പ്രളയവും ഉരുൾപൊട്ടലും; ജമ്മു കശ്മീരിൽ17 മരണം, നിരവധിപേരെ കാണാനില്ല

ശ്രീനഗർ: രണ്ട് ദിവസങ്ങളായി ശക്തമായി പെയ്യുന്ന മഴയെ തുടർന്ന് ജമ്മു കശ്മീരിലെ അതിർത്തി ജില്ലയായ പൂഞ്ചിൽ കനത്ത മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും 17 പേർ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തു. ഭൂരിഭാഗം ജനവാസ മേഖലയും വെള്ളത്തിനടിയിലായതിനെ തുടർന്ന് രക്ഷാപ്രവർത്തനം ദുസ്സഹമാകുന്നു. വെള്ളത്തിനടിയിലായവർക്കായി പ്രദേശത്ത് വിവിധ ഏജൻസികളുടെ രക്ഷാപ്രവർത്തനം തുടരുകയാണ്.ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചത് പൂഞ്ച് ജില്ലയിലെ സുരൻകോട്ട് തഹ്സിലിൽ നിന്നാണ്. ഇതുവരെ 16 മൃതദേഹങ്ങൾ കണ്ടെടുത്തതായി പൂഞ്ച് ജില്ലയിലെ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. രാവിലെ രജൗരി ജില്ലയിൽ നിന്ന് ഒരു സ്ത്രീയുടെ മൃതദേഹവും കൂടെ കണ്ടെടുത്തതോടെ മരണ സംഖ്യ പതിനേഴായി ഉയർന്നു. കാണാതായവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതോടെ മരണസംഖ്യ ഉയർന്നേക്കാമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പൂഞ്ചിൽ 77 മില്ലിമീറ്ററും രജൗരിയിൽ 103 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി.

മരിച്ചവരിൽ 8 പേരടങ്ങുന്ന കുടുംബം
ഇന്ന് പുലർച്ചെ സുരൻകോട്ടിലെ ലോവർ മുറാ ഗ്രാമത്തിൽ ശക്തമായ മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഒരു വീട് തകർന്നു. വീടിനുള്ളിലുണ്ടായിരുന്ന എട്ടോളം ആളുകൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി മരിച്ചു. രക്ഷാപ്രവർത്തകർ ബാനോ (60), സോഫിയാൻ യാസാർ (2) എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. അതേസമയം ഒരു സ്ത്രീയും നാല് കുട്ടികളും ഉൾപ്പെടെയുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്.
നൂനബന്ദി ഗ്രാമത്തിൽ ഒരു വീട് തകർന്ന് നാസിയ കൗസർ (28) എന്ന യുവതി മരിച്ചു. ഭർത്താവ് മുഹമ്മദ് ഹാഫിസിനെയും പത്ത് വയസിൽ താഴെ പ്രായമുള്ള മൂന്ന് കുട്ടികളെയും പരിക്കുകളോടെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. സാങ്ലാനി- സുരൻകോട്ടിൽ വീട് തകർന്ന് ഷഹസൈബ് അഹമ്മദ് (22) മരിച്ചു. ഇറാം എന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടി മർഹോട്ടിലെ അരുവിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ മുങ്ങിമരിച്ചു. ദുണ്ടക് ലത്തൂങ് പാലത്തിന് സമീപമുള്ള ഒരു അരുവിയിൽ നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതായും ഉദ്യോഗസ്ഥർ പറഞ്ഞു.പൂഞ്ച് ജില്ലയിലെ ഹവേലി തെഹ്സിലിൽ അര ഡസനോളം വീടുകൾ തകർന്നു. വീട്ടിലുണ്ടായിരുന്ന ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. രാത്രിയിൽ തുടർച്ചയായി പെയ്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ രജൗരി പട്ടണത്തിലെ ഒരു നദിയിൽ നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതായും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടായതിനാൽ നൂറുകണക്കിന് താമസക്കാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റേണ്ടിവന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.
കനത്ത മഴയെത്തുടർന്ന് രജൗരി ജില്ലയിലെ ബേല കോളനിയിലുണ്ടായ വെള്ളപ്പൊക്കവും മേഘവിസ്ഫോടനവും നിരവധി നാശനഷ്ടങ്ങൾക്കും അപകടത്തിനും കാരണമായി. രജൗരി നഗരത്തിലും സമീപ പ്രദേശങ്ങളിലും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളും വീടുകളും കൃഷിഭൂമിയും നശിച്ചു. മേഖലയിലുടനീളം ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനങ്ങൾ ആരംഭിക്കുകയും വെള്ളപ്പൊക്കം മൂലമുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു.

ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ള തൻ്റെ ഡൽഹി സന്ദർശനം വെട്ടിച്ചുരുക്കി സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുന്നതിനായി ജമ്മുവിലേക്ക് തിരിച്ചു. ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹയും ഉന്നതതല യോഗം വിളിച്ച് അടിയന്തിര ദുരിതാശ്വാസത്തിനും ദുരിതബാധിത കുടുംബങ്ങൾക്ക് അടിയന്തര സഹായവും ഉറപ്പാക്കാൻ ഉദ്യോഗസ്ഥരോട് നിർദേശിച്ചു. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിച്ച പ്രതികൂല കാലാവസ്ഥയും പെട്ടെന്നുള്ള വെള്ളപ്പൊക്ക സാധ്യതയും കണക്കിലെടുത്ത് ജമ്മു കശ്മീർ സർക്കാർ അതീവ ജാഗ്രത പുലർത്തുന്നു.തുടർച്ചയായ മഴയും വെള്ളപ്പൊക്കവും ബാധിച്ച രജൗരിയിലെയും പൂഞ്ചിലെയും സ്ഥിതിഗതികൾ മുതിർന്ന ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും അവലോകനം ചെയ്യുകയും ചെയ്ന്നുവെന്ന് എൽ ജി മനോജ് സിൻഹ പറഞ്ഞു. രജൗരിയിൽ, സിവിൽ അഡ്മിനിസ്ട്രേഷൻ, പൊലീസ്, സൈന്യം, എസ്ഡിആർഎഫ്, പ്രാദേശിക സന്നദ്ധപ്രവർത്തകർ എന്നിവരുടെ രക്ഷാപ്രവർത്തന സംഘങ്ങൾ സജീവമായി പ്രവർത്തിക്കുന്നു. ദുരിതബാധിത കുടുംബങ്ങളെ ഇതിനകം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി അദ്ദേഹം അറിയിക്കുകയും മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
ജമ്മു മേഖലയിലെ ചില ഭാഗങ്ങളിൽ ഉണ്ടായ അതിശക്തമായ മഴയെത്തുടർന്നുണ്ടായ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞു. "മഴയും പെട്ടെന്നുള്ള വെള്ളപ്പൊക്കവും മൂലം സ്വത്ത് നഷ്ടമോ നാശനഷ്ടമോ സംഭവിച്ച ദുരിതബാധിതരെ സഹായിക്കുന്നതിനായി സർക്കാർ സാധ്യമായതെല്ലാം ചെയ്യും," ഒമർ എക്സിൽ പോസ്റ്റ് ചെയ്തു.