FIFA WORLD CUP 2026 : ബെൽജിയം യുഎസിനെ 4-1ന് പരാജയപ്പെടുത്തി ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ

FIFA WORLD CUP 2026 : ബെൽജിയം യുഎസിനെ 4-1ന് പരാജയപ്പെടുത്തി ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ

സിയാറ്റിൽ: ലോകകപ്പ് പ്രീ-ക്വാർട്ടർപോരാട്ടത്തിൽ പ്രതിരോധത്തിലെ പിഴവുകൾ മുതലെടുത്ത് ബെൽജിയം യുഎസിനെ 4-1ന് പരാജയപ്പെടുത്തി ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ എത്തി.ബെൽജിയത്തിനായി ചാൾസ് ഡി കെറ്റലെയർ ഇരട്ട ഗോളുകൾ നേടിയപ്പോൾ, ഹാൻസ് വാനകെൻ, റൊമേലു ലുക്കാക്കു എന്നിവർ ശേഷിക്കുന്ന ഗോളുകൾ സ്വന്തമാക്കി.ഇതോടെ കാനഡയ്ക്കും മെക്സിക്കോയ്ക്കും പിന്നാലെ മൂന്നാം സഹ-ആതിഥേയരായ അമേരിക്കയും ലോകകപ്പിൽ നിന്ന് പുറത്തായി. ക്വാർട്ടറിൽ സ്പെയിനാണ് ബെൽജിയത്തിന്റെ എതിരാളികൾ. മത്സരത്തിന് മുൻപ് ഫോളാരിൻ ബലോഗൻ എന്ന യുഎസ് സ്ട്രൈക്കറുടെ വിലക്കിനെച്ചൊല്ലിയായിരുന്നു ഫുട്ബോൾ ലോകത്ത് വലിയ തർക്കം നടന്നത്. ബോസ്നിയക്കെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട ബലോഗന്റെ ഒരു മത്സര വിലക്ക് ഒഴിവാക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫിഫയോട് ആവശ്യപ്പെടുകയും, ഫിഫ അത് അംഗീകരിക്കുകയും ചെയ്തിരുന്നു.

കെവിൻ ഡി ബ്രൂയ്‌നെ, ജെറമി ഡോകു തുടങ്ങിയ പ്രമുഖരെ ബെഞ്ചിലിരുത്തിയാണ് ബെൽജിയം പരിശീലകൻ റൂഡി ഗാർഷ്യ ടീമിനെ ഇറക്കിയത്. ഒമ്പതാം മിനിറ്റിൽ തന്നെ ഡി കെറ്റലെയറിലൂടെ ബെൽജിയം ലീഡെടുത്തു. 30-ാം മിനിറ്റിൽ മാലിക് ടിൽമാൻ ഫ്രീക്കിക്കിലൂടെ യുഎസിന് സമനില സമ്മാനിച്ചെങ്കിലും 33-ാം മിനിറ്റിൽ ഡി കെറ്റലെയർ വീണ്ടും ബെൽജിയത്തെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയിൽ അമേരിക്കൻ ഗോൾകീപ്പർ മാറ്റ് ഫ്രീസിന് സംഭവിച്ച പിഴവാണ് യുഎസിന്റെ തകർച്ച പൂർത്തിയാക്കിയത്.

57-ാം മിനിറ്റിൽ പന്തുമായി പതറിയ കീപ്പറുടെ പക്കൽ നിന്ന് ഡി കെറ്റലെയർ തട്ടിയെടുത്ത പന്ത് ഹാൻസ് വാനകെൻ ലക്ഷ്യത്തിലെത്തിച്ചു (3-1). തൊട്ടുപിന്നാലെ ക്യാപ്റ്റൻ ക്രിസ്റ്റ്യൻ പുലിസിച്ച് പരിക്കേറ്റ് പുറത്തായതോടെ യുഎസിന്റെ തിരിച്ചുവരവ് പ്രതീക്ഷകൾ അവസാനിച്ചു. ഇഞ്ചുറി ടൈമിൽ പകരക്കാരനായി ഇറങ്ങിയ റൊമേലു ലുക്കാക്കു ബെൽജിയത്തിന്റെ നാലാം ഗോളും നേടി അമേരിക്കൻ ദുരന്തം പൂർത്തിയാക്കി. ലോകകപ്പ് ക്വാർട്ടറിലെത്താമെന്ന അമേരിക്കയുടെ മോഹങ്ങളാണ് ഇതോടെ സ്വന്തം മണ്ണിൽ പൊലിഞ്ഞത്.