേരാണ് ഇവിടെയുള്ളത്. കണ്ണൂർ സെൻട്രൽ ജയിലിൽ അഞ്ചുപേരും തൃശ്ശൂരിലെ വിയ്യൂർ സെൻട്രൽ ജയിലിൽ ആറുപേരും നിലവിലുണ്ട്.
പെരുമ്പാവൂർ ജിഷ കൊലക്കേസിലെ പ്രതി അമീറുൾ ഇസ്ലാം, ആലുവയിൽ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക്ക് ആലം എന്നിവർ വിയ്യൂർ സെൻട്രൽ ജയിലിലാണ്. വിയ്യൂർ അതിസുരക്ഷാ ജയിലിലും മൂന്നുപേർ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരായുണ്ട്. വധശിക്ഷ ലഭിച്ച് ജയിലുള്ളത് മൂന്ന് സ്ത്രീകളാണ്. 2022ലെ വിഴിഞ്ഞം ശാന്തകുമാരി വധക്കേസിൽ കോവളം സ്വദേശി റഫീഖ ബീവിയ്ക്കും മകനും വധശിക്ഷ വിധിച്ച അഡീഷണൽ സെഷൻസ് ജഡ്ജ് എഎം ബഷീറാണ് കഴിഞ്ഞവർഷം ഗ്രീഷ്മയ്ക്കും തൂക്കുകയർ വിധിച്ചത്.ചെങ്ങന്നൂരിലെ ഇരട്ടക്കൊലപാതക കേസിൽ ശിക്ഷിച്ച ബംഗ്ലാദേശി പൗരൻ ലബലു ഹസൻ, ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിലെ പ്രതി നിനോ മാത്യു, അസം സ്വദേശി പ്രദീബ് ബോറ, ഒരുമനയൂർ കൂട്ടക്കൊലക്കേസ് പ്രതി റെജികുമാർ, മാവേലിക്കര സ്മിത വധക്കേസ് പ്രതി വിശ്വരാജൻ, കോളിയൂർ കൊലക്കേസ് പ്രതി അനിൽകുമാർ എന്നിവരും വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്നവരാണ്. മുൻ പൊലീസ് ഉദ്യോഗസ്ഥരും വധശിക്ഷ ലഭിച്ചവരുടെ കൂട്ടത്തിലുണ്ട്. പോലീസുകാർ പ്രതിയായ ഫോർട്ട് പോലീസ് സ്റ്റേഷൻ ഉരുട്ടി കൊലക്കേസിലാണ് എഎസ്‌ഐ ജിതകുമാർ ശിക്ഷിക്കപ്പെട്ടത്. ഇതേകേസിൽ വധശിക്ഷ ലഭിച്ച സിപിഒ ശ്രീകുമാർ ജയിൽ വാസത്തിനിടെ കാൻസർ ബാധിച്ച് മരിച്ചു.
കേരളത്തിൽ ഇതുവരെ തൂക്കിലേറ്റിയത് 26 പേരെ
കേരളത്തിൽ ഇതുവരെ 26 പേരെ തൂക്കിലേറ്റിയിട്ടുണ്ടെന്നാണ് കണക്കുകൾ. ആദ്യ വധശിക്ഷ 1958ലായിരുന്നു. അവസാനത്തേത് 1991ലും. കണ്ണൂർ സെൻട്രൽ ജയിലിലും തിരുവനന്തപുരം പൂജപ്പൂര സെൻട്രൽ ജയിലിലുമാണ് കഴുമരങ്ങൾ ഉള്ളത്. ഏറ്റവും കൂടുതൽ പേരെ തൂക്കിലേറ്റിയതിൻ്റെ റെക്കോർഡ് കണ്ണൂർ സെൻട്രൽ ജയിലിനാണ്. സംസ്ഥാന രൂപീകരണത്തിനുശേഷം, 1958ലാണ് ആദ്യ വധശിക്ഷ നടപ്പാക്കിയത്. 1960 - 1963 കാലഘട്ടങ്ങളിൽ അഞ്ചുപേരെ തൂക്കിലേറ്റിയതായി രേഖകളുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം സംസ്ഥാനത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. 1967- 1972 കാലഘട്ടങ്ങളിലായി മൂന്ന് വധശിക്ഷയും നടപ്പാക്കിയിട്ടുണ്ട്.
കേരളത്തിൽ വധശിക്ഷ കാത്ത് കഴിയുന്നത് :
പൂജപ്പുര സെൻട്രൽ ജയിൽ: 25 പേർ,വിയ്യൂർ സെൻട്രൽ ജയിൽ: 6 പേർ,കണ്ണൂർ സെൻട്രൽ ജയിൽ: 5 പേർ,വിയ്യൂർ അതീവ സുരക്ഷാ ജയിൽ: 3 പേർ
ശിക്ഷ നടപ്പാക്കുന്നത് അപൂർവമായി:
സമൂഹമനസാക്ഷിയെ ഞെട്ടിച്ച അപൂർവങ്ങളിൽ അപൂർവമായ കുറ്റകൃത്യങ്ങളിലാണ് നീതിന്യായപീഠം പ്രതിക്ക് തൂക്കുകയർ വിധിക്കുന്നത്. പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് തെളിവുകളിലൂടെ ബോധ്യമാകുന്ന ഘട്ടത്തിലാണ് വധശിക്ഷ നൽകുക. മിക്ക കേസുകളിലും മേൽകോടതി വധശിക്ഷ ഇളവ് ചെയ്യും. അല്ലെങ്കിൽ രാഷ്ട്രപതിക്ക് ദയാഹർജി നൽകി വധശിക്ഷ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാനും സാധിക്കും.പ്രതികളെ കോടതികൾ വധശിക്ഷയ്ക്ക് വിധിക്കുമ്പോഴും ശിക്ഷ നടപ്പാക്കുന്നത് അപൂർവമാണ്. നിർഭയ കേസിൽ 2020ൽ നാലുപേരുടെ ശിക്ഷ നടപ്പാക്കിയതാണ് രാജ്യത്ത് ഏറ്റവും ഒടുവിൽ നടപ്പാക്കിയ പ്രമാദമായ വധശിക്ഷ.
പരോളും ജാമ്യവുമില്ലാത്ത ശിക്ഷാ കാലാവധി
വധശിക്ഷയ്ക്കു വിധിക്കപ്പെട്ടാൽ പരോളിന് അർഹതയുണ്ടാകില്ല. ജാമ്യത്തിനും സാധ്യത കുറവാണ്. അടിയന്തര ചികിത്സ വേണ്ട സാഹചര്യത്തിൽ മാത്രമാണ് വധശിക്ഷ ലഭിച്ചവർക്ക് ജാമ്യം കിട്ടുക. നിലവിലെ സാഹചര്യത്തിൽ ആറുവർഷം കഴിയാതെ ഹൈക്കോടതി അപ്പീൽ പരിഗണിക്കാനിടയില്ല. ജയിലിലെ മറ്റു സ്ഥിരം തടവുകാരെപ്പോലെയാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെയും പരിഗണിക്കുക. തടവുകാരുടെ സ്ഥിരംവസ്ത്രവും തിരിച്ചറിയിൽ നമ്പരും നൽകും. ജോലിയും ഉണ്ടാകും. അപ്പീലുകളെല്ലാം തള്ളി, വധശിക്ഷ ഉറപ്പായാൽ മാത്രമേ പ്രത്യേക സെല്ലിലേക്കു മാറ്റാറുള്ളു. ഇങ്ങനെ മാറ്റിയിട്ടുള്ള പ്രതികളാരും കേരളത്തിലെ ജയിലുകളിലില്ല.
അന്തിമവിധി സുപ്രീംകോടതിയുടേത്
വധശിക്ഷ നിയന്ത്രിക്കാൻ വേണ്ടി 'അപൂർവങ്ങളിൽ അപൂർവം' എന്ന നിയമതത്ത്വം സുപ്രീംകോടതി പുറപ്പെടുവിച്ചിരുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസുകൾ നിർണയിക്കുന്നതെങ്ങനെയെന്ന നിർവചനവും കോടതി നൽകിയിട്ടുണ്ട്. കൊലപാതകം നടത്തിയ രീതി, കൊലപാതകിയുടെ ലക്ഷ്യം, കുറ്റകൃത്യത്തിൻ്റെ ഭീകരതയും സമൂഹവിരുദ്ധ സ്വഭാവവും, കുറ്റകൃത്യത്തിൻ്റെ വ്യാപ്തി, കൊലപാതകിയുടെ സ്വഭാവസവിശേഷതകൾ എന്നീ അഞ്ചു ഘടകങ്ങൾ പരിഗണിച്ചുവേണം വധശിക്ഷ പുറപ്പെടുവിക്കാനെന്നാണ് സുപ്രീംകോടതിയുടെ വിധി. എന്നാൽ, കീഴ്‌ക്കോടതികൾ വ്യാപകമായി വിധി പുറപ്പെടുവിക്കുമെങ്കിലും കേസുകളുടെ സൂക്ഷ്മപരിശോധനയിൽ സുപ്രീംകോടതി പലപ്പോഴും വധശിക്ഷ ശരിവക്കാറില്ല. അപ്പീൽ പരിഗണിച്ച് വധശിക്ഷ ജീവപര്യന്തമായി കുറക്കാറാണ് പതിവ്.
വിധി നടപ്പിലാകാൻ വൈതരണികൾ നിരവധി ഉള്ളതുകൊണ്ടുതന്നെ ശിക്ഷകൾ നടപ്പിലാക്കാൻ കഴിയാതെ ഇത്തരം കൊടുംക്രിമിനലുകളെ ജനങ്ങളുടെ നികുതിപ്പണം കൊണ്ട് തീറ്റിപ്പോറ്റേണ്ട ഗതികേടാണ് രാജ്യത്തെ എല്ലാ സർക്കാറുകൾക്കും ഉണ്ടാകുന്നത്. നമ്മുടെ നീതിന്യായ സംവിധാനങ്ങളുടെ ന്യുനതയും അതുതന്നെയാണ്.