വംശീയ അധിക്ഷേപം : അൻസിബയുടെ പരാതിയിൽ ടിനി ടോമിനെതിരെ കേസ്

വംശീയ അധിക്ഷേപം : അൻസിബയുടെ പരാതിയിൽ ടിനി ടോമിനെതിരെ കേസ്

എറണാകുളം : വംശീയ അധിക്ഷേപം നടത്തിയെന്ന നടി അൻസിബ ഹസൻ്റെ  പരാതിയിൽ നടൻ ടിനി ടോമിനെതിരെ കടവന്ത്ര പോലീസ്  കേസെടുത്തു. നടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യത്തിന് തെളിവുണ്ടെന്നും അടിയന്തരമായി കേസെടുത്ത് വിശദമായ അന്വേഷണം നടത്തണമെന്നുമുള്ള എറണാകുളം സിജെഎം കോടതിയുടെ കർശന ഉത്തരവിന് പിന്നാലെയാണ് പോലീസിൻ്റെ  അടിയന്തര നടപടി.

നേരത്തെ, ടിനി ടോമിനെതിരെ കേസെടുക്കാൻ കഴിയില്ലെന്ന് കാണിച്ച് പോലീസ് കോടതിയിൽ നൽകിയ അന്വേഷണ റിപ്പോർട്ട് തീർത്തും അപൂർണ്ണമാണെന്ന് ചൂണ്ടിക്കാട്ടി കോടതി പൂർണ്ണമായും തള്ളിയിരുന്നു. അൻസിബയ്‌ക്കെതിരെ ടിനി ടോം നടത്തിയ ‘ജിഹാദി’ പരാമർശം വെറും സൗഹൃദപരമായ തമാശയ്ക്ക് മാത്രമായി പറഞ്ഞതാണെന്നായിരുന്നു പോലീസ് റിപ്പോർട്ടിലെ വിചിത്രമായ കണ്ടെത്തൽ. എന്നാൽ ഇത്തരം വംശീയ കടന്നാക്രമണങ്ങളെ ഒരുതരത്തിലും തമാശയായി കാണാൻ കഴിയില്ലെന്ന് നിരീക്ഷിച്ച കോടതി, പോലീസിന് കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകിയാണ് എഫ്‌ഐആർ  രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടത്.സിനിമയിലെ താര സംഘടനയായ ‘അമ്മ’യുടെ (AMMA) മുൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായ നടി നീന കുറുപ്പിൻ്റെ സാക്ഷിമൊഴിയാണ് ഈ കേസിൽ അൻസിബയ്ക്ക് നിയമപരമായി വലിയ തുണയായതും ടിനി ടോമിന് കുരുക്കായി മാറിയതും. സംഭവസ്ഥലത്തുണ്ടായിരുന്ന നീന കുറുപ്പ് നൽകിയ കൃത്യമായ മൊഴികളിൽ അധിക്ഷേപം നടന്നതായി വ്യക്തമാക്കുന്നുണ്ടെന്ന് കോടതി തങ്ങളുടെ ഉത്തരവിൽ പ്രത്യേകം എടുത്തുപറഞ്ഞിരുന്നു. കോടതി നിർദ്ദേശപ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് ഇപ്പോൾ കേസെടുത്തിട്ടുള്ളത്. സംഭവത്തിൽ ടിനി ടോം ഉൾപ്പെടെയുള്ളവരെ വരും ദിവസങ്ങളിൽ പോലീസ് നേരിട്ട് ചോദ്യം ചെയ്യുമെന്നാണ് വിവരം