മയക്കുമരുന്ന് കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവും ഒരു കോടി രൂപ പിഴയും !

മുംബൈ: മയക്കുമരുന്ന് കേസിൽ പിടിയിലായ പ്രതിക്ക് 20 വർഷം കഠിന തടവും ഒരു കോടി രൂപ പിഴയും വിധിച്ച് കോടതി. അഷ്‌ഫാഖ് അബ്‌ദുൾ ജബ്ബാർ ഷെയ്ഖിനാണ്(46) ശിക്ഷ വിധിച്ചത്. വാണിജ്യാടിസ്ഥാനത്തിൽ മെഫെഡ്രോൺ, കെറ്റാമൈൻ മരുന്നുകൾ കൈവശം വച്ചതിനും സൂക്ഷിച്ചതിനുമാണ് ശിക്ഷിച്ചത്. താനെ ജില്ലയിലെ പ്രത്യേക കോടതിയാണ് വിധി പ്രസ്‌താവിച്ചത്.തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കോടതി മറ്റ് രണ്ട് കൂട്ടുപ്രതികളായ ഷാഹിദ് സയ്യിദിനെയും ബോബ്ബ വെങ്കട്ട് റെഡ്ഡിയെയും വെറുതെവിട്ടു. പ്രത്യേക ജഡ്‌ജി ഡി ആർ ദേശ്‌പാണ്ഡെയാണ് കേസ് പരിഗണിച്ചത്. ഫെബ്രുവരി 13 ന് ഉത്തരവ് പുറപ്പെടുവിച്ചു. 2020 ഓഗസ്റ്റ് 15 ന് ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസിന് മുംബൈയിലേക്കും കല്യാണിലേക്കും ഹൈദരാബാദിൽ നിർമ്മിച്ച മെഫെഡ്രോൺ കടത്തുന്നതിനെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചത്.
രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഡിആർഐ സംഘങ്ങൾ നടത്തിയ റെയ്‌ഡിൽ നവി മുംബൈയിലെ ഒരു ട്രാൻസ്‌പോർട്ട് ഓഫിസിൽ 45.655 കിലോഗ്രാം മെഫെഡ്രോൺ അടങ്ങിയ രണ്ട് കാർഡ്ബോർഡ് പെട്ടികൾ കണ്ടെത്തി. കല്യാണിൽ ഷെയ്ഖിൻ്റ വസതിയിൽ നടത്തിയ റെയ്‌ഡിൽ 19.553 കിലോഗ്രാം മെഫെഡ്രോണും തടി കാബിനറ്റുകളിൽ സൂക്ഷിച്ചിരുന്ന 10.018 കിലോഗ്രാം കെറ്റാമൈനും പിടിച്ചെടുത്തു.കൂടാതെ, വീട്ടിൽ നിന്ന് ഗ്ലാസ് ഫ്ലാസ്‌കുകൾ, കെമിക്കൽ കണ്ടെയ്‌നറുകൾ എന്നിവയുൾപ്പെടെയുള്ള നിർമ്മാണ ഉപകരണങ്ങളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. 44.09 ലക്ഷം രൂപയോളം വരുന്ന ഇന്ത്യൻ കറൻസിയും 1,350 യുഎസ് ഡോളറും 40 യൂറോയും ഒരു അലുമിനിയം പെട്ടിയില്‍ നിന്ന് കണ്ടെടുത്തു.
സ്ഥലത്ത് നിന്ന് കണ്ടെത്തിയ ഉപകരണങ്ങളും രാസവസ്‌തുക്കളും "എൻഡിപിഎസ് നിയമം നിരോധിച്ചിരിക്കുന്ന വസ്‌തുക്കളുടെ നിർമ്മാണത്തിനായി ഉപയോഗിക്കുന്നുണ്ടെന്ന്" കോടതി നിരീക്ഷിച്ചു. പ്രതിയുടെ പ്രായവും ആരോഗ്യ പ്രശ്‌നങ്ങളും കണക്കിലെടുത്ത് ശിക്ഷ ഇളവ് നൽകണമെന്ന് പ്രതിഭാഗം വാദിച്ചപ്പോൾ, "പ്രതിയുടെ കൈവശം വളരെ വലിയ അളവിൽ മെഫെഡ്രോണും വൻതോതിലുള്ള കെറ്റാമിനും വൻതോതിലുള്ള പണവും വിദേശനാണ്യവും നിർമ്മാണ ഉപകരണങ്ങളും മറ്റും കണ്ടെത്തിയ സാഹചര്യത്തിൽ, ഈ കേസിൽ ശിക്ഷ ന്യായവും ഉചിതവുമായിരിക്കും" എന്ന് കോടതി ചൂണ്ടിക്കാട്ടി.കുറ്റകൃത്യത്തിൽ മറ്റ് രണ്ട് പ്രതികളുടെ പങ്ക് സ്ഥാപിക്കാൻ കഴിയാത്തതിനാൽ ഇവർക്ക് സംശയത്തിൻ്റെ ആനുകൂല്യം നൽകി, വെറുതെവിട്ടു. പിടിച്ചെടുത്ത ഇന്ത്യൻ കറൻസി സർക്കാരിന് ക്രെഡിറ്റ് ചെയ്യാനും വിദേശനാണ്യം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് (ആർബിഐ) അയയ്ക്കാനും കോടതി ഉത്തരവിട്ടു. കേസിൽ ആകെ 15 പ്രോസിക്യൂഷൻ സാക്ഷികളെ വിസ്‌തരിച്ചിട്ടുണ്ട്.
.