തൃശൂരിൽ നാളെ ശക്തമായ മഴ ; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

തൃശൂർ: ജില്ലയിൽ പരക്കെ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തി നാളെ ( ജൂലൈ 4) തൃശൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. കനത്ത വെള്ളപ്പൊക്ക-ഉരുൾപൊട്ടൽ സാധ്യതകൾ കണക്കിലെടുത്താണ് വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി തൃശൂർ ജില്ലാ കലക്ടർ ശിഖ സുരേന്ദ്രൻ അടിയന്തിരമായി ഈ അവധി ഉത്തരവ് പുറപ്പെടുവിച്ചത്.സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകൾ, സിബിഎസ്ഇ ഐസിഎസ്ഇ , കേന്ദ്രീയ വിദ്യാലയങ്ങൾ എന്നിവയ്ക്ക് പുറമേ ജില്ലയിലെ അങ്കണവാടികൾ, മദ്രസകൾ, പ്രൊഫഷണൽ കോഴ്സുകൾ നടത്തുന്ന സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാത്തരം വിദ്യാലയങ്ങൾക്കും ഈ അവധി പൂർണ്ണമായി ബാധകമായിരിക്കുമെന്ന് കലക്ടർ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.അതേസമയം, സർവ്വകലാശാലകളോ മറ്റ് ഔദ്യോഗിക ബോർഡുകളോ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്കും, വിവിധ സ്ഥാപനങ്ങൾ നേരത്തെ തീരുമാനിച്ച അഭിമുഖങ്ങൾക്കും ഈ അവധി യാതൊരു കാരണവശാലും ബാധകമായിരിക്കില്ല. പരീക്ഷകൾ നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. ജില്ലയിൽ പലയിടങ്ങളിലും കനത്ത മഴ തുടരുന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും, മലയോര മേഖലകളിലേക്കും വെള്ളക്കെട്ടുകളുള്ള പ്രദേശങ്ങളിലേക്കുമുള്ള അനാവശ്യ യാത്രകൾ പൂർണ്ണമായി ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ ജനങ്ങളോട് അഭ്യർത്ഥിച്ചു.