ശിവസേന നേതാവ് വിനായക് റാവുത്തിനെതിരെ ഗുരുതര ആരോപണവുമായി മരുമകൾ

ശിവസേന നേതാവ് വിനായക് റാവുത്തിനെതിരെ ഗുരുതര ആരോപണവുമായി മരുമകൾ

മുംബൈ : മഹാരാഷ്ട്ര മുൻ എംപിയും ശിവസേന (ഉദ്ധവ്പക്ഷം)യുടെ  മുതിർന്ന നേതാവുമായ വിനായക് റാവുത്തിനും  കുടുംബത്തിനുമെതിരെ ഗുരുതരമായ പീഡന ആരോപണങ്ങളുമായി മരുമകൾ ഗിരിജ റാവുത്ത് രംഗത്ത്. ഭർത്താവിന്റെ വീട്ടുകാർ കടുത്ത ദുർമന്ത്രവാദത്തിൽ വിശ്വസിച്ചിരുന്നതായും തന്നെ ക്രൂരമായ ആചാരങ്ങൾക്ക് ഇരയാക്കിയതായും കാണിച്ച് യുവതി പോലീസിൽ പരാതി നൽകി. മന്ത്രവാദ ചടങ്ങുകളുടെ ഭാഗമായി തനിക്കിഷ്ടമില്ലാതെ നിർബന്ധിച്ച് ഗോമൂത്രം കുടിപ്പിച്ചതായും പരാതിയിൽ പറയുന്നു.നിരന്തരം ആൾദൈവങ്ങളെയും മന്ത്രവാദികളെയും പോയി കാണാൻ ഭർത്താവിന്റെ വീട്ടുകാർ തന്നെ നിർബന്ധിച്ചിരുന്നുവെന്നും ദുർമന്ത്രവാദ കർമ്മങ്ങൾ ചെയ്യാനായി തന്റെ തലമുടി ബലമായി പിഴുതെടുത്തുവെന്നും ഗിരിജ റാവുത്ത് വെളിപ്പെടുത്തിയതായി 'ഇന്ത്യ ടുഡേ' റിപ്പോർട്ട് ചെയ്തു. 

യുവതിയുടെ രേഖാമൂലമുള്ള പരാതിയുടെ അടിസ്ഥാനത്തിൽ താനെ പോലീസ് ഔദ്യോഗികമായി കേസെടുത്തിട്ടുണ്ട്. മുൻ എംപി വിനായക് റാവുത്ത്, ഗിരിജയുടെ ഭർത്താവ് ഗിതേഷ് റാവുത്ത്, ഫിറോസ് ബാവ, കാസി ബാവ എന്നീ രണ്ട് ആൾദൈവങ്ങൾ എന്നിവരുൾപ്പെടെയുള്ളവർക്കെതിരെയാണ് പോലീസ് പ്രഥമവിവര റിപ്പോർട്ട് (FIR) രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിവാഹശേഷം വർഷങ്ങളോളം താൻ ക്രൂരമായ മാനസിക-ശാരീരിക പീഡനങ്ങൾ നേരിട്ടുവെന്നാണ് യുവതിയുടെ ആരോപണം.

അതേസമയം, മരുമകൾ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളെയെല്ലാം വിനായക് റാവുത്ത് പൂർണ്ണമായി തള്ളിക്കളഞ്ഞു. 2008-നും 2022-നും ഇടയിലുള്ള കാലയളവിലാണ് പീഡനങ്ങൾ നടന്നതെന്നാണ് യുവതി ഇപ്പോൾ ആരോപിക്കുന്നത്. ഇത്രയും വർഷക്കാലം യുവതി ഒരിടത്തും പരാതിപ്പെട്ടിട്ടില്ലെന്നും, നിലവിൽ തന്റെ മകനും മരുമകളും തമ്മിൽ കോടതിയിൽ നിലനിൽക്കുന്ന വിവാഹമോചന-ജീവനാംശംസംബന്ധിച്ച തർക്കത്തിന്റെ പ്രതികാരമായാണ് രാഷ്ട്രീയമായി അപകീർത്തിപ്പെടുത്താൻ ഈ വ്യാജ പരാതി നൽകിയിരിക്കുന്നതെന്നുമാണ് വിനായക് റാവുത്തിന്റെ ഔദ്യോഗിക വാദം. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.