ഡെങ്കിപ്പനിയ്‌ക്കെതിരായ രാജ്യത്തെ ആദ്യ വാക്‌സിന് അംഗീകാരം

ഡെങ്കിപ്പനിയ്‌ക്കെതിരായ രാജ്യത്തെ ആദ്യ വാക്‌സിന് അംഗീകാരം

ന്യുഡൽഹി: ഡെങ്കിപ്പനിയ്‌ക്കെതിരായ രാജ്യത്തെ ആദ്യ വാക്‌സിന് ഡ്രഗ് റഗുലേറ്റര്‍ അംഗീകാരം നല്‍കി. ജപ്പാനിലെ പ്രമുഖ ഫാർമസ്യൂട്ടിക്കല്‍ കമ്പനിയായ തകേദ വികസിപ്പിച്ചെടുത്ത 'QDENGA' എന്ന വാക്സിനാണ് സെൻട്രല്‍ ഡ്രഗ്സ് സ്റ്റാൻഡേർഡ് കണ്‍ട്രോള്‍ ഓർഗനൈസേഷൻ അംഗീകാരം നല്‍കിയത്.ഇന്ത്യയില്‍ ഡെങ്കി കേസുകള്‍ തുടർച്ചയായി വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യയില്‍ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഡെങ്കി ബാധകളില്‍ 11 മടങ്ങ് വർധനവുണ്ടായിട്ടുണ്ടെന്നാണ് തകേദയുടെ റിപ്പോര്‍ട്ട്. ഡെങ്കി വൈറസിന്റെ നാല് തരം വകഭേദങ്ങള്‍ക്കെതിരെയും സംരക്ഷണം നല്‍കാൻ കഴിയുന്ന വാക്‌സിനാണിത്.

ഏതൊരാള്‍ക്കും ഈ വാക്സിൻ സ്വീകരിക്കാമെന്നതാണ് പ്രത്യേകത. ഇതിന് പ്രീ-വാക്സിനേഷൻ ഡെങ്കി പരിശോധന ആവശ്യമില്ല. വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തില്‍ 4 വയസു മുതല്‍ 60 വയസു വരെയുള്ളവർക്ക് ഈ വാക്സിൻ നല്‍കാൻ ഡ്രഗ്സ് കണ്‍ട്രോളർ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയിട്ടുണ്ട്. ഈ വാക്സിൻ മൂന്ന് മാസത്തെ ഇടവേളയില്‍ രണ്ട് ഡോസുകളായാണ് നല്‍കുന്നത്.ഉല്‍പ്പാദനം വിപുലീകരിക്കുന്നതിനായി തകേദ ഫാർമസ്യൂട്ടിക്കല്‍സ്, ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബയോളജിക്കല്‍ ഇ എന്ന വാക്സിൻ നിർമ്മാതാക്കളുമായി 2024-ല്‍ കരാറിലേർപ്പെട്ടിരുന്നു. ഈ കരാർ പ്രകാരം ഇന്ത്യയില്‍ പ്രതിവർഷം 5 കോടി ഡോസുകള്‍ നിർമ്മിക്കാനാണ് ബയോളജിക്കല്‍ ഇ ലക്ഷ്യമിടുന്നത്.

വാക്‌സിന്റെ ഫലപ്രാപ്തി 

ദീർഘകാല ക്ലിനിക്കല്‍ പഠനങ്ങളില്‍ വളരെ മികച്ച ഫലങ്ങളാണ് കണ്ടത്തിയിട്ടുള്ളത്. മിതമായ രീതിയിലുള്ള ഡെങ്കിപ്പനി ഉണ്ടാകാനുള്ള സാധ്യത 61% മുതല്‍ 80% വരെ കുറയ്ക്കുന്നുവെന്ന് പഠനത്തില്‍ കണ്ടെത്തി. രണ്ട് ഡോസ് വാക്സിനും പൂർത്തിയാക്കുന്നതിലൂടെ രോഗ സാധ്യത 84% മുതല്‍ 90% വരെ കുറയ്ക്കുന്നതായും കണ്ടെത്തി. എട്ട് രാജ്യങ്ങളിലെ 20,000-ത്തിലധികം പേരിലാണ് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തിയത്.ഒരു വാക്സിനും 100% പ്രതിരോധം ഉറപ്പുനല്‍കുന്നില്ലെങ്കിലും, ഈ വാക്സിൻ രോഗതീവ്രത കുറയ്ക്കാനും ആശുപത്രിവാസവും മരണങ്ങളും ഒഴിവാക്കാനും വലിയ രീതിയില്‍ സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്.

വില അൽപ്പം കൂടുതലാണ് 

ഒരു ഡോസിന് ഏകദേശം 6,000 രൂപയ്ക്കും 12,000 രൂപയ്ക്കും ഇടയിലായിരിക്കും വിലയെന്നാണ് കണക്കാക്കുന്നത്. വരും വർഷങ്ങളില്‍ പ്രാദേശികമായി ഉല്‍പ്പാദനം വർധിക്കുന്നതോടെ വാക്സിന്റെ വില കുറയുമെന്നാണ് പ്രതീക്ഷ. തദ്ദേശീയമായി വൻതോതില്‍ വാക്സിൻ ഉല്‍പ്പാദിപ്പിക്കുന്നത് വാക്സിൻ ലഭ്യതയും കൂട്ടും.ഈ വാക്‌സിന് അംഗീകാരം നല്‍കിയത് വലിയ നാഴികക്കല്ലാണെങ്കിലും, രോഗപ്രതിരോധ നടപടികള്‍ക്ക് ഇത് പകരമല്ല. വാക്‌സിന്‍ എടുക്കുന്നതിനൊപ്പം രോഗം വ്യാപിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു.കൊതുകുകടി ഏല്‍ക്കാതിരിക്കാനുള്ള മുൻകരുതലുകള്‍ എടുക്കുന്നതിനോ കൊതുകിന്റെ പ്രജനനം തടയുന്നതിനോ ഉള്ള ബദലല്ല വാക്സിനേഷൻ. 40-ലധികം രാജ്യങ്ങളില്‍ ഈ വാക്സിന് ഇതിനകം തന്നെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഈ വാക്സിൻ ഉപയോഗിക്കുന്നതിനുള്ള കൃത്യമായ നിർദ്ദേശങ്ങളും വിവരങ്ങളും വാക്സിൻ പുറത്തിറക്കുന്ന സമയത്ത് വിശദമായി പുറത്തു വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.