തെറ്റ് തിരുത്തേണ്ടത് ഞാനല്ല, പാർട്ടിയാണ്: എം.വി.യ്ക്ക് മറുപടിയുമായി ടി.കെ

കണ്ണൂർ: തെറ്റ് തിരുത്തിയാൽ പാർട്ടിയിലേക്ക് മടങ്ങിവരാമെന്ന സി.പി.എം സംസ്ഥാന നേതൃത്വത്തിൻ്റെ പ്രസ്താവനകളെ രൂക്ഷമായി വിമർശിച്ച് വിമത നേതാവ് ടി.കെ. ഗോവിന്ദൻ. താൻ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും, മറിച്ച് പാർട്ടി നേതൃത്വത്തിനാണ് തെറ്റുപറ്റിയതെന്നും അതിനാൽ പാർട്ടിയാണ് ആദ്യം തെറ്റ് തിരുത്തേണ്ടതെന്നും അദ്ദേഹം തുറന്നടിച്ചു . എം.വി. ജയരാജനും എം.വി. ഗോവിന്ദനും ഉൾപ്പെടെയുള്ള നേതാക്കളുടെ പ്രസ്താവനകൾക്കെതിരെയാണ് ടി.കെ. ഗോവിന്ദൻ കടുത്ത ഭാഷയിൽ പ്രതികരിച്ചത്.
പാർട്ടിയിൽ നിന്ന് പുറത്തുപോയ എം.വി. രാഘവനും സി.എം.പിയും പിന്നീട് തിരിച്ചുവന്ന ചരിത്രം ഓർമ്മിപ്പിച്ച എം.വി. ജയരാജന് മറുപടിയായി ടി.കെ. ഗോവിന്ദൻ ഇങ്ങനെ പറഞ്ഞു: “എം.വി. രാഘവൻ ആരോഗ്യസ്ഥിതി മോശമായി ബോധമില്ലാത്ത അവസ്ഥയിലെത്തിയപ്പോഴാണ് തിരിച്ചുവന്നത്. സി.എം.പി പാർട്ടിയിൽ ലയിച്ചത് അദ്ദേഹത്തിന്റെ മരണശേഷവുമാണ്.” അനാവശ്യമായ മഹത്വവൽക്കരണം എം.വി. ഗോവിന്ദൻ നടത്തേണ്ടതില്ലെന്നും അദ്ദേഹം പരിഹസിച്ചു.
പാർട്ടിയെ തെറ്റായ രീതിയിൽ നയിക്കുന്നവരാണ് യഥാർത്ഥ വർഗ്ഗവഞ്ചകരെന്നും, അക്കാര്യം ജനങ്ങൾക്ക് വ്യക്തമാണെന്നും ടി.കെ. ഗോവിന്ദൻ പറഞ്ഞു. പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട കരാർ ഒപ്പിട്ടത് ഏത് മന്ത്രിയാണെന്ന് നേതാക്കൾ ഓർക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. തങ്ങൾ തിരികെ വരുന്നതിനെക്കുറിച്ച് ചർച്ച ചെയ്യേണ്ട അവസ്ഥയിലേക്ക് പാർട്ടി ഭാവിയിൽ എത്തിച്ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്താണ് തങ്ങൾ ചെയ്ത തെറ്റെന്നും, ആരാണ് തിരുത്തേണ്ടതെന്നും വ്യക്തമാക്കാൻ എം.വി. ജയരാജൻ തയ്യാറാകണമെന്നും ടി.കെ. ഗോവിന്ദൻ വെല്ലുവിളിച്ചു.
https://www.worldm.news/keralam/mv-govindan-refutes-mv--32090