“നിങ്ങൾക്ക് ആളുകളെ കൊലപ്പെടുത്താൻ സാധിക്കും, പക്ഷേ ആശയങ്ങളെ കൊല്ലാനാവില്ല": ട്രംപിനെതിരെ ഇറാൻ

“നിങ്ങൾക്ക് ആളുകളെ കൊലപ്പെടുത്താൻ സാധിക്കും, പക്ഷേ ആശയങ്ങളെ കൊല്ലാനാവില്ല": ട്രംപിനെതിരെ ഇറാൻ

ടെഹ്‌റാൻ: മുൻ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണാനന്തര ചടങ്ങുകളെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിവാദ പരാമർശത്തിനെതിരെ ഇറാൻ ശക്തമായി രംഗത്ത്. ഖമേനിയുടെ സംസ്‌കാര ചടങ്ങുകൾക്കിടയിൽ ആക്രമണം നടത്താൻ തങ്ങൾക്ക് സാധിക്കുമായിരുന്നെന്നും, എന്നാൽ ചർച്ചകൾക്കായി മാത്രം അത് ഒഴിവാക്കുകയാണെന്നുമായിരുന്നു ട്രംപിന്റെ പരാമർശം.ഈ പ്രസ്താവനയ്‌ക്കെതിരെ ഇറാൻ എംബസി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ രൂക്ഷമായി പ്രതികരിച്ചു.

“നിങ്ങൾക്ക് ആളുകളെ കൊലപ്പെടുത്താൻ സാധിക്കും, പക്ഷേ ആശയങ്ങളെ കൊല്ലാനാവില്ല. നിങ്ങൾ ഒരു സുഗന്ധദ്രവ്യ കുപ്പിയാണ് തകർത്ത്, അതിന്റെ മണം ഇപ്പോൾ എല്ലായിടത്തും വ്യാപിച്ചിരിക്കുന്നു. സംസ്കാരമോ ചരിത്രമോ അഭിമാനമോ ഇല്ലാത്തതുകൊണ്ടാണ് നിങ്ങൾക്ക് ഇത്തരം കാര്യങ്ങൾ മനസ്സിലാകാത്തത്,” ഇറാൻ എംബസി കുറ്റപ്പെടുത്തി

.ഖമേനിയുടെ വിയോഗത്തിൽ ജനങ്ങൾ കാണിക്കുന്നത് വ്യാജമായ കണ്ണീരാണെന്നും, താൻ ഇതിൽ അത്ഭുതപ്പെടുന്നുവെന്നുമാണ് ട്രംപിന്റെ വാദം. ഫെബ്രുവരി 28-ന് നടന്ന യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിലാണ് ഖമേനി കൊല്ലപ്പെട്ടത്. ഖമേനിയോടൊപ്പം അദ്ദേഹത്തിന്റെ 14 മാസം പ്രായമുള്ള കൊച്ചുമകൾ സഹ്‌റ മുഹമ്മദി ഗോൽപയേഗാനി ഉൾപ്പെടെ കുടുംബത്തിലെ നാല് അംഗങ്ങളും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. സഹ്‌റയുടെയും ഖമേനിയുടെയും ഭൗതിക ശരീരങ്ങൾ ഒരുമിച്ചാണ് സംസ്കാര ചടങ്ങുകൾക്കായി വെച്ചിരുന്നത്. ടെഹ്‌റാനിൽ ലക്ഷക്കണക്കിന് ആളുകളാണ് ഖമേനിയുടെ അന്തിമയാത്രയിൽ പങ്കെടുക്കാൻ തടിച്ചുകൂടിയിരിക്കുന്നത്. പ്രാർത്ഥന ചടങ്ങിൽ നിന്നുൾപ്പെടെ മുജ്തബ ഖമേനി വിട്ടുനിന്നത് അഭ്യൂഹങ്ങൾക്കിടയാക്കിയിട്ടുണ്ട്.