ഫിഫലോകകപ്പ് ക്വാർട്ടർ ഫൈനൽ: മൊറോക്കോയ്ക്ക് തിരിച്ചടി; ഇസ്മായിൽ സായിബാരി പുറത്ത്

ബോസ്റ്റൺ: ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഫ്രാൻസിനെ നേരിടാനൊരുങ്ങുന്ന മൊറോക്കോയ്ക്ക് കനത്ത തിരിച്ചടി. ടീമിലെ പ്രധാന താരമായ ഇസ്മായിൽ സായിബാരിക്ക് പരിക്കേറ്റതിനെത്തുടർന്ന് നിർണ്ണായക മത്സരത്തിൽ കളിക്കാനാവില്ലെന്ന് പരിശീലകൻ മുഹമ്മദ് ഔഹാബി സ്ഥിരീകരിച്ചു. കഴിഞ്ഞ മത്സരത്തിൽ കാനഡയ്‌ക്കെതിരെ കളിക്കുമ്പോഴാണ് സായിബാരിക്ക് ഹാംസ്ട്രിംഗ് പരിക്ക് സംഭവിച്ചത്.ഈ ടൂർണമെന്റിൽ മികച്ച ഫോമിലുള്ള സായിബാരിയുടെ അസാന്നിധ്യം മൊറോക്കോയുടെ ആക്രമണ നിരയ്ക്ക് വലിയ വെല്ലുവിളിയാകും. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും ഗോൾ നേടിയ താരം, നെതർലൻഡ്‌സിനെതിരായ പ്രീക്വാർട്ടർ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ നിർണ്ണായകമായ ഗോളും നേടിയിരുന്നു. മൊറോക്കോ സെമിഫൈനലിലേക്ക് കടക്കുകയാണെങ്കിൽ സായിബാരിക്ക് തിരിച്ചെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്‌മെന്റ്.
സായിബാരിക്ക് പകരം സൂഫിയാൻ റഹിമി ടീമിലിടം പിടിച്ചേക്കും. 2022 ലോകകപ്പ് സെമിഫൈനലിൽ ഫ്രാൻസിനോട് ഏറ്റുവാങ്ങിയ പരാജയത്തിന് പകരം വീട്ടാനാണ് അറ്റ്‌ലസ് ലയൺസ് ഇറങ്ങുന്നത്. എങ്കിലും, കിരീടപ്രതീക്ഷയുള്ള ഫ്രാൻസിനെ അട്ടിമറിച്ച് സെമിയിലെത്തുമെന്ന പൂർണ്ണ ആത്മവിശ്വാസത്തിലാണ് ബ്രഹിം ഡിയാസും സംഘവും. ടൂർണമെന്റിൽ ക്വാർട്ടർ ഫൈനൽ എത്തിയത് തന്നെ വലിയ നേട്ടമാണെന്ന അഭിപ്രായത്തെ പരിശീലകൻ തള്ളിക്കളഞ്ഞു. തങ്ങൾ ഇവിടെ എത്തിയത് വിജയിക്കാൻ തന്നെയാണെന്നും, സെമിഫൈനലിൽ കടക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.