സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യയ്ക്ക് പരമ്പര നേട്ടം

സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യയ്ക്ക് പരമ്പര നേട്ടം

ഹരാരെ: സിംബാബ്‌വെക്കെതിരായ രണ്ടാം ട്വന്റി-20 പോരാട്ടത്തിൽ 90 റൺസിന്‍റെ വൻ ജയവുമായി ഇന്ത്യ പരമ്പര സ്വന്തമാക്കി. ഇഷാൻ കിഷന്‍റെയും തിലക് വർമ്മയുടെയും അർദ്ധ സെഞ്ചുറികളുടെ കരുത്തിൽ ഇന്ത്യ ഉയർത്തിയ 220 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെ 17.5 ഓവറിൽ 129 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 2-0 ന് മുന്നിലെത്തി.നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തിരിച്ചടിയേറ്റു. ഓപ്പണർമാരായ അഭിഷേക് ശർമ്മയെയും (8) വെടിക്കെട്ട് തുടക്കം കുറിച്ച വൈഭവ് സൂര്യവംശിയെയും (9 പന്തിൽ 20) ഇന്ത്യയ്ക്ക് വേഗത്തിൽ നഷ്ടമായി. 29 റൺസിന് 2 വിക്കറ്റ് എന്ന നിലയിൽ പതറിയ ഇന്ത്യയെ മൂന്നാം വിക്കറ്റിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യരും (25) ഇഷാൻ കിഷനും ചേർന്ന് കരകയറ്റി. ഇരുവരും ചേർന്ന് 66 റൺസ് കൂട്ടിച്ചേർത്തു.

ശ്രേയസ് പുറത്തായ ശേഷം ക്രീസിലൊന്നിച്ച ഇഷാൻ കിഷൻ-തിലക് വർമ്മ സഖ്യം സിംബാബ്‌വെ ബൗളർമാരെ കടന്നാക്രമിച്ചു. 31 പന്തിൽ അർദ്ധ സെഞ്ചുറി തികച്ച ഇഷാൻ കിഷൻ പിന്നീട് കൂടുതൽ അക്രമണകാരിയായി മാറി. 44 പന്തിൽ 9 ഫോറും 2 സിക്സറുമടക്കം 81 റൺസെടുത്താണ് ഇഷാൻ പുറത്തായത്. മറുവശത്ത് 23 പന്തിൽ അർദ്ധ സെഞ്ചുറി തികച്ച തിലക് വർമ്മ 29 പന്തിൽ 60 റൺസുമായി പുറത്താകാതെ നിന്നു. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് കൂട്ടിച്ചേർത്ത 94 റൺസാണ് ഇന്ത്യൻ സ്കോർ 200 കടത്തിയത്. അവസാന അഞ്ചോവറിൽ 61 റൺസാണ് ഇന്ത്യൻ ബാറ്റർമാർ അടിച്ചുകൂട്ടിയത്. ഇതോടെ ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 219 റൺസെന്ന കൂറ്റൻ സ്കോറിലെത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ജിംബാബ്‌വെയ്ക്ക് ബ്രയാൻ ബെന്നറ്റ് (19 പന്തിൽ 32) വെടിക്കെട്ട് തുടക്കം നൽകിയെങ്കിലും ഇന്ത്യൻ ബൗളർമാർ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി മത്സരം തിരികെ പിടിച്ചു. 17.5 ഓവറിൽ 129 റൺസിന് ജിംബാബ്‌വെ ബാറ്റിംഗ് നിര തകർന്നു തരിപ്പണമായി. ഇന്ത്യക്കായി അഭിഷേക് ശർമ്മ 3 വിക്കറ്റും, പ്രിൻസ് യാദവ്, യാഷ് താക്കൂർ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി തിളങ്ങി. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഞായറാഴ്ച നടക്കും.