നിറത്തിൻ്റെ പേരിൽ അധിക്ഷേപം: എട്ടാംക്ലാസ്സുകാരൻ ആത്‍മഹത്യ ചെയ്‌തു

നിറത്തിൻ്റെ പേരിൽ   അധിക്ഷേപം:  എട്ടാംക്ലാസ്സുകാരൻ ആത്‍മഹത്യ ചെയ്‌തു

ധോൽപൂർ: സഹപാഠിയായ പെൺകുട്ടി നിറത്തിൻ്റെ  പേരിൽ അധിക്ഷേപിച്ചതിൽ മനംനൊന്ത് രാജസ്ഥാനിലെ ധോൽപൂർ ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ തക്രാലി സ്വദേശിയായ രാഹുൽ (16) എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. സ്വന്തം നാട്ടിൽ നിന്നും മാറി രാജസ്ഥാനിലെ ധോൽപൂരിലുള്ള ബന്ധുക്കളുടെ വീട്ടിൽ താമസിച്ചായിരുന്നു രാഹുൽ പഠനം നടത്തിയിരുന്നത്.കഴിഞ്ഞ വ്യാഴാഴ്ച സ്കൂളിൽ വെച്ച് രാഹുലും സഹപാഠിയായ പെൺകുട്ടിയും തമ്മിൽ ചെറിയ രീതിയിൽ തർക്കമുണ്ടായിരുന്നു. ഈ തർക്കത്തിനിടയിൽ പെൺകുട്ടി രാഹുലിന്റെ ശരീരനിറത്തെ അധിക്ഷേപിക്കുന്ന തരത്തിൽ സംസാരിച്ചതായി പോലീസ് പറഞ്ഞു. ഈ പരാമർശത്തിൽ കടുത്ത മാനസികവിഷമത്തിലായ രാഹുൽ അന്ന് വൈകുന്നേരം സ്കൂൾ വിട്ട് മുറിയിലെത്തിയ ശേഷം തൂങ്ങിമരിക്കുകയായിരുന്നു.

പിറ്റേന്ന് വെള്ളിയാഴ്ചയായിട്ടും രാഹുൽ മുറിയിൽ നിന്നും പുറത്തിറങ്ങാതിരുന്നതിനെ തുടർന്ന് വീട്ടുകാർ ജനലിലൂടെ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സംഭവസ്ഥലത്തെത്തിയ പോലീസ് തുടർനടപടികൾ സ്വീകരിച്ചു. മധ്യപ്രദേശിൽ നിന്നും രാഹുലിന്റെ മാതാപിതാക്കൾ എത്തിയ ശേഷം പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും കുട്ടികൾ തമ്മിലുണ്ടായ തർക്കത്തിന്റെ പൂർണ്ണമായ വിവരങ്ങൾ ശേഖരിക്കുമെന്നും സബ് ഇൻസ്പെക്ടർ അറിയിച്ചു.