FIFA WORLD CUP: ഗ്രൂപ്പ് ഘട്ടത്തിന് കൊടിയിറക്കം: അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ന് (നാളെ)മെസ്സിയും റൊണാൾഡോയും...

 FIFA WORLD CUP: ഗ്രൂപ്പ് ഘട്ടത്തിന് കൊടിയിറക്കം: അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ന് (നാളെ)മെസ്സിയും റൊണാൾഡോയും...

ഹൈദരാബാദ്: ഫിഫ ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ആവേശകരമായ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ടൂർണമെന്‍റിന്‍റെ പതിനാറാം ദിനമായ ഇന്ന് ഗ്രൂപ്പ് ജെ, ഗ്രൂപ്പ് കെ, ഗ്രൂപ്പ് എൽ എന്നിവയിലെ അവസാന റൗണ്ട് മത്സരങ്ങളാണ് അരങ്ങേറുന്നത്. സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും, ലയണൽ മെസ്സിയുടെ അർജന്‍റീനയും, ഹാരി കെയ്‌നിന്‍റെ ഇംഗ്ലണ്ടും ഇന്ന് തങ്ങളുടെ മത്സരങ്ങൾക്കായി ബൂട്ട് കെട്ടും.

ഇംഗ്ലണ്ട് vs പനാമ - പുലർച്ചെ 2:30

ആദ്യ മത്സരത്തിൽ ഹാരി കെയ്ൻ നയിക്കുന്ന ഇംഗ്ലണ്ട് പനാമയെ നേരിടും. ന്യൂജേഴ്‌സി സ്റ്റേഡിയത്തിലാണ് ഈ പോരാട്ടം നടക്കുന്നത്. ആദ്യ മത്സരത്തിൽ ക്രൊയേഷ്യയെ പരാജയപ്പെടുത്തിയ തോമസ് ടുഹേലിന്‍റെ ഇംഗ്ലണ്ടിന്, രണ്ടാം മത്സരത്തിൽ അച്ചടക്കമുള്ള കളി പുറത്തെടുത്ത ഘാനയോട് സമനില വഴങ്ങേണ്ടി വന്നിരുന്നു. മികച്ച രീതിയിൽ പന്ത് കൈവശം വെച്ചിട്ടും ഘാനയുടെ പ്രതിരോധ കോട്ട തകർക്കാൻ ഇംഗ്ലണ്ടിന് സാധിച്ചില്ല. നോക്കൗട്ട് മത്സരങ്ങൾക്ക് മുൻപ് തങ്ങളുടെ പോരായ്‌മകൾ പരിഹരിക്കാനാകും ഇംഗ്ലണ്ട് ഇന്ന് ശ്രമിക്കുക. ഇന്ന് പനാമയെ വൻ മാർജിനിൽ പരാജയപ്പെടുത്തി ഗ്രൂപ്പ് ചാമ്പ്യന്മാരായി അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടുകയാണ് ഇംഗ്ലണ്ടിന്‍റെ ലക്ഷ്യം.മറുഭാഗത്ത്, ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട പനാമ ഇതിനകം തന്നെ ടൂർണമെന്‍റില്‍ നിന്ന് പുറത്തായിക്കഴിഞ്ഞു. എങ്കിലും, തോമസ് ക്രിസ്റ്റ്യൻസന്‍റെ കീഴിൽ മികച്ച അറ്റാക്കിംഗ് ഫുട്ബോൾ കളിക്കുന്ന അവർക്ക് ഈ മത്സരം വെറുമൊരു ചടങ്ങല്ല, മറിച്ച് തങ്ങളുടെ അന്തസ്സും അഭിമാനവും വീണ്ടെടുക്കാനുള്ള പോരാട്ടമാണ്.

ക്രൊയേഷ്യ vs ഘാന - പുലർച്ചെ 2:30

മറ്റൊരു മത്സരത്തിൽ ക്രൊയേഷ്യയും ഘാനയും തമ്മിൽ ഏറ്റുമുട്ടും. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട ക്രൊയേഷ്യ, രണ്ടാം മത്സരത്തിൽ പനാമയെ ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് പരാജയപ്പെടുത്തിക്കൊണ്ടാണ് ശക്തമായി തിരിച്ചുവന്നത്. ക്രൊയേഷ്യയ്ക്ക് ഇന്ന് വിജയിക്കാനായാൽ നോക്കൗട്ട് ഉറപ്പിക്കാം. മറ്റ് മത്സരങ്ങളുടെ ഫലത്തെ ആശ്രയിച്ച് ഒരു സമനില പോലും ചിലപ്പോൾ അവർക്ക് യോഗ്യത നേടിക്കൊടുത്തേക്കാം.എന്നാൽ കാർലോസ് ക്വിറോസ് പരിശീലിപ്പിക്കുന്ന ഘാന നിലവിൽ വളരെ സുരക്ഷിതമായ സ്ഥാനത്താണ്. കളിച്ച രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ പോലും വഴങ്ങാതെ 4 പോയിന്‍റുകള്‍ അവർ സ്വന്തമാക്കിയിട്ടുണ്ട്. ഇംഗ്ലണ്ടിനെ സമനിലയിൽ തളയ്ക്കുകയും പനാമയെ പരാജയപ്പെടുത്തുകയും ചെയ്‌ത ഘാനയുടെ കരുത്തുറ്റ പ്രതിരോധം തകർക്കുക ക്രൊയേഷ്യയ്ക്ക് വലിയ വെല്ലുവിളിയായിരിക്കും.

കൊളംബിയ vs പോർച്ചുഗൽ - പുലർച്ചെ 5:00

ഇന്നത്തെ ഏറ്റവും ആവേശകരമായ സൂപ്പർ പോരാട്ടത്തിൽ കൊളംബിയയും പോർച്ചുഗലും നേർക്കുനേർ വരുന്നു. ഉസ്ബെക്കിസ്ഥാൻ, ഡിആർ കോംഗോ എന്നീ ടീമുകളെ പരാജയപ്പെടുത്തിയ കൊളംബിയ ഇതിനകം തന്നെ റൗണ്ട് ഓഫ് 32 യോഗ്യത നേടിക്കഴിഞ്ഞു. ലോറെൻസോയുടെ കീഴിലിറങ്ങുന്ന കൊളംബിയക്ക് ഗ്രൂപ്പ് ചാമ്പ്യന്മാരാകാൻ ഇന്ന് ഒരു സമനില മാത്രം മതിയാകും.എന്നാൽ റോബർട്ടോ മാർട്ടിനെസിന്‍റെ പോർച്ചുഗലിന് ഇന്ന് പിഴവുകൾക്ക് സ്ഥാനമില്ല. ആദ്യ മത്സരത്തിൽ ഡിആർ കോംഗോയോട് അപ്രതീക്ഷിത സമനില വഴങ്ങിയ അവർക്ക്, ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തണമെങ്കിൽ ഇന്ന് കൊളംബിയയെ പരാജയപ്പെടുത്തിയേ തീരൂ. കഴിഞ്ഞ മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെ 5-0 ന് തകർത്തതിന്‍റെ ആത്മവിശ്വാസത്തിലാണ് അവർ വരുന്നത്. ഇന്നത്തെ മത്സരത്തിലും റൊണാൾഡോയുടെ ഫോമിലാണ് പോർച്ചുഗലിന്‍റെ പ്രതീക്ഷകൾ മുഴുവൻ.

ഡിആർ കോംഗോ vs ഉസ്ബെക്കിസ്ഥാൻ - പുലർച്ചെ 5:00

52 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് കളിക്കാനെത്തിയ ഡിആർ കോംഗോ, തങ്ങളുടെ ആദ്യ മത്സരത്തിൽ പോർച്ചുഗലിനെ 1-1 ന് സമനിലയിൽ തളച്ച് ഞെട്ടിച്ചിരുന്നു. രണ്ടാം മത്സരത്തിൽ കൊളംബിയയോട് 1-0 ന് അവർ പരാജയപ്പെട്ടു. അറ്റ്ലാന്‍റയില്‍ നടക്കുന്ന ഇന്നത്തെ മത്സരത്തിൽ ഇതിനകം തന്നെ പുറത്തായ ഉസ്ബെക്കിസ്ഥാനെ പരാജയപ്പെടുത്താനായാൽ, മികച്ച മൂന്നാം സ്ഥാനക്കാരായ ടീമുകളിൽ ഒന്നായി കോംഗോയ്ക്ക് അടുത്ത റൗണ്ടിലേക്ക് മുന്നേറാൻ സാധിക്കും.

അൾജീരിയ vs ഓസ്ട്രിയ - രാവിലെ 7:30

ഗ്രൂപ്പ് ജെയിലെ നിർണായക പോരാട്ടത്തിൽ അൾജീരിയയും ഓസ്ട്രിയയും കാൻസാസ് സിറ്റിയിൽ ഏറ്റുമുട്ടും. നിലവിൽ രണ്ട് ടീമുകൾക്കും 3 പോയിന്‍റ് വീതമുണ്ട്. അർജന്‍റീനയ്ക്ക് തൊട്ടുപിന്നിലാണ് ഇരുടീമുകളുടെയും സ്ഥാനം. അതിനാൽ ഇന്ന് വിജയിക്കുന്ന ടീമിന് നേരിട്ട് നോക്കൗട്ടിലേക്ക് പ്രവേശിക്കാം. 1982 ലോകകപ്പിലെ വിവാദപരമായ 'ഡിസ്ഗ്രേസ് ഓഫ് ഗിജോൺ' മത്സരവുമായി ഇതിനെ താരതമ്യം ചെയ്യേണ്ടതില്ലെന്നും, തങ്ങളുടെ ലക്ഷ്യം വിജയം മാത്രമാണെന്നും ഓസ്ട്രിയൻ കോച്ച് റാൽഫ് റാഗ്നിക് വ്യക്തമാക്കിയിട്ടുണ്ട്.

ജോർദാൻ vs അർജന്‍റീന - രാവിലെ 7:30am

ഗ്രൂപ്പ് ജെയിൽ ഇതിനകം തന്നെ രണ്ട് മത്സരങ്ങളും വിജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ട് ഉറപ്പിച്ച നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്‍റീന തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ജോർദാനെ നേരിടും. എന്നാൽ ഈ മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സി ആദ്യ ഇലവനിൽ ഉണ്ടാകില്ലെന്ന് കോച്ച് ലയണൽ സ്കലോണി വാർത്താസമ്മേളനത്തിൽ സ്ഥിരീകരിച്ചു.തന്‍റെ 39-ാം ജന്മദിനം ആഘോഷിച്ച മെസ്സിക്ക് നോക്കൗട്ട് മത്സരങ്ങൾക്ക് മുൻപ് ആവശ്യമായ വിശ്രമം നൽകുന്നതിനാണ് ഈ തീരുമാനം. എങ്കിലും മെസ്സി മത്സരത്തിന്‍റെ രണ്ടാം പകുതിയിൽ പകരക്കാരനായി കളത്തിൽ ഇറങ്ങുമെന്നും ആരാധകരെ നിരാശപ്പെടുത്തില്ലെന്നും കോച്ച് സൂചന നൽകിയിട്ടുണ്ട്. പരീക്ഷണങ്ങൾക്കും ബെഞ്ച് കരുത്ത് പരിശോധിക്കുന്നതിനും അർജന്‍റീനയ്ക്ക് ഈ മത്സരം പ്രയോജനപ്പെടും.