പൊതിച്ചോറ് വിതരണം : നയം മാറ്റില്ലെന്ന് ആരോഗ്യമന്ത്രി , പ്രതിഷേധം അറിയിച്ച് നേതാക്കൾ
തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ ആശുപത്രി പരിസരങ്ങളിൽ നടത്തുന്ന പൊതിച്ചോറ് വിതരണത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം കൊഴുക്കുന്നു. ആശുപത്രികൾക്കുള്ളിൽ രാഷ്ട്രീയ സ്വഭാവമുള്ള സൗജന്യ ഭക്ഷണ വിതരണം അനുവദിക്കില്ലെന്ന ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ പ്രസ്താവനയ്ക്കെതിരെ നേതാക്കൾ രംഗത്തെത്തി.പൊതിച്ചോറ് വിതരണവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രി വ്യക്തിപരമായ ‘ഈഗോ’ ഒഴിവാക്കണമെന്ന് മുൻ മന്ത്രിയും സി.പി.എം. നേതാവുമായ പി.എ. മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് സംഘടനകൾ പൊതിച്ചോറ് വിതരണം നടത്തുന്നത്. അതിനെ ശത്രുതയോടെ കാണേണ്ടതില്ലെന്നും വൈരനിര്യാതന ബുദ്ധി ഒഴിവാക്കി ഡിവൈഎഫ്ഐ അടക്കമുള്ള സംഘടനകളുമായി ചർച്ച നടത്താൻ മന്ത്രി തയ്യാറാകണമെന്നും റിയാസ് പറഞ്ഞു.
കൂട്ടായ ഉത്തരവാദിത്തമുള്ള ഒരു സർക്കാരായി പ്രവർത്തിക്കാൻ നിലവിലെ നേതൃത്വത്തിന് സാധിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. രാഷ്ട്രീയത്തിന്റെ പേരിൽ പാവപ്പെട്ടവർക്ക് നൽകുന്ന സൗജന്യ ഭക്ഷണം തടയരുതെന്ന് മുൻ മന്ത്രി പി. രാജീവും പ്രതികരിച്ചു. എൽ.ഡി.എഫ്. സർക്കാർ എറണാകുളം ജനറൽ ആശുപത്രിയിൽ കമ്മ്യൂണിറ്റി കിച്ചൻ തുടങ്ങി വിജയിപ്പിച്ച മാതൃകയുണ്ട്. അത്തരത്തിൽ സർക്കാർ കമ്മ്യൂണിറ്റി കിച്ചനുകൾ തുടങ്ങട്ടെ എന്നും, എന്നാൽ സൗജന്യ ഭക്ഷണം തടയുന്നത് സർക്കാരിന് തന്നെ തിരിച്ചടിയാകുമെന്നും രാജീവ് ഓർമ്മിപ്പിച്ചു.ആശുപത്രികളിലെ പൊതിച്ചോറ് വിതരണം തടയുന്ന കെ. മുരളീധരന്റെ നിലപാടിനെതിരെ ബി ജെ പി നേതാവ് കെ. സുരേന്ദ്രനും രംഗത്തെത്തി. സംഘടനകൾ നടത്തുന്ന പൊതിച്ചോറ് വിതരണത്തെ എതിർക്കേണ്ട കാര്യമില്ലെന്ന് സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ, നയപരമായ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന കർശന നിലപാടിലാണ് ആരോഗ്യ മന്ത്രി കെ. മുരളീധരൻ. ആശുപത്രികൾക്കകത്ത് യാതൊരുവിധ രാഷ്ട്രീയ പ്രവർത്തനവും അനുവദിക്കില്ലെന്നും അത് തടയുമെന്നും മന്ത്രി ആവർത്തിച്ചു.
https://www.worldm.news/keralam/food-distribution-with--33711