പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിൽ ധർമ്മേന്ദ്ര പ്രധാനെ പാർലമെൻ്റിൽ ആദരിച്ചു: ഇരുസഭകളും 12 മണി വരെ പിരിഞ്ഞു

പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിൽ  ധർമ്മേന്ദ്ര പ്രധാനെ  പാർലമെൻ്റിൽ ആദരിച്ചു: ഇരുസഭകളും 12 മണി വരെ പിരിഞ്ഞു

ന്യൂഡൽഹി: ജന്തർ മന്തറിൽ വിദ്യാർത്ഥി പ്രക്ഷോഭകർക്ക് നേരെ പൊലീസ് നടത്തിയ ബലപ്രയോഗത്തിൽ പ്രതിപക്ഷ പ്രതിഷേധം കനത്തതോടെ പാർലമെന്റിന്റെ ഇരുസഭകളും നിർത്തിവെച്ചു. സഭ ചേർന്നയുടൻ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയതിനെ തുടർന്ന് ലോക്‌സഭയും രാജ്യസഭയും ഉച്ചയ്ക്ക് 12 മണി വരെ നിർത്തിവെക്കുകയായിരുന്നു.ജൂലൈ 20-ന് ജന്തർ മന്തറിൽ വിദ്യാർത്ഥികൾക്ക് നേരെ പെല്ലറ്റ് തോക്കുകളും അമിത ബലപ്രയോഗവും നടത്തിയ സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയണമെന്നും ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷം സഭ തടസ്സപ്പെടുത്തിയത്. അതേസമയം, രാജിവെച്ച മുൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ ബി.ജെ.പി എം.പിമാർ സഭയിൽ ആദരിച്ചതും പ്രതിപക്ഷ ബഹളത്തിന് വഴിവെച്ചു.

വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുക്കാൻ പാടില്ലെന്നും എന്നാൽ പ്രക്ഷോഭത്തിന് പിന്നിലെ സാമൂഹിക വിരുദ്ധർക്കെതിരെ നടപടി അത്യാവശ്യമാണെന്നും ബി.ജെ.പി എം.പി ലഹർ സിംഗ് സിറോയ പ്രതികരിച്ചു. അതേസമയം, ചോദ്യപേപ്പർ ചോർച്ച തടയാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് കടുത്ത നടപടികൾ വരുന്നുണ്ടെന്നും ബില്ലുകൾ നടപ്പിലാക്കുന്നതിൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.