സി ജെ പി പ്രതിഷേധം:പൊലീസ് നടപടിയില്‍ വിമര്‍ശനവുമായി പ്രമുഖർ

സി ജെ പി പ്രതിഷേധം:പൊലീസ് നടപടിയില്‍ വിമര്‍ശനവുമായി പ്രമുഖർ

നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) നടത്തുന്ന പ്രതിഷേധങ്ങൾക്ക് എതിരായ പൊലീസ് നടപടിയില്‍ വിമര്‍ശനവുമായി നടന്‍ ടൊവിനോ തോമസ്. സമാധാനപരമയാ നടക്കുന്ന വിദ്യാര്‍ഥി സമരത്തെ ഇങ്ങനെയാണോ നേരിടേണ്ടതെന്നും ടൊവിനോ തോമസ് ചോദിച്ചു.ഭാവിതലമുറ സംസാരിക്കുമ്പോള്‍ അതിനെ അടിച്ചമര്‍ത്തുന്ന പക്ഷം ഭാവി തന്നെയാണ് ചവിട്ടി താഴ്‌ത്തപ്പെടുന്നതെന്നും ടൊവിനോ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ടൊവിനോ തോമസിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ രൂപം

"ശരിയും തെറ്റും ആപേക്ഷികമായിരിക്കാം, പക്ഷേ സമാധാനപരമായ പ്രതിഷേധത്തെ കൈകാര്യം ചെയ്യാനുള്ള വഴി ഇതല്ല. ഒരു രാജ്യത്തിന്‍റെ ഭാവി തലമുറ സംസാരിക്കുമ്പോൾ, അവരുടെ ശബ്ദങ്ങൾ അടിച്ചമർത്തപ്പെടുന്ന സാഹചര്യം നേരിടപ്പെടുമ്പോൾ, അവിടെ അടിച്ചമർത്തപ്പെടുന്നത് ഭാവി തന്നെയാണ്. ജനാധിപത്യത്തിലുള്ള വിശ്വാസമാണ് ചോർന്നൊലിക്കുന്നത്.ഈ വിദ്യാർത്ഥികൾ എന്ത് തെറ്റ് ചെയ്‌തു? അവർ സ്വത്ത് നശിപ്പിച്ചോ? അവർ അക്രമിച്ചോ? ഈ പരിചരണത്തിന് അർഹരാവാന്‍ അവർ എന്താണ് ചെയ്‌തതത്?നമ്മുടെ രാജ്യത്തിന്‍റെ ഏത് ഭാഗത്തും, ന്യായമായ ഒരു ലക്ഷ്യത്തിനായി, സമാധാനപരമായി പ്രതിഷേധിക്കുന്ന ഓരോ വ്യക്തിക്കും, ഞാൻ എന്‍റെ പൂർണ്ണഹൃദയത്തോടെയുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന് ഭീഷണിയല്ല; വാസ്തവത്തിൽ അത് അതിന്‍റെ അടിത്തറകളിൽ ഒന്നാണ്.എന്‍റെ ദേശീയബോധത്തെ ചോദ്യം ചെയ്യാൻ പോകുന്ന ഏതൊരാൾക്കും, നിങ്ങളെക്കാൾ നന്നായി എനിക്ക് എന്നെത്തന്നെ അറിയാം. ഇത് രാഷ്ട്രീയത്തിനും മതത്തിനും മറ്റ് എല്ലാത്തരം വിഭജനങ്ങൾക്കും അപ്പുറമാണ്.എന്‍റെ രാഷ്ട്രീയം മനുഷ്യത്വമാണ്. എന്‍റെ വിശ്വാസം സമാധാനമാണ്. ജയ് ഹിന്ദ് ", ടൊവിനോ തോമസ് കുറിച്ചു.

"മഹത്തായ നേതാക്കളും പരിഷ്കരണ വാദികളും നിശബ്ദതയില്‍ പ്രതിഷേധിച്ച നാടാണിത്" : രേവതി

നടി രേവതിയും ശക്തമായ പ്രതിഷേധമാണ് അറിയിച്ചത്.  ഡല്‍ഹിയില്‍ നടന്ന സന്‍സദ് ചലോ മാര്‍ച്ചിനിടെ പ്രതിഷേധക്കാര്‍ക്കെതിരായ പൊലീസ് നടപടിയില്‍ ആശങ്ക പ്രകടിപ്പിച്ച് നടി രേവതി."മുതിര്‍ന്നവരുടെ ഉത്തരവുകള്‍ പ്രകാരം സംരക്ഷകര്‍ അക്രമം അഴിച്ചുവിടുന്നത്. നമ്മുടെ സ്വതന്ത്ര്യസമരകാലത്തെ ബ്രിട്ടീഷ് ആക്രമത്തെയാണ് ഓര്‍മിപ്പിക്കുന്നത്", രേവതി കുറിച്ചു.സോനം വാങ്ചുക്കിന്‍റെ പ്രതിഷേധത്തെ കുറിച്ചും കോക്രോച്ച് ജനതാ പാര്‍ട്ടിയെ കുറിച്ചും പ്രതിഷേധക്കാര്‍ക്കുമെതിരെ പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തിയെ ലാത്തിച്ചാര്‍ജിനുമെതിരെ രണ്ടു പോസ്റ്റുകളാണ് രേവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.സമരം അവസാനിപ്പിക്കാന്‍ നേതാക്കളോട് അവരുമായി കൂടിക്കാഴ്ച നടത്താന്‍ രേവതിയുടെ പോസ്റ്റില്‍ പറയുന്നുണ്ട്. മഹത്തായ നേതാക്കളും പരിഷ്കരണ വാദികളും നിശബ്ദതയില്‍ പ്രതിഷേധിച്ച നാടാണിത്. നിശബ്ദത എപ്പോഴും വലിയ ശബ്ദങ്ങള്‍ മുഴക്കിയിട്ടുള്ളതാണ്. വിദ്യാഭ്യാസ സമ്പ്രദായത്തിൽ ആവശ്യമായ മാറ്റത്തിനായി ഇന്ത്യൻ സർക്കാർ ഉണരേണ്ട സമയമാണിത്… സോനം വാങ്ചുക്കും നമ്മുടെ രാജ്യത്തിന്‍റെ ഭാവിയായ എല്ലാ വിദ്യാർത്ഥികളും

."സ്വാതന്ത്ര്യസമരകാലത്ത് പൊതുജനങ്ങൾക്കെതിരെ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ നടത്തിയ അക്രമത്തെ ഇത് എങ്ങനെ ഓർമ്മിപ്പിക്കുന്നുവെന്ന് രേവതി പറഞ്ഞു. "ഉദ്യോഗസ്ഥർ ബ്രിട്ടീഷുകാരായിരുന്നു, പക്ഷേ സൈനികർ ഇന്ത്യക്കാരായിരുന്നു... അവർ അനുസരിക്കണമായിരുന്നു, അല്ലെങ്കിൽ അവർ ശിക്ഷിക്കപ്പെടുമായിരുന്നു! ഇന്ന് നമ്മൾ ഒരു ആവർത്തനം കാണുന്നു, പക്ഷേ വ്യത്യാസം നിലത്തിരിക്കുന്ന പോലീസുകാരും അവരുടെ മുതിർന്ന ഉദ്യോഗസ്ഥരും ഇന്ത്യക്കാരാണ്!", രേവതി കുറിച്ചു.

"പൗരന്മാരോട് ഒരു ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയാ?": വിസ്മയ മോഹൻലാൽ 

"ടിയർ ഗ്യാസ്, ലാത്തിച്ചാർജ്, വിദ്യാർത്ഥികൾക്ക് പരിക്ക്, റോഡുകൾ ഉപരോധിച്ചു, മെട്രോ സ്റ്റേഷനുകൾ അടച്ചു, നഗരത്തിലുടനീളം കനത്ത ബാരിക്കേഡുകൾ, ഇന്‍റര്‍നെറ്റ് സേവനങ്ങൾ റദ്ദാക്കി. നിങ്ങൾ പ്രക്ഷോഭകരോട് യോജിക്കേണ്ടതില്ല. അവരുടെ ആവശ്യങ്ങളെ പിന്തുണയ്‌ക്കേണ്ടതുമില്ല. ഇതിൽ ഉൾപ്പെട്ടിരിക്കുന്ന സംഘടനകളെ ഇഷ്ടപ്പെടണമെന്നുപോലും ഇല്ല. പക്ഷേ, പൗരന്മാർ ശബ്ദമുയർത്തുമ്പോൾ അതിനുള്ള മറുപടി ചർച്ചകൾക്ക് പകരം അതിശക്തമായ അടിച്ചമർത്തലാണെങ്കിൽ, നമ്മൾ ഏതുതരം ജനാധിപത്യത്തിലേക്കാണ് പോകുന്നതെന്ന് ഓരോരുത്തരും ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം നാളെ, കേൾക്കപ്പെടേണ്ടത് നിങ്ങളുടെ ശബ്ദമായിരിക്കാം. നിങ്ങളുടെ നഗരത്തിലോ, അയൽപക്കത്തോ, സ്വന്തം കുടുംബത്തിലോ ആകാം ഇത് സംഭവിക്കുന്നത്. എന്‍റെ ചോദ്യം വളരെ ലളിതമാണ്. സ്വന്തം പൗരന്മാരോട് ഒരു ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയാണെന്ന് നിങ്ങൾ യഥാർത്ഥത്തിൽ വിശ്വസിക്കുന്നുണ്ടോ?’ വിസ്മയ മോഹൻലാൽ കുറിച്ചു.

നമ്മുടെ ജനാധിപത്യം നമ്മളിൽ നിന്ന് കവർന്നെടുക്കപ്പെടുകയാണ്":പാര്‍വതി തിരുവോത്ത്

ജന്തർ മന്തറിൽ നിന്ന് അതിദാരുണമായ ദൃശ്യങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് നടി പാര്‍വതി തിരുവോത്ത് പിന്തുണ പ്രഖ്യാപിച്ചത്. "സമാധാനപരമായി പ്രതിഷേധിക്കുന്നവർക്ക് നേരെ പൊലീസിന്‍റെ ക്രൂരമായ ആക്രമണവും ഷെല്ലാക്രമണവും ഉണ്ടാകുന്നു. ന്യായമായും  നമുക്ക് അർഹതപ്പെട്ടതിന് വേണ്ടി ശബ്ദമുയർത്തുന്ന നിഷ്കളങ്കരായ മനുഷ്യരാണവർ. നമ്മുടെ ജനാധിപത്യം നമ്മളിൽ നിന്ന് കവർന്നെടുക്കപ്പെടുകയാണ്. ഇന്ത്യയെന്ന ജനാധിപത്യ രാജ്യം കടുത്ത ഭീഷണിയിലാണെന്ന കാര്യം നാം എപ്പോഴും ഓർക്കണം. ജനങ്ങൾ തെരഞ്ഞെടുത്ത ജനപ്രതിനിധികൾ പരാജയപ്പെടുമ്പോൾ, അവർ ചെയ്യേണ്ട ഏറ്റവും കുറഞ്ഞ കാര്യം ആ പരാജയം അംഗീകരിക്കുകയും ശരിയായ കാര്യങ്ങൾ ചെയ്യുകയുമാണ്. ചർച്ചകൾ വേണമെന്ന് ആവശ്യപ്പെട്ടാണ് അവർ തുടങ്ങിയത്, മുൻപ് അത് നിഷേധിച്ചതുകൊണ്ടാണ് ഇന്ന് പ്രതിഷേധങ്ങളിലേക്ക് എത്തേണ്ടി വന്നത്", പാര്‍വതി തിരുവോത്ത് കുറിച്ചു.

അവതാരികയായ രഞ്ജിനി ഹരിദാസ്, ദിയ സന എന്നിവര്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദില്ലിയില്‍ എത്തിയിരുന്നു. വിദ്യാഭ്യാസം മനുഷ്യനെ സംബന്ധിച്ച് പ്രധാന വിഷയമാണെന്നും അതിലെ പ്രശ്‌നങ്ങള്‍ ഉയർത്തിയുള്ള സമരമായതിനാലാണ് സിജെപിയുടെ പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നതെന്നും രഞ്ജിനി ഹരിദാസ് പ്രതികരിച്ചു.ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്കിനെ സമര വേദിയിൽ നിന്ന് കൊണ്ടുപോയത് കണ്ട് സഹിച്ചില്ല. രാജ്യത്തിന് വേണ്ടി നല്ലൊരു കാര്യം ചെയ്യുന്നയാളെ ഏറെ അനാദരവോടെയാണ് കൊണ്ടുപോയത്. യൂണിഫോം പോലും ഇടാത്ത ആളുകൾ വെള്ളത്തുണിയിൽ മൃതദേഹം കൊണ്ടു പോകും പോലയാണ് എടുത്തു കൊണ്ടുപോയതെന്നും രഞ്ജിനി പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം പ്രമുഖ നടന്‍ പ്രകാശ് രാജും സി ജെ പിക്ക് പിന്തുണ അറിയിച്ച് ഡല്‍ഹിയില്‍ എത്തിയിരുന്നു. രാത്രി മുഴുവന്‍ പ്രതിഷേധക്കാര്‍ക്കൊപ്പം ജന്തര്‍ മന്ദറില്‍ അദ്ദേഹം ചെലവഴിക്കുകയും ചെയ്‌തു.നടി ഷബാന ആസ്‌മി പ്രതിഷേധക്കാര്‍ക്കൊപ്പം തെരുവിലേക്കിറങ്ങിയിരുന്നു. ദിൽജിത് ദോസഞ്ജ് വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു.