ഡൽഹി പ്രക്ഷോഭത്തിലെ സംഘർഷം: പരിക്കേറ്റ 21കാരിയുടെ നില ഗുരുതരം

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി ഡൽഹിയിൽ സംഘടിപ്പിച്ച ‘സൻസാദ് ചലോ’ മാർച്ചിനിടെയുണ്ടായ പൊലീസിന്റെ ലാത്തിച്ചാർജിൽ പരിക്കേറ്റ 21-കാരിയായ വിദ്യാർത്ഥിനിയുടെ നില ഗുരുതരമായി തുടരുന്നു. ഡൽഹിയിലെ ആർ.എം.എൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്ന യുവതി നിലവിൽ വെന്റിലേറ്റർ സഹായത്തിലാണ് കഴിയുന്നത്.സംഭവത്തെത്തുടർന്ന് രാഷ്ട്രീയ വൃത്തങ്ങളിൽ വൻ പ്രതിഷേധവും പ്രതികരണങ്ങളുമാണ് ഉയർന്നുവന്നിട്ടുള്ളത്. കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ജെ.പി. നഡ്ഡ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധി, ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കൾ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിക്കുകയും ഡോക്ടർമാരുമായി സ്ഥിതിഗതികൾ സംസാരിക്കുകയും ചെയ്തു. വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് നടത്തിയ ബലപ്രയോഗത്തിനെതിരെ പ്രതിപക്ഷ നേതാക്കൾ ശക്തമായ വിമർശനം ഉന്നയിച്ചു.പ്രതിഷേധത്തിനിടെ പരിക്കേറ്റവരോട് സി.ജെ.പി സ്ഥാപകൻ അഭിജീത്ത് ദിപ്കെ പരസ്യമായി ക്ഷമാപണം നടത്തി. വനിതാ സമരക്കാരെ പുരുഷ പൊലീസുകാർ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് ആരോപിച്ച അദ്ദേഹം, പരിക്കേറ്റ വിദ്യാർത്ഥികളെ സുരക്ഷിതമായി സംരക്ഷിക്കുന്നതിൽ തനിക്ക് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ മാപ്പുചോദിക്കുന്നതായി വികാരാധീനനായി പറഞ്ഞു. നീറ്റ് ഉൾപ്പെടെയുള്ള മത്സരപരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുമാണ് സി.ജെ.പി പ്രതിഷേധ സമരം സംഘടിപ്പിച്ചത്.