വർഗ്ഗീയ പരാമർശം: നടൻ ടിനി ടോമിനെ കടവന്ത്ര പോലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും

എറണാകുളം : നടി അൻസിബ ഹസൻ്റെ പരാതിയിൽ നടൻ ടിനി ടോമിനെ കടവന്ത്ര പോലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഹർജി പരിഗണിച്ച എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ കർശന നിർദ്ദേശത്തെ തുടർന്നാണ് ടിനി ടോമിനെതിരെ കടവന്ത്ര പോലീസ് കഴിഞ്ഞദിവസം ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ നടനെ പോലീസ് ഉടൻ അറസ്റ്റ് ചെയ്യാൻ സാധ്യതയില്ലെന്നാണ് സൂചനകൾ.
കേസിൻ്റെ തുടരന്വേഷണത്തിൻ്റെ ഭാഗമായി പരാതിക്കാരിയായ അൻസിബ ഹസൻ, ‘അമ്മ’ സംഘടനയുടെ മുൻ പ്രസിഡന്റും നടിയുമായ ശ്വേത മേനോൻ, നടി നീന കുറുപ്പ് എന്നിവരുടെ മൊഴികൾ പോലീസ് വീണ്ടും രേഖപ്പെടുത്തും. ഈ മൊഴികൾ വിശദമായി പരിശോധിച്ച ശേഷമായിരിക്കും പ്രതിയുടെ അറസ്റ്റ് ഉൾപ്പെടെയുള്ള കടുത്ത നിയമനടപടികളിലേക്ക് അന്വേഷണസംഘം കടക്കുക.ടിനി ടോമിനെതിരെ അൻസിബ നൽകിയ പരാതിയിൽ കേസ് എടുക്കാൻ കഴിയില്ലെന്ന തരത്തിൽ പോലീസ് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ട് അപൂർണ്ണമാണെന്ന് കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. അൻസിബയ്ക്ക് എതിരെ ടിനി ടോം നടത്തിയ ‘ജിഹാദി’ പരാമർശം കേവലം തമാശയ്ക്ക് പറഞ്ഞതാണെന്ന പോലീസിൻ്റെ കണ്ടെത്തലും കോടതി പൂർണ്ണമായി തള്ളി. ടിനി ടോമിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യത്തിന് തെളിവുണ്ടെന്നും, നടി നീന കുറുപ്പിൻ്റെ സാക്ഷിമൊഴികളിൽ ഇക്കാര്യം വ്യക്തമായി പരാമർശിക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.
https://www.worldm.news/keralam/racial-abuse-case-filed--31910