ബദരീനാഥ് ക്ഷേത്രത്തിലെ തട്ടിപ്പ്: ക്ഷേത്ര കമ്മിറ്റി ജീവനക്കാരൻ അറസ്റ്റിൽ

ന്യൂഡൽഹി: ബദരീനാഥ് ക്ഷേത്രത്തിലെ തട്ടിപ്പിൽ സസ്‌പെൻഷനിലായിരുന്ന ബദരീനാഥ്-കേദാർനാഥ്ക്ഷേത്ര കമ്മിറ്റി ജീവനക്കാരൻ പ്രമോദ് നൗട്ടിയാലിനെ പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനായി ഇയാളെ ബദരീനാഥിലേക്ക് കൊണ്ടുപോയിട്ടുണ്ടെന്നും നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.
കേദാർനാഥിലെ വിഐപി അതിഥികളുടെ താമസം, ഭക്ഷണം എന്നിവയുമായി ബന്ധപ്പെട്ട് വലിയ തോതിൽ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ ഉത്തരാഖണ്ഡ് സർക്കാർ ക്ഷേത്ര കമ്മിറ്റി സിഇഒയ്ക്ക് നിർദ്ദേശം നൽകി തൊട്ടടുത്ത ദിവസമാണ് ഈ അറസ്റ്റ്. ടൂറിസം-ആത്മീയ കാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി അനിൽ കുമാർ പാണ്ഡെ നടത്തിയ അന്വേഷണത്തിൽ, ബന്ധപ്പെട്ട അധികാരികളുടെ അനുമതിയില്ലാതെ വൻ തുക അഡ്വാൻസായി പിൻവലിച്ചതായി കണ്ടെത്തിയിരുന്നു. അന്നത്തെ കേദാർനാഥ് മാനേജർ, ചീഫ് ഇൻ-ചാർജ് ഓഫീസർ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്നിവരുടെ പങ്കിനെക്കുറിച്ചും അന്വേഷണ റിപ്പോർട്ടിൽ ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്.
ജൂലൈ 2-ന് ബദരീനാഥ് ക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച കാണിക്കപ്പണം എണ്ണുന്നതിനിടയിലാണ് പുതിയ ക്രമക്കേടുകൾ പുറത്തുവന്നത്. നിശ്ചിത മാനദണ്ഡങ്ങൾ ലംഘിച്ച് എണ്ണൽ സ്ഥലത്തുനിന്നും പണം മാറ്റിയതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ബി.കെ.ടി.സി ഇൻ-ചാർജ് ടെമ്പിൾ ഓഫീസർ യുധ്‌വീർ പുഷ്പവാന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. അതേസമയം, തന്റെ സസ്‌പെൻഷനും എഫ്.ഐ.ആറും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രമോദ് നൗട്ടിയാൽ ഉത്തരാഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് പരിഗണിച്ച ജസ്റ്റിസ് അലോക് മെഹ്‌റ, ക്ഷേത്ര കമ്മിറ്റിയോട് മറുപടി നൽകാൻ ആവശ്യപ്പെടുകയും അടുത്ത വാദം കേൾക്കൽ ജൂലൈ 16-ലേക്ക് മാറ്റിവെക്കുകയും ചെയ്തു.