കോമൺവെൽത്ത് ഗെയിംസ് 2026: ഭാരോദ്വഹനത്തിൽ ഗ്യാനേശ്വരി യാദവിന് വെള്ളി.

ഗ്ലാസ്ഗോ: കോമൺവെൽത്ത് ഗെയിംസിലെ ഭാരോദ്വഹന മത്സരങ്ങളിൽ ഇന്ത്യയുടെ മെഡൽ കൊയ്ത്ത് തുടരുന്നു. വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യൻ താരം ഗ്യാനേശ്വരി യാദവ് വെള്ളി മെഡൽ സ്വന്തമാക്കി. ഗ്ലാസ്ഗോയിൽ ഇന്ത്യയുടെ കരുത്ത് വിളിച്ചോതുന്നതായിരുന്നു താരത്തിന്റെ പ്രകടനം.മത്സരത്തിലുടനീളം മികച്ച സ്ഥിരതയാർന്ന പ്രകടനം പുറത്തെടുത്ത ഗ്യാനേശ്വരി ആകെ 199 കിലോഗ്രാം ഉയർത്തിയാണ് പോഡിയത്തിൽ രണ്ടാം സ്ഥാനം ഉറപ്പിച്ചത്. സ്നാച്ചിൽ 88 കിലോഗ്രാമും ക്ലീൻ ആൻഡ് ജെർക്കിൽ 111 കിലോഗ്രാമും താരം ഉയർത്തി. ആകെ ഭാരത്തിലും ക്ലീൻ ആൻഡ് ജെർക്കിലും താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനമാണിത്. സ്നാച്ചിൽ 88 കിലോഗ്രാം വിജയകരമായി പൂർത്തിയാക്കിയ ശേഷം, ക്ലീൻ ആൻഡ് ജെർക്കിൽ 103, 107, 111 കിലോഗ്രാമുകൾ വീതം തടസ്സമില്ലാതെ ഉയർത്തിയാണ് ഗ്യാനേശ്വരി ഇന്ത്യയുടെ മെഡൽ ഉറപ്പാക്കിയത്.
റെക്കോർഡോടെ നൈജീരിയക്ക് സ്വർണം
ഈ ഇനത്തിൽ ആകെ 206 കിലോഗ്രാം (93 കിലോഗ്രാം സ്നാച്ച് + 113 കിലോഗ്രാം ക്ലീൻ ആൻഡ് ജെർക്ക്) ഉയർത്തിയ നൈജീരിയയുടെ ദിദി ഒനോം ഒമൊലോള സ്വർണ മെഡൽ നേടി. ക്ലീൻ ആൻഡ് ജെർക്കിൽ 113 കിലോഗ്രാം ഉയർത്തിയ ഒമൊലോള കോമൺവെൽത്ത് റെക്കോർഡിനൊപ്പമെത്തി. കാനഡയുടെ റെബേക്ക ഗ്രൂക്സ് (178 കിലോഗ്രാം) വെങ്കല മെഡൽ സ്വന്തമാക്കിയപ്പോൾ ദക്ഷിണാഫ്രിക്കയുടെ ജൊഹാനി തൽജാർഡ് (175 കിലോഗ്രാം) നാലാം സ്ഥാനത്തും ജെൻലി ടെഗു വിനി (172 കിലോഗ്രാം) അഞ്ചാം സ്ഥാനത്തുമായി മത്സരം അവസാനിപ്പിച്ചു.
വെയ്റ്റ്ലിഫ്റ്റിങ്ങിൽ ഇന്ത്യയുടെ മൂന്നാം മെഡൽ
ഗ്ലാസ്ഗോയിൽ ഇന്ത്യയ്ക്കായി ഭാരോദ്വഹനത്തില് മെഡൽ നേടുന്ന മൂന്നാമത്തെ താരമാണ് ഗ്യാനേശ്വരി. മീരാബായ് ചാനു (സ്വർണം), രാജ മുത്തുപാണ്ഡി (വെള്ളി) എന്നിവരാണ് നേരത്തെ ഈ ഗെയിംസിൽ ഇന്ത്യയ്ക്കായി മെഡൽ കൊയ്തവർ.ഛത്തീസ്ഗഢ് സ്വദേശിനിയായ 23-കാരിയായ ഗ്യാനേശ്വരി, സംസ്ഥാന കായിക വികസന പദ്ധതിയിലൂടെ കൗമാരപ്രായത്തിൽ തന്നെ വെയ്റ്റ്ലിഫ്റ്റിങ്ങിലേക്ക് കടന്നുവന്ന പ്രതിഭയാണ്. ജൂനിയർ-സീനിയർ ദേശീയ ചാമ്പ്യൻഷിപ്പുകളിലെ മികച്ച പ്രകടനമാണ് താരത്തെ ഇന്ത്യൻ സീനിയർ ടീമിലെത്തിച്ചത്. നിലവിൽ പാട്യാലയിലെ നേതാജി സുഭാഷ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽ പരിശീലനം നേടുന്ന ഗ്യാനേശ്വരി ഇതിനോടകം തന്നെ കോമൺവെൽത്ത്, ഏഷ്യൻ, ലോക വെയ്റ്റ്ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.