സിഎസ്എംടിയിൽ മിന്നൽപണിമുടക്ക് : മണിക്കൂറുകളോളം ലോക്കൽ കിട്ടാതെ വലഞ് യാത്രക്കാർ

മുംബൈ: ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ (സിഎസ്എംടി) സബർബൻ ട്രെയിൻ സർവീസുകൾ മധ്യ റെയിൽവേ ജീവനക്കാരുടെ മിന്നൽപണിമുടക്ക് കാരണം ഒരു മണിക്കൂറോളം ഇന്ന് നിർത്തിവെച്ചു. ഏറ്റവും തിരക്കേറിയ സമയത്തുള്ള പണിമുടക്ക് യാത്രക്കാർക്ക് ദുരിതമായി മാറി. . ജൂൺ 9 ന് അഞ്ച് പേരുടെ മരണത്തിനിടയാക്കിയ മുംബ്ര ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട് രണ്ട് റെയിൽവേ എഞ്ചിനീയർമാർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തതിനെതിരെയാണ് പെട്ടെന്നുണ്ടായ ഈ പ്രതിഷേധം.വൈകുന്നേരം 5.50 ഓടെ മോട്ടോർമാൻമാരെയും ട്രെയിൻ മാനേജർമാരെയും ജീവനക്കാർ സർവീസ് നടത്തുന്നതിൽ നിന്ന് തടഞ്ഞതോടെയാണ് പ്രതിഷേധം ആരംഭിച്ചതെന്ന് സെൻട്രൽ റെയിൽവേയുടെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ സ്വപ്‌നിൽ നില പറഞ്ഞു. വൈകുന്നേരം 6.45 വരെ ട്രെയിൻ സർവീസുകൾ നിർത്തിവച്ചതിനാൽ മുംബൈയിലെ ഏറ്റവും തിരക്കേറിയ സ്റ്റേഷനുകളിൽ ഒന്നിൽ ആയിരക്കണക്കിന് യാത്രക്കാർ കുടുങ്ങി.ദിവസേന ലക്ഷക്കണക്കിന് ആളുകൾ എത്തുന്നതിനാൽ, സിഎസ്എംടി പരിസരം ഓഫീസ് ജീവനക്കാരെയും ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റ് യാത്രക്കാരെയും കൊണ്ട് നിറഞ്ഞിരുന്നു. വീട്ടിലേക്ക് മടങ്ങാനുള്ള ബദൽ മാർഗങ്ങൾ കണ്ടെത്താൻ നിരവധി യാത്രക്കാർ അടുത്തുള്ള മെട്രോ ലൈൻ 3 സ്റ്റേഷനുകളിലേക്ക് ഓടുന്നത് കാണാമായിരുന്നു.
മിന്നൽപണിമുടക്കിനുള്ള കാരണം :
മുംബ്ര അപകടത്തിൽ രണ്ട് എഞ്ചിനീയർമാർക്കെതിരെ ഗവൺമെന്റ് റെയിൽവേ പോലീസ് (ജിആർപി) എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. അപകടത്തിന് നാല് ദിവസം മുമ്പ് ട്രാക്കിന്റെ ഒരു ഭാഗം വെൽഡിംഗ് ചെയ്യാതെ ഉപേക്ഷിച്ചിരുന്നുവെന്നും ഇത് അഞ്ച് യാത്രക്കാരുടെ മരണത്തിലേക്ക് നയിച്ചുവെന്നും അന്വേഷണത്തിൽ കണ്ടെത്തി.ഈ എഫ്‌ഐആർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് നാഷണൽ റെയിൽവേ മസ്ദൂർ യൂണിയനും (എൻആർഎംയു) സെൻട്രൽ റെയിൽവേ മസ്ദൂർ യൂണിയനും (സിആർഎംയു) സംയുക്തമായി വ്യാഴാഴ്ച പ്രതിഷേധ പ്രകടനം നടത്തിയത്
പ്രതിഷേധ സമരം അവസാനിച്ചത്.:
മധ്യ റെയിൽവേയിലെ മുതിർന്ന ഉദ്യോഗസ്ഥർ സമരം ചെയ്യുന്ന ജീവനക്കാരെ കണ്ട് വിഷയം സംസ്ഥാന അധികാരികളുമായി ചർച്ച ചെയ്യുമെന്ന് ഉറപ്പുനൽകിയതിനെ തുടർന്നാണ് സമരം അവസാനിച്ചത്. ഒരു മണിക്കൂറിനുശേഷം സർവീസുകൾ ക്രമേണ പുനരാരംഭിച്ചു, മധ്യ പാതയിലുടനീളം സാധാരണ പ്രവർത്തനങ്ങൾ പുനഃസ്ഥാപിച്ചു.