തൃക്കാക്കരയിൽ വൻ ലഹരിവേട്ട: ജിം പരിശീലകൻ 387 ഗ്രാം എംഡിഎംഎയുമായി പിടിയിൽ

തൃക്കാക്കരയിൽ വൻ ലഹരിവേട്ട:  ജിം പരിശീലകൻ 387 ഗ്രാം എംഡിഎംഎയുമായി പിടിയിൽ

എറണാകുളം : തൃക്കാക്കരയിൽ വൻ ലഹരിമരുന്ന് വേട്ടയിൽ ജിം പരിശീലകൻ പിടിയിലായി . എടത്തല പത്താനയത്ത് വീട്ടിൽ മുഹമ്മദ് സാദിഖിനെയാണ് (25) 387.26 ഗ്രാം മാരക ലഹരിമരുന്നായ എംഡിഎംഎയുമായി തൃക്കാക്കര പൊലീസും ഡാൻസാഫും ചേർന്ന് അറസ്റ്റ് ചെയ്തത്. തൃക്കാക്കര ടിവി സെന്റർ താണാപാടം മൗണ്ടൻ മിസ്റ്റ് അപ്പാർട്ട്മെന്റിന് സമീപത്തുനിന്നാണ് ഇയാളെ പോലീസ് സംഘം വലയിലാക്കിയത്.

കൊച്ചിയിലെ യുവാക്കൾക്കിടയിലും ഐടി മേഖല കേന്ദ്രീകരിച്ചും ലഹരിമരുന്ന് എത്തിച്ചുനൽകുന്ന പ്രധാന കണ്ണിയാണ് സാദിഖെന്ന് പോലീസ് വ്യക്തമാക്കി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പ്രതിയുടെ പക്കൽനിന്ന് എംഡിഎംഎയ്ക്ക് പുറമെ, ലഹരിവിൽപ്പനയിലൂടെ സമാഹരിച്ചതെന്ന് കരുതുന്ന 66,000 രൂപയും ലഹരി കടത്താൻ ഉപയോഗിച്ച ബൈക്കും പൊലീസ് പിടിച്ചെടുത്തു. പിടിക്കപ്പെടാതിരിക്കാൻ ബൈക്കിന്റെ നമ്പർപ്ലേറ്റ് മാറ്റിയ നിലയിലായിരുന്നു താരം ലഹരി കടത്തിയിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.ഡി. സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡിസ്ട്രിക്റ്റ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും (ഡാൻസാഫ്), തൃക്കാക്കര പൊലീസും സംയുക്തമായാണ് ഈ വൻ ലഹരിവേട്ട നടത്തിയത്. പ്രതിക്ക് മയക്കുമരുന്ന് ലഭിച്ച സ്രോതസ്സുകളെക്കുറിച്ച് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്..