കുടിവെള്ളപ്രശ്നം : "75 വർഷത്തിന് ശേഷവും ജനങ്ങൾ കോടതി കയറേണ്ടിവരുന്നത് ദൗർഭാഗ്യകരം" : ബോംബെ ഹൈക്കോടതി
മുംബൈ: ശുദ്ധമായ കുടിവെള്ളം ലഭിക്കുക എന്നത് ഓരോ പൗരന്റെയും മൗലികാവകാശമാണെന്ന് ബോംബെ ഹൈക്കോടതി. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം കഴിഞ്ഞിട്ടും അടിസ്ഥാന ആവശ്യങ്ങൾക്കായി ജനങ്ങൾക്ക് കോടതിയെ സമീപിക്കേണ്ടി വരുന്നത് ദൗർഭാഗ്യകരമാണെന്ന് ജസ്റ്റിസ് അജയ് ഗഡ്കരിയും ജസ്റ്റിസ് കമൽ ഖാതയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു .അമരാവതിയിലെ മെൽഘട്ട് പോലുള്ള ആദിവാസി മേഖലകളിലെ പോഷകാഹാരക്കുറവും ആരോഗ്യപ്രശ്നങ്ങളും സംബന്ധിച്ച പൊതുതാത്പര്യ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ രൂക്ഷമായ വിമർശനം.മെൽഘട്ടിലെ പല ഗ്രാമങ്ങളിലും വേനൽക്കാലത്ത് പോലും കുടിവെള്ളത്തിന് വലിയ ക്ഷാമമാണെന്നും ടാങ്കർ സേവനങ്ങൾ പോലും കൃത്യമല്ലെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു. ഒരു പുരോഗമന സംസ്ഥാനമായ മഹാരാഷ്ട്രയ്ക്ക് പൗരന്മാർക്ക് കുടിവെള്ളം നൽകാൻ കഴിയാത്തത് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കുടിവെള്ളം ലഭിക്കുന്നത് ഒരു ആനുകൂല്യമല്ല, മറിച്ച് ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിൻ്റെ ഭാഗമാണെന്നും കോടതി ഓർമ്മിപ്പിച്ചു.
“പൗരന്മാർക്ക് കുടിവെള്ളം നൽകാൻ സംസ്ഥാനത്തിന് എന്തെങ്കിലും പദ്ധതിയുണ്ടോ എന്ന് വ്യക്തമാക്കുക. മെൽഘട്ടിനെ മാത്രം മാറ്റിനിർത്തുക, സംസ്ഥാനത്തുടനീളം ജനങ്ങൾക്ക് കുടിവെള്ളത്തിനായി കോടതിയെ സമീപിക്കേണ്ടി വരുന്നു,” കോടതി ചോദിച്ചു. വെള്ളത്തിന്റെ ആവശ്യം ഉണ്ടെന്ന് കാണിച്ചാൽ മാത്രം നൽകുമെന്ന സർക്കാർ നിലപാടിനെയും കോടതി വിമർശിച്ചു. വെള്ളം നൽകേണ്ടത് സർക്കാർ ഉത്തരവാദിത്തമാണെന്നും അതിന് പ്രത്യേക അറിയിപ്പിന്റെ ആവശ്യമില്ലെന്നും ജസ്റ്റിസ് ഗഡ്കരി പറഞ്ഞു. എല്ലാ ഗ്രാമങ്ങളിലെയും അവസാനത്തെ പൗരനിലേക്കും കുടിവെള്ളം എങ്ങനെ എത്തിക്കുമെന്ന് വ്യക്തമാക്കാൻ കോടതി സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു.