പത്തനംതിട്ടയിലെ വ്യാജ പീഡന പരാതി: പോലീസ് ക്രൂരമായി മർദ്ദിച്ചതായി കസ്റ്റഡിയിലെടുത്ത യുവാവ്

പത്തനംതിട്ടയിലെ വ്യാജ പീഡന പരാതി: പോലീസ് ക്രൂരമായി മർദ്ദിച്ചതായി കസ്റ്റഡിയിലെടുത്ത യുവാവ്

പത്തനംതിട്ട: സഹപാഠികൾ പീഡിപ്പിച്ചെന്ന 13 വയസുകാരിയുടെ പരാതിയില്‍ കസ്റ്റഡിയിലെടുത്ത തന്നെ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന പരാതിയുമായി യുവാവ്. പത്തനാപുരത്ത് വാടകക്ക് താമസിക്കുന്ന യുവാവാണ് കൂടൽ പൊലീസ് സ്റ്റേഷനിലെ എസ് ഐയ്ക്കും സംഘത്തിനുമേതിരെ മാധ്യമങ്ങൾക്ക് മുന്നിൽ ഗുരുതര ആരോപണങ്ങൾ നടത്തിയിരിക്കുന്നത്.ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് പരാതിയും നല്‍കി. കൂടല്‍ എസ്‌ഐ ജയമോഹനും സംഘവും മര്‍ദിച്ചതായാണ് യുവാവിന്‍റെ പരാതി. തന്നെ മര്‍ദിച്ച പൊലീസിനെതിരെയും വ്യാജ പരാതി നല്‍കിയവര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കണമെന്നും യുവാവ് പരാതിയില്‍ ആവശ്യപ്പെട്ടു.ചൂരല്‍ കൊണ്ട് അടിക്കുകയും ബൂട്ടിട്ട് ചവിട്ടുകയും ചെയ്‌തുവെന്ന് 20 കാരനായ യുവാവ് പരാതിപ്പെട്ടു. താൻ ഹൃദ്രോഗിയാണെന്ന് പറഞ്ഞിട്ടും മർദ്ദനം തുടർന്നു.

ആദ്യം തന്‍റെ സഹോദരനെയാണ് പൊലീസ്‌ ആളുമാറി കൊണ്ടുപോയത്. പിന്നീട് തന്നെ കസ്റ്റഡിയിൽ കൊണ്ടുപോയി. സംഭവത്തിൽ നിയമ നടപടിക്കൊരുങ്ങുകയാണ് യുവാവും കുടുംബവും. ജൂലൈ മൂന്നിന് തിരിച്ചറിയലിനാണെന്ന് പറഞ്ഞു പൊലീസ് ക്വട്ടേഴ്‌സിലേക്കാണ് തന്നെ വീട്ടിൽ നിന്ന് കൊണ്ടുപോയത്.

സാറന്മാർ എന്നെ ചീത്തവിളിച്ച ശേഷം ഒരു മൂലയിൽ പിടിച്ചിരുത്തി. കാൽ നീട്ടിവയ്പ്പിച്ച ശേഷം ചൂരൽ വടികൊണ്ടടിക്കുകയും ബൂട്ട് കൊണ്ട് കാലിൽ ചവിട്ടി കറക്കുകയും ചെയ്‌തു. ചെവിയിൽ പിടിച്ച് കറക്കുകയും തലമുടിയിൽ പിടിച്ചു വലിക്കുകയും പോക്സോ കേസിന്‍റെ പേരിൽ തന്നെ ഉപദ്രവിക്കുകയായിരുന്നുവെന്നും മാധ്യമങ്ങളോട് പറഞ്ഞു. ആദ്യം പെൺകുട്ടിയുടെ പേര് പറഞ്ഞപ്പോൾ എനിക്കറിയില്ലായിരുന്നു. എന്നാൽ ഫോട്ടോ കണ്ടപ്പോൾ ആളെ മനസിലായി. തങ്ങൾ ആ സ്ഥലത്ത് താമസിച്ചിട്ടുണ്ടെന്നും ഈ കുട്ടിയുടെ സഹോദരി സ്‌കൂളിൽ തന്‍റെയൊപ്പം പഠിച്ചിട്ടുണ്ടെന്നും സഹപാഠിയുടെ അനുജത്തി എന്നഅതിനപ്പുറം അവരുമായി സംസാരിക്കുകയോ പരിചയപ്പെടുകയോ ചെയ്‌തിട്ടില്ലെന്നും യുവാവ് പറഞ്ഞു.

കുട്ടിയേയും കൊണ്ട് എവിടൊക്കെ പോയി എന്നതുള്‍പ്പെടെയുള്ള കാര്യങ്ങൾ ചോദിച്ചായിരുന്നു മർദനമെന്നും ആ കുട്ടിയെ തനിക്ക് അറിയില്ലെന്നും താൻ എവിടെയും പോയിട്ടില്ലെന്നും എങ്ങോട്ടും കൊണ്ടുപോയില്ലെന്നും മറുപടി നൽകിയെന്നും യുവാവ് പറഞ്ഞു. ഹൃദ്രോഗിയാണെന്ന് പറഞ്ഞിട്ടും മർദ്ദിച്ചു. അവരെന്നെ ഐഡന്‍റിഫൈ ചെയ്‌തു എന്നാണ് പറഞ്ഞത്. അതെങ്ങനെയെന്ന് എനിക്കറിയില്ല. രണ്ടു വർഷം മുൻപേ ഓപ്പൺ സർജറി ചെയ്‌തിരുന്നു. എന്നെ ഒന്നും ചെയ്യരുതെന്ന് വീട്ടുകാരും പറഞ്ഞിരുന്നു. ഒരു തെറ്റും ചെയ്യാതെയായിരുന്നു മർദനമെന്നും യുവാവ് പറഞ്ഞു. പിന്നീട് വൈദ്യ പരിശോധന ഫലം വന്നു. നിരപരാധിയെന്ന് മനസിലായതിനു ശേഷം വിട്ടയയ്ക്കുകയായിരുന്നു എന്നാണ് അവർ പറഞ്ഞതെന്നും യുവാവ് പറഞ്ഞു. ശരീരത്തിൽ മർദ്ദനമേറ്റതിൻ്റെപാടുകൾ യുവാവ് മാധ്യമപ്രവർത്തകരെ കാണിച്ചു.

എന്നാൽ കസ്റ്റഡി മർദ്ദനമെന്ന ആരോപണം പൊലീസ് തള്ളുകയാണ്. പരാതിക്കാരിയായ പെൺകുട്ടി നൽകിയ മൊഴി പ്രകാരം വിവരം തേടുക മാത്രമാണ് നടന്നതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. ഇതിനിടെ സംഭവത്തിൽ ഡിവൈഎഫ്‌ഐ കൊടുമണ്‍ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ കൂടല്‍ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച്‌ നടത്തി.