സിജെപി പ്രക്ഷോഭം: പെല്ലറ്റ് ഗണ്ണിൽ നിന്ന് 7 റൗണ്ട് വെടിയുതിർത്തു

സിജെപി പ്രക്ഷോഭം: പെല്ലറ്റ് ഗണ്ണിൽ നിന്ന് 7 റൗണ്ട് വെടിയുതിർത്തു

ന്യൂഡൽഹി: ജൂലൈ 20-ന് പാർലമെന്റിലേക്ക് നടന്ന പ്രതിഷേധ മാർച്ചിനിടെ ഡൽഹി കൊണാട്ട് പ്ലേസിൽ വെച്ച് റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് ഉദ്യോഗസ്ഥൻ പെല്ലറ്റ് തോക്കിൽ നിന്ന് 7 റൗണ്ട് വെടിയുതിർത്തതായി സി.ആർ.പി.എഫ് അന്വേഷണത്തിൽ കണ്ടെത്തി. ഇതിൽ 5 റൗണ്ട് വെടിയുണ്ടകൾ പ്രതിഷേധക്കാരുടെ ശരീരത്തിൽ പതിച്ചപ്പോൾ രണ്ടെണ്ണം തറയിലാണ് തട്ടിയത്. സംഭവം വിവാദമായതിനെ തുടർന്ന് സി.ആർ.പി.എഫ് നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് ഈ നിർണ്ണായക വിവരങ്ങൾ പുറത്തുവന്നത്.അതേസമയം, ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ഉദ്യോഗസ്ഥൻ സ്വീകരിച്ച മാർഗ്ഗം സേനയുടെ നിശ്ചിത മാനദണ്ഡങ്ങൾക്കും പരിശീലനത്തിനും നിരക്കാത്തതായിരുന്നുവെന്ന് ആർ എ എഫ് ഇൻസ്‌പെക്ടർ ജനറൽ സീമ ദുന്ധിയ വിലയിരുത്തി. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന അവലോകന യോഗത്തിൽ, ഭാവിയിൽ ഇത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ലാത്തിച്ചാർജ്ജ്, കണ്ണീർവാതകം തുടങ്ങിയ ഘട്ടംഘട്ടമായുള്ള മറ്റു നിയന്ത്രണ മാർഗ്ഗങ്ങൾ ആദ്യം സ്വീകരിക്കണമെന്നും, മുന്നറിയിപ്പ് നൽകിയ ശേഷം മാത്രമേ ശക്തി പ്രയോഗിക്കാവൂ എന്നും കമ്പനി കമാൻഡർമാർക്ക് കർശന നിർദ്ദേശം നൽകി. സംഭവം സംബന്ധിച്ച് കൃത്യമായ പോസ്റ്റ്-ഇവന്റ് വിലയിരുത്തൽ നടത്തുമെന്നും, അതിനുശേഷമേ സേനാ ആസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാട് വ്യക്തമാക്കൂ എന്നും സി.ആർ.പി.എഫ് ഡയറക്ടർ ജനറൽ ജ്ഞാനേന്ദ്ര പ്രതാപ് സിംഗ് അറിയിച്ചു.

പൊലീസ് നടപടിയിൽ വീഴ്ചയെന്ന് ആർഎഎഫ് വിലയിരുത്തൽ

സിജെപി പാർലമെന്റ് മാർച്ചിനെ നേരിട്ടതിൽ ദ്രുത കർമ്മ സേനയായ ആർഎഎഫിന് ഗുരുതര വീഴ്ച സംഭവിച്ചതായി കഴിഞ്ഞദിവസം നടന്ന ആഭ്യന്തര അവലോകനത്തിൽ കണ്ടെത്തി . വിദ്യാർഥി പ്രതിഷേധക്കാർക്കെതിരെ പെല്ലറ്റ് ഗണ്ണോ ഇലക്ട്രിക് ഷോക്കോ പ്രയോഗിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നാണ് ആർഎഎഫ് വിലയിരുത്തൽ . ഇതിന്റെ പശ്ചാത്തലത്തിൽ ഇനി ഒരു നിർദേശം ഉണ്ടാകുന്നത് വരെ പെല്ലറ്റ് ഗൺ അടക്കമുള്ള ചില നിയന്ത്രണ ഉപകരണങ്ങളുടെ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി. സമരത്തെ നേരിടാൻ വിന്യസിച്ച സേനാംഗങ്ങൾക്ക് മതിയായ നിർദേശങ്ങൾ നൽകുന്നതിലും വീഴ്ച സംഭവിച്ചതായി റിപ്പോർട്ടിൽ പറയുന്നു. പ്രതിഷേധ നിയന്ത്രണത്തിനിടെ ചില ഉദ്യോഗസ്ഥർ സ്വയം സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും ആർഎഎഫ് കണ്ടെത്തി. സമരക്കാരെ നേരിടുമ്പോൾ ആവശ്യമായ സുരക്ഷാ സംവിധാനങ്ങളില്ലാതെ പ്രവർത്തിച്ച സേനാംഗങ്ങളുടെ ദൃശ്യങ്ങളും സി ആർ പി എഫ് പരിശോധിച്ചു.

ആർഎഎഫ് ഇൻസ്പെക്ടർ ജനറലിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് നടപടികൾ വിലയിരുത്തിയത്. പെല്ലറ്റ് ഗൺ, ഇലക്ട്രിക് ഷീൽഡ്, ആന്റി റയറ്റ് ഗൺ തുടങ്ങിയ ഉപകരണങ്ങളുടെ ഉപയോഗത്തിൽ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്താൻ യോഗത്തിൽ തീരുമാനമായി. ദ്രുത കർമ്മ സേനയുടെ പ്രവർത്തനരീതിയിൽ സമഗ്രമായ പ്രൊഫഷണൽ വിലയിരുത്തൽ നടത്തുമെന്നും സി ആർ പി എഫ് ഡയറക്ടർ ജനറൽ ഗ്യാനേന്ദ്ര പ്രതാപ് സിങ് അറിയിച്ചു.

സിജെപിയുടെ പാർലമെന്റ് മാർച്ചിനിടെ പൊലീസ് നടപടിയിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. പെല്ലറ്റ് ആക്രമണത്തിൽ ഒരു മാധ്യമപ്രവർത്തകൻ ഉൾപ്പെടെ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതേസമയം, സംഘർഷത്തിനിടെ പരിക്കേറ്റ ആർഎംഎൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ സേനയുടെ ഇടപെടൽ രീതിയെക്കുറിച്ച് ഉയർന്ന വിമർശനങ്ങൾക്കിടെയാണ് ആർഎഎഫിന്റെ ആഭ്യന്തര പരിശോധനാ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.