FIFA WORLDCUP 2026: പോർച്ചുഗൽ-സ്പെയിൻ പോരാട്ടം ഇന്ന്; ലോകകപ്പ് പ്രീക്വാർട്ടറിൽ തീപാറുന്ന മത്സരം കാണാം

 FIFA WORLDCUP 2026: പോർച്ചുഗൽ-സ്പെയിൻ പോരാട്ടം ഇന്ന്; ലോകകപ്പ് പ്രീക്വാർട്ടറിൽ തീപാറുന്ന മത്സരം കാണാം

ഡാളസ്: പോർച്ചുഗലും സ്‌പെയിനും തമ്മിലുള്ള ലോകകപ്പ് റൗണ്ട് ഓഫ് പതിനാറാം മത്സരത്തിൽ ഇന്ന്, രണ്ട് തലമുറകൾ തമ്മിലുള്ള പോരാട്ടത്തിന് ഫുടബോൾ പ്രേമികൾ സാക്ഷ്യം വഹിക്കും . 41-ാം വയസ്സിൽ തൻ്റെ  കരിയറിലെ അവസാന ലോകകപ്പിനായി ഇറങ്ങുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയും, 18-ാം വയസ്സിൽ ലോകഫുട്ബോളിനെ അമ്പരപ്പിക്കുന്ന ലമീൻ യമാലും തമ്മിലുള്ള നേർക്കുനേർ പോരാട്ടം ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത് .

 ഡാളസ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഇന്ന് (നാളെ പുലർച്ചെ )അർദ്ധരാത്രി 12.30-നാണ് മത്സരം.

സ്പെയിനിൻ്റെ  യുവനിര അസാധ്യ ഫോമിലാണ്, അതേസമയം ഗ്രൂപ്പ് ഘട്ടത്തിൽ കഷ്ടപ്പെട്ട് കടന്നുവന്ന പോർച്ചുഗലിന് മുന്നിൽ വലിയ വെല്ലുവിളികളാണുള്ളത് .സ്പെയിൻ താരം നിക്കോ വില്യംസ് പരിക്കുകാരണം ഇന്ന് കളിക്കില്ല. എങ്കിലും, മിഖേൽ ഒയാർസബൽ, റോഡ്രി, പെഡ്രി എന്നിവരടങ്ങുന്ന സ്പാനിഷ് പട അജയ്യമായ കുതിപ്പിലാണ്. തുടർച്ചയായ 34 മത്സരങ്ങളായി തോൽവി അറിയാതെയാണ് സ്പെയിൻ ഡാളസിലേക്ക് എത്തുന്നത്.

പോർച്ചുഗൽ ടീമിൽ വലിയ പരിക്കുകളില്ല. റൊണാൾഡോ, ബ്രൂണോ ഫെർണാണ്ടസ്, ലിയാവോ എന്നിവരിലാണ് പോർച്ചുഗലിൻ്റെ  പ്രതീക്ഷകൾ. 2025-ലെ നേഷൻസ് ലീഗ് ഫൈനലിൽ സ്പെയിനിനെ തോൽപ്പിച്ച ആത്മവിശ്വാസം പോർച്ചുഗലിനുണ്ട്.

ഒപ്റ്റയുടെ സൂപ്പർ കമ്പ്യൂട്ടർ പ്രവചനപ്രകാരം സ്പെയിനിനാണ് ജയസാധ്യത കൂടുതൽ. 49.2 ശതമാനം സാധ്യത സ്പെയിനിന് ഉള്ളപ്പോൾ പോർച്ചുഗലിന് 25.6 ശതമാനമാണ് സാധ്യത കൽപ്പിക്കുന്നത്. മത്സരം എക്സ്ട്രാ ടൈമിലേക്കോ പെനാൽറ്റിയിലേക്കോ നീളാനുള്ള സാധ്യതയും (25.2%) തള്ളിക്കളയാനാവില്ല. ഇന്നത്തെ വിജയികൾ ജൂലൈ 10-ന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ അമേരിക്ക അല്ലെങ്കിൽ ബെൽജിയത്തെ നേരിടും.