പുതിയ മദ്യത്തിന് പേരിടൽ : മലബാർ ഡിസ്റ്റിലറീസിൻ്റെ മത്സരം ഹൈക്കോടതി സ്റ്റേ ചെയ്തു

പുതിയ മദ്യത്തിന് പേരിടൽ  : മലബാർ ഡിസ്റ്റിലറീസിൻ്റെ മത്സരം ഹൈക്കോടതി സ്റ്റേ ചെയ്തു

എറണാകുളം: മദ്യത്തിന് പേരിടാനുള്ള മലബാർ ഡിസ്റ്റിലറീസിൻ്റെ മത്സരം ഹൈക്കോടതി സ്റ്റേ ചെയ്തു. ഈ മത്സരത്തെക്കുറിച്ച് തങ്ങൾക്ക് യാതൊരു അറിവുമില്ലെന്ന് ബെവ്‌കോ കോടതിയെ അറിയിച്ചതിനെത്തുടർന്നാണ് നടപടി. ഹർജി വീണ്ടും പരിഗണിക്കുന്ന മാർച്ച് 12 വരെയാണ് മത്സരത്തിനുള്ള തുടർനടപടികൾ ഹൈക്കോടതി തടഞ്ഞത്.മദ്യത്തിന് പേരിടാൻ എൻട്രികൾ ക്ഷണിച്ചുകൊണ്ടുള്ള നടപടി നേരത്തെ തന്നെ വിവാദമായിരുന്നു. ഇതിനിടെയാണ് ബെവ്‌കോ സത്യവാങ്മൂലവുമായി കോടതിയെ സമീപിച്ചത്. മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച പരസ്യവുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നും ഇതേക്കുറിച്ച് അറിവില്ലെന്നും ബെവ്‌കോ വ്യക്തമാക്കി. ബെവ്‌കോ കൈയൊഴിയുകയും വിഷയം വിവാദമാവുകയും ചെയ്ത സാഹചര്യത്തിലാണ് മലബാർ ഡിസ്റ്റിലറീസിനോട് ഹൈക്കോടതി വിശദീകരണം തേടിയത്. നിലവിൽ മദ്യ ഉത്പാദനത്തിൽ ഏർപ്പെട്ടിട്ടില്ലാത്തതിനാൽ പുതിയ ബ്രാൻഡിന് പേരിടാനുള്ള മത്സരം ഉദിക്കുന്നില്ലെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ബെവ്കോ വ്യക്തമാക്കി.

മദ്യത്തിന് പേരിടാൻ വേണ്ടി ജനങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ തേടുന്നതും അതൊരു മത്സരമായി നടത്തുന്നതും നിയമപരമായി നിലനിൽക്കുന്നതല്ലെന്ന നിരീക്ഷണത്തിൻ്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. വിഷയത്തിൽ ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് അതീവ ഗൗരവമുള്ള ശക്തമായ ഇടപെടലാണ് ഉണ്ടായിരിക്കുന്നത്. സർക്കാരിൻ്റെ ലഹരിവിരുദ്ധ നയങ്ങളും പ്രായോഗിക തലത്തിലെ നടപടികളും തമ്മിലുള്ള വൈരുദ്ധ്യമാണ് ഈ സംഭവത്തിലൂടെ മറനീക്കി പുറത്തുവന്നിരിക്കുന്നത്.സംസ്ഥാനത്ത് ലഹരി വർജനത്തിനായി കോടികൾ ചെലവഴിച്ച് വിമുക്തി മിഷൻ പോലുള്ള പദ്ധതികൾ നടപ്പിലാക്കുമ്പോഴാണ് സർക്കാർ നിയന്ത്രണത്തിലുള്ള ഒരു സ്ഥാപനം തന്നെ മദ്യത്തിന് പേരിടാൻ പൊതുജനങ്ങളെ ക്ഷണിച്ച് മത്സരം സംഘടിപ്പിച്ചത്. ഇത് വലിയ സാമൂഹിക വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. അബ്കാരി നിയമത്തിലെ ചട്ടങ്ങൾ പ്രകാരം മദ്യത്തിൻ്റെ പരസ്യം നൽകുന്നതിനോ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള പ്രചാരണങ്ങൾക്കോ കർശന വിലക്കുണ്ട്. ഈ നിയമവശം ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. ഒരു സർക്കാർ സ്ഥാപനം തന്നെ ജനങ്ങളെ മദ്യത്തിൻ്റെ ബ്രാൻഡിങ്ങിൽ പങ്കാളികളാക്കുന്നത് ധാർമികമായി ശരിയല്ലെന്ന വാദവും കോടതിയിൽ ഉയർന്നു.

മത്സര വിവരങ്ങൾ

പാലക്കാട്ടെ മലബാർ ഡിസ്റ്റിലറീസിൽ നിന്നും പുറത്തിറക്കുന്ന ബ്രാൻഡിക്ക് ഉചിതമായ പേരും ലോഗോയും ക്ഷണിച്ചായിരുന്നു വിജ്ഞാപനം പുറത്തിറക്കിയത്. ബ്രാൻഡിക്ക് ഏറ്റവും മികച്ച പേര് നിർദേശിക്കുന്നവർക്ക് 10,000 രൂപ സമ്മാനം നൽകുമെന്നായിരുന്നു പരസ്യം. പൊതുതാത്പര്യ ഹർജിയിൽ സംസ്ഥാന സർക്കാരിനും ബെവ്കോയ്ക്കും ഹൈക്കോടതി നോട്ടിസ് അയച്ചിരുന്നു. പാലക്കാട് ചിറ്റൂരിലുള്ള പഴയ ചിറ്റൂർ സഹകരണ പഞ്ചസാര മിൽ ആണ് നവീകരിച്ച് മലബാർ ഡിസ്റ്റിലറീസ് എന്ന പേരിൽ മദ്യ ഉത്പാദന കേന്ദ്രമാക്കി മാറ്റുന്നത്.തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ ഉത്പാദിപ്പിക്കുന്ന 'ജവാൻ' റമ്മിന് വിപണിയിൽ ലഭിക്കുന്ന വലിയ സ്വീകാര്യതയാണ് പുതിയൊരു ബ്രാൻഡ് കൂടി സർക്കാർ മേഖലയിൽ നിന്ന് കൊണ്ടുവരാൻ പ്രേരണയായത്. ജവാൻ റമ്മിന് ലഭിക്കുന്ന ജനപ്രീതി മുതലെടുത്ത് കുറഞ്ഞ വിലയിൽ ഗുണനിലവാരമുള്ള ബ്രാൻഡി വിപണിയിലിറക്കാനായിരുന്നു മലബാർ ഡിസ്റ്റിലറീസിൻ്റെ നീക്കം. എന്നാൽ ഇതിനായി സ്വീകരിച്ച മാർക്കറ്റിംഗ് തന്ത്രം തിരിച്ചടിയാവുകയായിരുന്നു.

ഏകോപനമില്ലായ്മ

ബെവ്കോയും (കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ) മലബാർ ഡിസ്റ്റിലറീസും തമ്മിലുള്ള ആശയവിനിമയത്തിലെ വിടവും സത്യവാങ്മൂലത്തിൽ വ്യക്തമാണ്. മദ്യത്തിൻ്റെ മൊത്തവിതരണക്കാരായ ബെവ്കോ, ഉത്പാദകരായ മലബാർ ഡിസ്റ്റിലറീസിൻ്റെ പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെടുന്നില്ലെന്ന സാങ്കേതിക വാദമാണ് ബെവ്കോ ഉയർത്തുന്നത്. എന്നാൽ ഒരേ വകുപ്പിന് കീഴിൽ വരുന്ന സ്ഥാപനങ്ങൾ തമ്മിലുള്ള ഈ ഏകോപനമില്ലായ്മയും ചർച്ചാവിഷയമാകുന്നുണ്ട്.ഹൈക്കോടതിയുടെ സ്റ്റേ വന്നതോടെ പുതിയ ബ്രാൻഡിയുടെ വിപണി പ്രവേശനം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. പേരും ലോഗോയും എക്സൈസ് കമ്മിഷണറുടെ അംഗീകാരം ലഭിച്ചാൽ മാത്രമേ ഉത്പാദനം വാണിജ്യാടിസ്ഥാനത്തിൽ തുടങ്ങാൻ സാധിക്കൂ. മാർച്ച് 12ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ മലബാർ ഡിസ്റ്റിലറീസ് നൽകുന്ന വിശദീകരണം നിർണായകമാകും. മത്സരം റദ്ദാക്കി ഡയറക്ടർ ബോർഡ് തലത്തിൽ പേര് കണ്ടെത്താനുള്ള നിർദേശം കോടതി നൽകാനാണ് സാധ്യത കൂടുതൽ.