FIFA WORLD CUP : ഓസ്ട്രിയൻ പ്രതിരോധത്തെ കീറിമുറിച്ച് സ്പെയിൻ പ്രീക്വാർട്ടറിലേക്ക്

FIFA WORLD CUP : ഓസ്ട്രിയൻ പ്രതിരോധത്തെ കീറിമുറിച്ച് സ്പെയിൻ  പ്രീക്വാർട്ടറിലേക്ക്

ലൊസാഞ്ചലസ്: 2010 ൽ ലോകകിരീടം ചൂടിയതിന് ശേഷം നോക്കൗട്ട് ഘട്ടത്തിൽ നേരിട്ട പതിറ്റാണ്ടുകൾ നീണ്ട ശാപം സ്പെയിൻ ഒടുവിൽ മറികടന്നു. അമേരിക്കയിലെ സോഫി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഓസ്ട്രിയയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തെറിഞ്ഞ് സ്പെയിൻ 2026 ലോകകപ്പിൻ്റെ പ്രീക്വാർട്ടറിലേക്ക് മുന്നേറി. 22 ഗോൾ ശ്രമങ്ങളും 10 ഓൺ ടാർഗെറ്റ് ഷോട്ടുകളുമായി മത്സരത്തിലുടനീളം സ്‌പാനിഷ് പട തങ്ങളുടെ സമ്പൂർണ ആധിപത്യം കാഴ്ച്ചവെച്ചു. സ്പെയിനിനായി ഫോർവേഡ് മൈകെൽ ഒയർസബാൽ ഇരട്ട ഗോളുകൾ നേടിയപ്പോൾ, പ്രതിരോധ താരം പെഡ്രോ പൊറോ തൻ്റെ ആദ്യ ഗോൾ കുറിച്ചു.മത്സരത്തിൻ്റെ കിക്ക് ഓഫിന് മുൻപ് തന്നെ സ്പെയിൻ ഒരു ചരിത്രം കുറിച്ചിരുന്നു. ബാഴ്‌സലോണയുടെ കൗമാര താരങ്ങളായ ലമീൻ യമാലും പ്രകടന മികവ് കൊണ്ട് ശ്രദ്ധേയനായ പാവ് കുബാർസിയും ഒരുമിച്ച് ആദ്യ ഇലവനിൽ ഇറങ്ങി. 1958-ൽ ബ്രസീലിനായി പെലെയും ജോസ് അൽതാഫിനിയും ഒരുമിച്ച് കളിച്ചതിന് ശേഷം, ഒരു ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ ഒരു രാജ്യത്തിനായി ഒന്നിച്ച് ബൂട്ട് കെട്ടുന്ന ആദ്യ അണ്ടർ-20 സഖ്യമായി ഇവർ മാറി. കൂടാതെ, ഗോൾകീപ്പർ ഉനായ് സിമോണിൻ്റെ നേതൃത്വത്തിൽ സ്‌പാനിഷ് പ്രതിരോധം ടൂർണമെൻ്റിലെ തങ്ങളുടെ തുടർച്ചയായ നാലാം ക്ലീൻ ഷീറ്റും സ്വന്തമാക്കി.

മത്സരത്തിൻ്റെ ആദ്യ പകുതി മുതൽ 65 ശതമാനം പന്തടക്കവുമായി സ്‌പെയിൻ ഓസ്‌ട്രിയയെ നിരന്തരം സമ്മർദ്ദത്തിലാക്കി. തുടക്കത്തിൽ ലമീൻ യമാലിൻ്റെ ലോങ് റേഞ്ചർ ശ്രമവും ഡാനി ഓൽമോ അയ്മെറിക് ലപോർട്ടെ എന്നിവരുടെ മുന്നേറ്റങ്ങളും ഓസ്ട്രിയൻ ഗോളി അലക്‌സാണ്ടർ ഷ്ലാഗർ കഠിനപ്രയത്നത്തിലൂടെ തടുത്തു. 29-ാം മിനിറ്റിൽ മാർക് കുകുറെല വലകുലുക്കിയെങ്കിലും ഫൗളിനെ തുടർന്ന് റഫറി ഗോൾ നിഷേധിച്ചു.എന്നാൽ 36ആം മിനിറ്റിൽ സ്പെയിൻ കാത്തിരുന്ന നിമിഷമെത്തി. ഇടതുവിങ്ങിൽ നിന്നും കുകുറെല ബോക്‌സിലേക്ക് നൽകിയ പാസ് സ്വീകരിച്ച് മൈകെൽ ഒയാർസബാൾ ഒട്ടും സമ്മർദ്ദമില്ലാതെ പന്ത് വലയിലെത്തിച്ചു (1-0). ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ അലക്‌സ് ബെനയുടെ ഫ്രീകിക്ക് ക്രോസ് ബാറിൽ തട്ടിത്തെറിച്ചതും ഓസ്ട്രിയയ്ക്ക് രക്ഷയായി.

പൊറോയുടെ ഹെഡറും രണ്ടാം ഗോളും

രണ്ടാം പകുതിയിൽ തന്ത്രങ്ങൾ മാറ്റിയ ഓസ്ട്രിയ സാഷ കലാസിച്ചിനെ ഇറക്കി കളിയിലേക്ക് തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും സ്‌പാനിഷ് പ്രതിരോധം കാത്തുനിന്നു. 66-ാം മിനിറ്റിൽ അലക്‌സ് ബെനയുടെ മനോഹരമായ ക്രോസിൽ തലവെച്ച് പെഡ്രോ പൊറോ സ്പെയിനിൻ്റെ ലീഡ് രണ്ടാക്കി ഉയർത്തി (2-0). പൊറോയുടെ കരിയറിലെ ആദ്യ അന്താരാഷ്ട്ര ഗോൾ കൂടിയായിരുന്നു ഇത്. മത്സരത്തിൻ്റെ അവസാന ഘട്ടത്തിൽ (86-ാം മിനിറ്റിൽ) കുകുറെലയുടെ മറ്റൊരു പിൻപോയിൻ്റ് അസിസ്റ്റിൽ നിന്നും ഒയർസബാൽ തൻ്റെ രണ്ടാം ഗോളും നേടി സ്പെയിനിൻ്റെ തകർപ്പൻ വിജയം പൂർത്തിയാക്കി (3-0).ഈ വിജയത്തോടെ 2014, 2018, 2022 ലോകകപ്പുകളിലെ നോക്കൗട്ട് നിരാശകൾക്ക് സ്പെയിൻ അന്ത്യം കുറിച്ചു. റാൽഫ് റാഗ്നിക്കിൻ്റെ കീഴിൽ ഇറങ്ങിയ ഓസ്ട്രിയ 1954-ന് ശേഷം ആദ്യമായി നോക്കൗട്ടിൽ എത്തിയെങ്കിലും സ്‌പാനിഷ് വീര്യത്തിന് മുന്നിൽ കീഴടങ്ങേണ്ടി വന്നു. ജൂലൈ ഏഴിന് നടക്കുന്ന പ്രീക്വാർട്ടർ പോരാട്ടത്തിൽ പോർച്ചുഗലിനെയാണ് സ്പെയിൻ നേരിടുക.