ക്ഷീരകർഷകൻ ബിജുവിൻ്റെത് അതിക്രൂര കൊലപാതകം; ശരീരത്തിൽ 45 കുത്തുകൾ
കോഴിക്കോട്: പാളയം പച്ചക്കറി മാർക്കറ്റിന് പിന്നിലെ പുതിയ കോവിലകം പറമ്പിൽ യുവാവിനെ വീട്ടിനുള്ളിൽ അതിക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ക്ഷീരകർഷകനായ ബിജുവിൻ്റെ (38) ശരീരത്തിൽ 45 കുത്തേറ്റ പാടുകളുണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. സംഭവത്തിൽ സിറ്റി പൊലീസ് കമ്മിഷണറുടെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ഊർജിതമാക്കി.ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയാണ് ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പുതിയ കോവിലകത്തെ തറവാട്ടു വീടിനോട് ചേർന്നുള്ള ഒറ്റമുറിയിലാണ് ഇയാൾ താമസിച്ചിരുന്നത്. രാവിലെ പശുവിനെ കറക്കാനായി സാധാരണ സമയത്ത് എഴുന്നേൽത്തതിനെ തുടർന്ന് അമ്മ ബേബി അന്വേഷിച്ച് എത്തിയപ്പോഴാണ് മുറി പുറത്തുനിന്നും പൂട്ടിയ നിലയിൽ കണ്ടത്.
തുടർന്ന് വാതിൽ തുറന്നു നോക്കിയപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന ബിജുവിനെയാണ് കണ്ടത്. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. കസബ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഡോഗ് സ്ക്വാഡ്, ഫോറൻസിക് വിഭാഗം, വിരലടയാള വിദഗ്ധർ എന്നിവരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിരുന്നു.
ബിജുവിൻ്റെ മരണം അതിക്രൂരമായ കൊലപാതകമാണെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. ശരീരത്തിൽ ആകെ 45 കുത്തേറ്റ പാടുകളുണ്ട്. തലയ്ക്ക് പിന്നിലും കഴുത്തിലുമേറ്റ ആഴത്തിലുള്ള മുറിവുകളാണ് മരണത്തിന് കാരണമായത്. കഴുത്തിന് മുൻപിലും പിൻഭാഗത്തുമായി 18 കുത്തുകളുണ്ട്. കറിക്കത്തി പോലുള്ള ചെറിയ ആയുധം ഉപയോഗിച്ചാകാം കൊലപാതകം നടത്തിയതെന്നാണ് അന്വേഷണ സംഘത്തിൻ്റെ പ്രാഥമിക നിഗമനം.
കൊലപാതകത്തിന് പിന്നിൽ ലഹരി സംഘമാണെന്നാണ് ബന്ധുക്കളും പരിസരവാസികളും സംശയിക്കുന്നത്. ബിജു താമസിച്ചിരുന്ന വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പും നിർമാണത്തിലിരിക്കുന്ന കെട്ടിടവും കേന്ദ്രീകരിച്ച് ലഹരി സംഘങ്ങൾ തമ്പടിച്ചിരുന്നു. ഇതിനെതിരെ ബിജു നിരന്തരം പ്രതികരിക്കുകയും പൊലീസിൻ്റെ 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായി ലഹരി സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറുകയും ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിൻ്റെ ആരോപണം.എന്നാൽ, ബന്ധുക്കളുടെ ഈ സംശയം തള്ളുന്ന നിലപാടാണ് പൊലീസ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. ആദ്യം ലഹരി മാഫിയയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം നിലവിൽ മറ്റൊരു തലത്തിലേക്കാണ് നീങ്ങുന്നത്. കൊലപാതകത്തെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാൽ, ഇത് പുറത്തുവിടുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും പ്രതികൾക്ക് ഒളിവിൽ പോകാൻ അവസരമൊരുക്കുമെന്നതിനാലുമാണ് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതെന്ന് സിറ്റി പൊലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലി അറിയിച്ചു.
ലഹരി മാഫിയയുമായി ബന്ധപ്പെട്ട കാര്യങ്ങളല്ല കൊലപാതകത്തിന് നയിച്ചതെന്നാണ് പൊലീസിൻ്റെ നിലവിലെ കണ്ടെത്തൽ. പ്രതികളെ പിടികൂടുന്നതിനായി ടൗൺ എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപീകരിച്ചിട്ടുണ്ട്. പാളയം പച്ചക്കറി മാർക്കറ്റിലെയും പ്രദേശത്തെയും സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഓപ്പറേഷൻ തൂഫാൻ ആരംഭിച്ച ശേഷം നിരവധി പേർ പൊലീസിന് വിവരങ്ങൾ കൈമാറുന്നുണ്ടെന്നും രഹസ്യമായി സൂക്ഷിക്കേണ്ട വിവരങ്ങൾ അങ്ങനെ തന്നെ നിലനിർത്തുമെന്നും കമ്മിഷണർ വ്യക്തമാക്കി.

