ബാറുകളുടെ പ്രവർത്തനസമയം വര്‍ധിപ്പിച്ച് കേരള സർക്കാർ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തനസമയം വര്‍ധിപ്പിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. വിദേശമദ്യ ചട്ടങ്ങളിൽ ഭേദഗതി വരുത്തിക്കൊണ്ട് ടാക്സ് (ജി) വകുപ്പ് പുറത്തിറക്കിയ വിജ്ഞാപന പ്രകാരം സംസ്ഥാനത്തെ ബാർ ഹോട്ടലുകളുടെയും ബിയർ-വൈൻ പാർലറുകളുടെയും പ്രവർത്തനസമയം ഇനി മുതൽ രാവിലെ 10 മണി മുതൽ രാത്രി 12 മണി വരെയായിരിക്കും.നിലവിൽ രാവിലെ 11 മുതൽ രാത്രി 11 വരെയായിരുന്നു ബാറുകളുടെ പ്രവർത്തനസമയം. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ബാറുകൾക്ക് മാത്രം രാത്രി 12 വരെ പ്രവർത്തിക്കാൻ അനുമതി ഉണ്ടായിരുന്നത് സമീപപ്രദേശങ്ങളിലെ മറ്റ് ബാറുടമകളുടെ പ്രതിഷേധത്തിന് കാരണമായിരുന്നു. ഈ വിവേചനം അവസാനിപ്പിച്ചാണ് എല്ലാ ബാറുകളുടെയും പ്രവർത്തനസമയം ഏകീകരിക്കാൻ സർക്കാർ തീരുമാനിച്ചത്. ടൂറിസം മേഖലയ്ക്ക്, പ്രത്യേകിച്ച് അന്താരാഷ്ട്ര സമ്മേളനങ്ങൾ , ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് എന്നിവയ്ക്ക് കൂടുതൽ കരുത്തുപകരുന്നതിന്‍റെ ഭാഗമായാണ് ഈ നിർണായക നടപടിയെന്നാ എക്സൈസ് വകുപ്പ് പറയുന്നത്. പുതിയ നിയമഭേദഗതി പ്രകാരം ഫൈവ് സ്റ്റാർ പദവിയോ അതിനു മുകളിലോ ഉള്ള ബാർ ഹോട്ടലുകൾക്ക് നിബന്ധനകൾക്ക് വിധേയമായി നിശ്ചിത സമയത്തിന് ശേഷവും പ്രവർത്തിക്കാൻ അനുമതിയുണ്ട്. ഇതിനായി അഞ്ച് ലക്ഷം രൂപ അധിക വാർഷിക വാടക നൽകുന്ന ഫൈവ് സ്റ്റാർ ബാറുകൾക്ക് രാത്രി 12 മണിക്ക് ശേഷം മൂന്ന് മണിക്കൂർ കൂടി അധികമായി, അതായത് പുലർച്ചെ 3 മണി വരെ തുറന്നു പ്രവർത്തിക്കാം.
എന്നാൽ, തൊട്ടടുത്ത ദിവസം നിയമപരമായ ഡ്രൈ ഡേ ആണെങ്കിൽ ഇത്തരം ബാറുകൾക്ക് രാത്രി 12 മണിക്ക് ശേഷം ഈ അധിക സമയം അനുവദിക്കില്ലെന്ന് ഉത്തരവിൽ പ്രത്യേകം വ്യക്തമാക്കുന്നു.അതേസമയം, ക്ലബ്ബുകൾ ഉൾപ്പെടെയുള്ള ലൈസൻസുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനസമയം രാവിലെ 11 മുതൽ രാത്രി 11 വരെയായി തുടരും. ബാറുകളുടെയും ബിയർ പാർലറുകളുടെയും പ്രവർത്തനസമയത്തിൽ കൊണ്ടുവന്ന ഈ മാറ്റം വിജ്ഞാപനം വന്നയുടൻ തന്നെ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. നിലവിൽ ബാർ ഹോട്ടലുകൾക്കും ബിയർ പാർലറുകൾക്കും ഉണ്ടായിരുന്ന വ്യത്യസ്ത സമയക്രമങ്ങൾ ഒഴിവാക്കിയാണ് ഇപ്പോൾ പ്രവർത്തനസമയത്തിൽ ഏകീകരണം വരുത്തിയത്. ഗവർണറുടെ ഉത്തരവ് പ്രകാരം അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ആണ് 2026 ഫെബ്രുവരി 13-ന് ഈ വിജ്ഞാപനം പുറപ്പെടുവിച്ചത്. വിദേശമദ്യ ചട്ടം 1953-ൽ ഭേദഗതി വരുത്തിക്കൊണ്ടാണ് ഈ പരിഷ്കാരം നടപ്പിലാക്കുന്നത്. മദ്യശാലകളുടെ പ്രവർത്തനസമയം ഏകീകരിക്കുന്നതിലൂടെ ടൂറിസം മേഖലയിലുണ്ടാകുന്ന പുരോഗതിയും വിദേശനാണ്യ ലഭ്യതയും സർക്കാർ ലക്ഷ്യമിടുന്നു