"അന്താരാഷ്ട്ര ഫുട്ബോളിൽ തുടരുo, ഇനിയൊരു ലോകകപ്പിനില്ല": ക്രിസ്റ്റ്യാനോ റൊണാൾഡോ

ഡാലസ്: ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയറിലെ അവസാന ലോകകപ്പാണ് ഈ വർഷത്തേതെന്ന് സ്ഥിരീകരിച്ചു. സ്പെയിനെതിരായ പ്രീക്വാർട്ടർ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിലാണ് 41-കാരനായ പോർച്ചുഗൽ നായകൻ ഇക്കാര്യം വ്യക്തമാക്കിയത് . തൻ്റെ ആറാമത്തെ ലോകകപ്പിൽ കളിക്കുന്ന റൊണാൾഡോ, താൻ ഫുട്ബോളിന് വേണ്ടി എല്ലാം നൽകിയിട്ടുണ്ടെന്നും അഭിമാനത്തോടെയാണ് ഈ ടൂർണമെന്റിനെ കാണുന്നതെന്നും പറഞ്ഞു. എന്നാൽ ലോകകപ്പിന് ശേഷവും താൻ അന്താരാഷ്ട്ര ഫുട്ബോളിൽ തുടരുമെന്നും ദേശീയ ടീമിൽ നിന്ന് ഉടൻ വിരമിക്കില്ലെന്നും താരം വ്യക്തമാക്കി.
സ്പെയിനിനെതിരായ നിർണായക മത്സരത്തിന് മുൻപ് റൊണാൾഡോ തന്‍റെ ഭാവി പദ്ധതികളെക്കുറിച്ച് മനസ്സ് തുറന്നു.
'ഇതെന്‍റെ അവസാനത്തെ ലോകകപ്പ് ആയിരിക്കും, എന്നാൽ നാളത്തെ മത്സരം എന്‍റെ അവസാനത്തെ അന്താരാഷ്ട്ര മത്സരമാകരുതേ എന്നാണ് ആഗ്രഹo" റൊണാൾഡോ പറഞ്ഞു. ടൂർണമെന്‍റില്‍ തന്‍റെ പ്രകടനം മോശമാണെന്ന തരത്തിലുള്ള വിമർശനങ്ങൾ താരം തള്ളി.
"ഞാൻ ഒരു മോശം ലോകകപ്പാണ് കളിച്ചതെന്ന് കരുതുന്നില്ല. ഇതിനകം തന്നെ ഞാൻ മൂന്ന് ഗോളുകൾ നേടിയിട്ടുണ്ട്, ഞാൻ അത്ര മോശമായിട്ടല്ല കളിക്കുന്നത്, അല്ലേ? നിങ്ങൾക്ക് എന്നെ ഇനിയും കുറച്ചുകൂടി കൊല്ലാൻ ശ്രമിക്കാം." അദ്ദേഹം വിമർശകർക്ക് മറുപടിയായി പറഞ്ഞു.
തുടർച്ചയായ 6 ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരം
പ്രായത്തെ വെല്ലുന്ന പ്രകടനവുമായി 2026 ലോകകപ്പിലും റൊണാൾഡോ റെക്കോർഡുകൾ തിരുത്തിക്കുറിച്ചാണ് മുന്നേറുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ഉസ്ബെക്കിസ്ഥാനെതിരെ ഇരട്ട ഗോളുകൾ നേടിയ താരം, റൗണ്ട് ഓഫ് 32 മത്സരത്തിൽ ക്രോയേഷ്യക്കെതിരെ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചിരുന്നു. ലോകകപ്പിന്‍റെ നോക്കൗട്ട് ഘട്ടത്തിൽ റൊണാൾഡോ നേടുന്ന ആദ്യ ഗോൾ കൂടിയായിരുന്നു അത്. 2006-ൽ അരങ്ങേറ്റം കുറിച്ചതു മുതൽ തുടർച്ചയായ ആറ് ലോകകപ്പ് പതിപ്പുകളിലും ഗോൾ നേടുന്ന ചരിത്രത്തിലെ ആദ്യ പുരുഷ താരം എന്ന സമാനതകളില്ലാത്ത റെക്കോർഡും റൊണാൾഡോ ഇതോടെ സ്വന്തമാക്കി. നിലവിൽ 11 ലോകകപ്പ് ഗോളുകളാണ് താരത്തിന്‍റെ സമ്പാദ്യം.
"വിരമിക്കൽ തീരുമാനം എന്‍റേത് മാത്രം"
'ഞാൻ ആദ്യ ഇലവനിൽ കളിച്ചാലും ഇല്ലെങ്കിലും, ഈ ദേശീയ ടീമിൽ എനിക്ക് എപ്പോഴും ഒരു പ്രധാന പങ്കുണ്ട്. വർഷങ്ങൾക്ക് മുൻപ് ഞാൻ പറഞ്ഞതുപോലെ, എപ്പോൾ അവസാനിപ്പിക്കണമെന്ന് ഞാൻ തന്നെ തീരുമാനിക്കും. നാളെ എന്ത് സംഭവിച്ചാലും, 100 ശതമാനമല്ല, 1000 ശതമാനം സംതൃപ്തിയോടെയും ശുദ്ധമായ മനസ്സാക്ഷിയോടെയും ഞാൻ കളം വിടും. കാരണം ഫുട്ബോളിനായി ഞാൻ എല്ലാം നൽകിയിട്ടുണ്ട്. എനിക്ക് ഇതിന്‍റെ ആവശ്യമില്ല, എനിക്ക് നല്ലൊരു ജീവിതമുണ്ട്, പക്ഷേ ഇതെന്‍റെ പാഷനാണ്. ഫുട്ബോളിനെ സ്നേഹിക്കുന്നത് കൊണ്ടാണ് ഞാൻ കളിക്കുന്നത്." റൊണാൾഡോ പറഞ്ഞു.പോർച്ചുഗലിനായി 232 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് റെക്കോർഡ് 146 ഗോളുകൾ റൊണാൾഡോ നേടിയിട്ടുണ്ട്. ക്ലബ്ബ് കരിയറും അന്താരാഷ്ട്ര കരിയറും ഉൾപ്പെടെ നിലവിൽ 976 ഗോളുകൾ നേടിയിട്ടുള്ള താരം 1,000 കരിയർ ഗോളുകൾ എന്ന ചരിത്ര നേട്ടത്തിലേക്കുള്ള കുതിപ്പിലാണ്.
"സ്പെയിനിനെതിരെ ജയം ഉറപ്പ് "
ലാമിൻ യമാൽ ഉൾപ്പെടെയുള്ള ലോകോത്തര താരങ്ങളുമായി വരുന്ന സ്പെയിൻ കരുത്തരാണെന്ന് റൊണാൾഡോ സമ്മതിച്ചു. "സ്പെയിൻ എപ്പോഴും കിരീടം നേടാൻ സാധ്യതയുള്ള പ്രിയപ്പെട്ട ടീമുകളിൽ ഒന്നാണ്. അവർക്ക് പോർച്ചുഗലിനേക്കാൾ കൂടുതൽ കിരീടങ്ങളുമുണ്ട്. എന്നാൽ ഇത് വ്യത്യസ്തമായ താരങ്ങൾ കളിക്കുന്ന മറ്റൊരു ടൂർണമെന്‍റാണ്. എനിക്ക് സ്പെയിനിനെതിരെ കളിക്കാൻ ഇഷ്ടമാണ്. അവർക്കെതിരെ എന്‍റെ റെക്കോർഡും മികച്ചതാണ്. ചെറിയ കാര്യങ്ങളാവും മത്സരത്തിൽ വിജയത്തെ നിർണ്ണയിക്കുക. നാളെ ഞങ്ങൾ ജയിക്കുമെന്നാണ് മനസ്സ് പറയുന്നത്," താരം പ്രത്യാശ പ്രകടിപ്പിച്ചു.