ബംഗാളിൽ പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്ന സംഭവം: പ്രതിഷേധ അക്രമത്തിന് പ്രേരിപ്പിച്ച സിപിഎം നേതാവ് അറസ്റ്റിൽ

കൊൽക്കത്ത: ബറുയിപൂരിൽ 11 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെത്തുടർന്നുണ്ടായ അക്രമസംഭവങ്ങൾക്കും ആൾക്കൂട്ട കൊലപാതകത്തിനും ജനക്കൂട്ടത്തെ പ്രേരിപ്പിച്ചതിൽ പങ്കുണ്ടെന്ന് ആരോപിച്ച് സിപിഎം നേതാവ് മുഹമ്മദ് ലഹെക് അലിയെ അറസ്റ്റ് ചെയ്തു .കേസ് അന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതിന് ഒരു ദിവസത്തിന് ശേഷമാണ് അറസ്റ്റ്. പെൺകുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന ആദ്യത്തെ രാഷ്ട്രീയ നേതാവാണ് ലാഹെക് അലി.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബരുയിപൂർ വെസ്റ്റ് മണ്ഡലത്തിൽ നിന്നുള്ള സിപിഎം സ്ഥാനാർത്ഥിയായിരുന്നു അലി. ആൾക്കൂട്ട ആക്രമണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്‌ത എഫ്‌ഐആറിൽ അലിയുടെ പേര് ഉൾപ്പെടുത്തിയിട്ടുണ്ട്, ഇന്ന് കോടതിയിൽ ഹാജരാക്കും.കൊലപാതകം ഉൾപ്പെടെ 27 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ദക്ഷിണ 24 പർഗാനാസ് ജില്ലയിലെ ബാരുയിപുർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സുർജ്യപുരിലാണ് നാടിനെ നടുക്കിയ ക്രൂരമായ സംഭവം നടന്നത്. ജൂലൈ നാലിനാണ് പ്രദേശവാസിയായ പന്ത്രണ്ടുകാരിയെ കാണാതായത്. തുടർന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിൽ പിറ്റേദിവസം (ജൂലൈ അഞ്ച്) സുർജ്യപുർ ഹാട്ട് മേഖലയിലെ ഒരു കുളത്തിൽ നിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായതോടെ നാട്ടുകാർ വലിയ രീതിയിലുള്ള പ്രതിഷേധവുമായി രംഗത്തെത്തി. സമാധാനപരമായി തുടങ്ങിയ ഈ പ്രതിഷേധമാണ് പിന്നീട് വലിയ അക്രമ സംഭവങ്ങളിലേക്ക് വഴിമാറിയത്.
പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പ്രദേശത്ത് തടിച്ചുകൂടിയ ജനക്കൂട്ടം അക്രമാസക്തരാവുകയായിരുന്നു. കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഒരു യുവാവിനെ ജനക്കൂട്ടം ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി. ഇതിന് പുറമെ പൊലീസിൻ്റെ വാഹനങ്ങൾ തല്ലിത്തകർക്കുകയും റോഡുകളിൽ ടയറുകൾ കത്തിച്ച് ഗതാഗതം പൂർണമായും തടസപ്പെടുത്തുകയും ചെയ്തു. മണിക്കൂറുകളോളം പ്രദേശത്തെ സാധാരണ ജനജീവിതം സ്തംഭിക്കുന്ന സാഹചര്യമാണ് ഉണ്ടായത്. അക്രമികളെ പിരിച്ചുവിടാൻ പൊലീസിന് ഏറെ പണിപ്പെടേണ്ടി വന്നു. ഈ അക്രമ സംഭവങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചതും ജനങ്ങളെ ഇളക്കിവിട്ടതും സിപിഎം നേതാവായ ലാഹെക് അലിയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാൻ കൂടുതൽ പൊലീസിനെ വിന്യസിക്കേണ്ടി വന്നു. കുറ്റക്കാർക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.
ബാരുയിപുർ മേഖലയിലെ അറിയപ്പെടുന്ന രാഷ്ട്രീയ നേതാവാണ് അറസ്റ്റിലായ ലാഹെക് അലി. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന കാര്യവും പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.അതേസമയം, പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളിലൊരാൾ കഴിഞ്ഞ ദിവസം പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ജൂലൈ എട്ടിന് തെളിവെടുപ്പിനായി കൊലപാതകം നടന്ന സ്ഥലത്ത് എത്തിച്ചപ്പോഴാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. കുറ്റകൃത്യം പുനരാവിഷ്കരിക്കുന്നതിനിടെ പ്രതി പൊലീസിൻ്റെ കൈയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
പൊലീസിനെ ആക്രമിച്ച് കടന്നുകളയാൻ ശ്രമിച്ച പ്രതിക്ക് നേരെ വെടിയുതിർക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ലായിരുന്നുവെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. ഇതിനിടെയുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പെൺകുട്ടിയുടെ കൊലപാതകത്തിലും തുടർന്നുണ്ടായ അക്രമങ്ങളിലും കർശനമായ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് പൊലീസിൻ്റെ തീരുമാനം. സംഭവത്തിൽ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണ്.