കാഫിർ സ്ക്രീൻഷോട്ട് കേസ്: അന്വേഷണ സംഘത്തെ വെല്ലുവിളിച്ച് ജാമ്യത്തിലിറങ്ങിയ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ
കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ ജാമ്യത്തിലിറങ്ങിയ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ അന്വേഷണ സംഘത്തെ വെല്ലുവിളിച്ച് രംഗത്ത്. താൻ സ്ക്രീൻഷോട്ട് അയച്ച പത്തുപേരെയെങ്കിലും കാണിച്ചുതന്നാൽ കുറ്റം ഏൽക്കാമെന്നും പാർട്ടി നേതൃത്വം വിലക്കിയതിനാലാണ് കൂടുതൽ പ്രതികരിക്കാത്തതെന്നും ജിതിൻ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷമുള്ള ജിതിൻ്റെ ആദ്യ പ്രതികരണമാണിത്. തനിക്ക് പറയാൻ ഒട്ടേറെ കാര്യങ്ങളുണ്ടെങ്കിലും കേസ് കോടതിയുടെ പരിഗണനയിലായതിനാലും പാർട്ടി നേതൃത്വത്തിൻ്റെ നിർദേശമുള്ളതിനാലും കൂടുതൽ വിശദീകരിക്കുന്നില്ലെന്ന് ജിതിൻ പറഞ്ഞു. താൻ ഇരുന്നൂറോളം പേർക്ക് സ്ക്രീൻഷോട്ട് ബ്രോഡ്കാസ്റ്റ് ചെയ്തുവെന്നാണ് ആരോപണം. എന്നാൽ തൻ്റെ ബ്രോഡ്കാസ്റ്റ് ലിസ്റ്റിലുള്ള 250 പേരിൽ തിരുവള്ളൂരിലെ അടിയുറച്ച കോൺഗ്രസ് പ്രവർത്തകരുമുണ്ട്. ഹരിപ്രസാദ് സി കെ മുതൽ അൽ അമീൻ വരെയുള്ള കോൺഗ്രസുകാരായ സുഹൃത്തുക്കൾക്കും അയൽവാസികൾക്കും താൻ പോസ്റ്ററുകളും വികസന നേട്ടങ്ങളും പ്രതിപക്ഷത്തിൻ്റെ പൊള്ളത്തരങ്ങളും അയച്ചുകൊടുക്കാറുണ്ട്. സ്ക്രീൻഷോട്ട് അയച്ചുവെന്ന് പറയുന്ന ഇരുന്നൂറുപേരിൽ പത്തുപേർക്കെങ്കിലും ലഭിച്ചതിൻ്റെ തെളിവ് ഹാജരാക്കാൻ സാധിക്കുമോ എന്നും അങ്ങനെ തെളിയിച്ചാൽ താനാണ് ഇത് ചെയ്തതെന്ന് ഉറപ്പിക്കാമെന്നും ജിതിൻ വെല്ലുവിളിച്ചു.
കേസിൽ പ്രധാന തെളിവുകൾ നശിപ്പിക്കപ്പെട്ടെന്നാണ് ജിതിൻ്റെ റിമാൻഡ് റിപ്പോർട്ടിൽ അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുള്ളത്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ജിതിന് ജയിലിന് പുറത്ത് സിപിഎം നേതൃത്വം സ്വീകരണമൊരുക്കിയത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. കേസിൽ ആദ്യം ആരോപണവിധേയനായ എംഎസ്എഫ് നേതാവ് പി കെ കാസിമിനെ പ്രത്യേക അന്വേഷണ സംഘം പ്രതിപ്പട്ടികയിൽനിന്ന് പൂർണമായി ഒഴിവാക്കിയതിന് പിന്നാലെയാണ് ജിതിന് ജാമ്യം ലഭിച്ചത്.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിലെ പോളിങ് ദിനത്തിന് തൊട്ടുമുൻപാണ് വിവാദമായ കാഫിർ സ്ക്രീൻഷോട്ട് പ്രചരിച്ചത്. യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ഷാഫി പറമ്പിൽ എംപിയെ ദീനിയായ മുസ്ലിമായും എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജയെ കാഫിറായും ചിത്രീകരിക്കുന്നതായിരുന്നു പോസ്റ്റ്. എംഎസ്എഫ് പ്രവർത്തകനായ പി കെ മുഹമ്മദ് കാസിം വാട്സാപ്പിൽ അയച്ചതെന്ന പേരിൽ പ്രചരിച്ച വ്യാജ സ്ക്രീൻഷോട്ട് വലിയ രാഷ്ട്രീയ കോളിളക്കമാണ് സൃഷ്ടിച്ചത്. എൽഡിഎഫിൻ്റെ പരാതിയിൽ കാസിമിനെ പ്രതിയാക്കി പൊലീസ് ആദ്യം അന്വേഷണം നടത്തിയെങ്കിലും ഹൈക്കോടതിയുടെ ഇടപെടലിനെത്തുടർന്ന് നടന്ന തുടരന്വേഷണത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ റിബേഷ് രാമകൃഷ്ണനാണ് ഇത് പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തി. ഇതോടെ വടകര പൊലീസ് കേസ് അന്വേഷണം അവസാനിപ്പിച്ചു.
ജിതിൻ അഡ്മിനായ വടകര സ്ക്വാഡ് എന്ന വാട്സാപ്പ് ഗ്രൂപ്പിലാണ് സ്ക്രീൻഷോട്ട് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ജിതിൻ അംഗമായ മറ്റ് ഗ്രൂപ്പുകളിലേക്കും ഇത് വ്യാപകമായി പ്രചരിപ്പിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം ജിതിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു. സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ പാറക്കൽ അബ്ദുല്ല എംഎൽഎ മന്ത്രി രമേശ് ചെന്നിത്തലയെ കണ്ട് വിഷയം ഉന്നയിച്ചതിനെത്തുടർന്നാണ് കേസിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. തെരഞ്ഞെടുപ്പ് കാലത്ത് മതസ്പർധ വളർത്താൻ ലക്ഷ്യമിട്ട് നടത്തിയ വ്യാജ പ്രചാരണത്തിൻ്റെ ഉറവിടം കണ്ടെത്തണമെന്ന ഹൈക്കോടതിയുടെ കർശന നിർദേശവും അന്വേഷണത്തിന് വേഗം കൂട്ടി.