കള്ളാടി മണ്ണിടിച്ചിൽ: കാണാതായ വിക്രം റാണയ്ക്കായുള്ള തെരച്ചിൽ അഞ്ചാം ദിവസവും തുടരുന്നു

വയനാട്: കള്ളാടിയിലുണ്ടായ വൻ മണ്ണിടിച്ചിലിൽ കാണാതായ ഹിമാചൽപ്രദേശ് സ്വദേശി വിക്രം റാണയ്ക്കായുള്ള തെരച്ചിൽ അഞ്ചാം ദിവസവും ഊർജിതം. ദുരന്തമേഖലയിലെ രണ്ടാം സോൺ കേന്ദ്രീകരിച്ചാണ് നിലവിൽ രക്ഷാപ്രവർത്തകർ പരിശോധന നടത്തുന്നത്. വൻ ദുരന്തം വിതച്ച പ്രദേശത്തുനിന്ന് കഴിഞ്ഞ നാല് ദിവസങ്ങളിലായി ഏഴുപേരുടെ മൃതദേഹങ്ങളാണ് ദൗത്യസംഘം കണ്ടെടുത്തത്.തുടർച്ചയായി പെയ്ത മഴയും പ്രതികൂല കാലാവസ്ഥയുമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളി ഉയർത്തിയിരുന്നത്. എന്നാൽ ഇന്ന് രാവിലെ മുതൽ കാലാവസ്ഥ അനുകൂലമായത് തെരച്ചിൽ കൂടുതൽ വേഗത്തിലാക്കാൻ സഹായിച്ചു. അടുത്ത നാല് ദിവസത്തേക്ക് ജില്ലയിൽ പ്രത്യേക മഴ മുന്നറിയിപ്പുകൾ ഒന്നുംതന്നെ കാലാവസ്ഥ വകുപ്പ് നൽകിയിട്ടില്ല.ഈ സാഹചര്യത്തിൽ പരമാവധി വേഗത്തിൽ തെരച്ചിൽ പൂർത്തിയാക്കാനാണ് ദൗത്യസംഘം ലക്ഷ്യമിടുന്നത്. ഇതിനിടെ വയനാട്ടിലെ സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള മിക്കയിടങ്ങളിലെയും നിയന്ത്രണങ്ങൾ അധികൃതർ നീക്കി. എന്നാൽ ദുരന്തം നടന്ന മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ മേഖലകളിൽ ഇപ്പോഴും സുരക്ഷാ നിയന്ത്രണങ്ങൾ തുടരുകയാണ്.