ആരോഗ്യവകുപ്പിലെ മെഡിക്കൽ ഉപകരണ ഇടപാടിലെ ക്രമക്കേട്: അന്വേഷണത്തിന് ഉന്നതതല സമിതി

തിരുവനന്തപുരം: പിണറായി സർക്കാരിൻ്റെ കാലത്ത് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതിൽ ഗുരുതര ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ സമഗ്ര അന്വേഷണത്തിന് സമിതിയെ നിയോഗിച്ച് ആരോഗ്യവകുപ്പ്. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതിയെയാണ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.നാഷണൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, ആരോഗ്യവകുപ്പ് ഡയറക്ടർ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. അന്വേഷണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാരുടെയും സൂപ്രണ്ടുമാരുടെയും അടിയന്തര യോഗം പ്രിൻസിപ്പൽ സെക്രട്ടറി വിളിച്ചുചേർത്തു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ വാങ്ങിയ മെഡിക്കൽ ഉപകരണങ്ങളുടെ കൃത്യമായ കണക്കുകൾ അഞ്ച് ദിവസത്തിനകം സമർപ്പിക്കാൻ യോഗത്തിൽ കർശന നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ആരോഗ്യവകുപ്പിൽ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട് പരാതികൾ ലഭിച്ച പശ്ചാത്തലത്തിലാണ് ഈ നീക്കം.