' ലൈവിൽ' ലഹരി ഉപയോഗം; മലയാളി വ്ലോഗർ അബ്ദുൽ ഹക്കീം ഷാർജയിൽ പിടിയിൽ

ദുബായ്: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ ലൈവ് സ്ട്രീമിംഗിനിടെ മാരക ലഹരിമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ അബദ്ധത്തിൽ പുറത്തുപോയതിന് പിന്നാലെ പ്രമുഖ മലയാളി വ്ലോഗർ യുഎഇ പൊലീസിന്റെ പിടിയിലായി. സോഷ്യൽ മീഡിയയിൽ ‘എന്റെ കാസറ്റ്’ എന്ന പേരിൽ പ്രശസ്തനായ അബ്ദുൽ ഹക്കീം ആണ് ഗൾഫിൽ വെച്ച് പോലീസിന്റെ വലയിലായത്. ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളിൽ സ്വയം ഒരു പ്രമുഖ ‘മനുഷ്യാവകാശ പ്രവർത്തകൻ’ എന്ന രീതിയിലായിരുന്നു അബ്ദുൽ ഹക്കീം തന്നെ പരിചയപ്പെടുത്തിയിരുന്നത്. എന്നാൽ ഇയാളുടെ ലഹരി ഉപയോഗത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വ്ലോഗറുടെ യഥാർത്ഥ മുഖം സോഷ്യൽ മീഡിയ തിരിച്ചറിഞ്ഞത്.
അബ്ദുൽ ഹക്കീമിനെതിരെ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും മുൻപ് നിരവധി ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് വിവരം. യുഎഇയിലെ താമസസ്ഥലത്ത് വെച്ച് മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ മുന്നിലിരുന്ന ലാപ്ടോപ്പ് ആണ് ഹക്കീമിനെ സോഷ്യൽ മീഡിയയ്ക്ക് മുന്നിൽ കൃത്യമായി തുറന്നുകാണിച്ചത്. ലഹരിമരുന്ന് ഉപയോഗിക്കുന്നവർ പ്രധാനമായും ആശ്രയിക്കുന്ന ജനപ്രിയ ലൈവ് സ്ട്രീമിംഗ് പ്ലാറ്റ്ഫോം ആയ ‘കിക്ക്’ (Kick)-ൽ അബദ്ധത്തിൽ ഹക്കീമിന്റെ വിരലമരുകയായിരുന്നു. ഇതോടെ ഇയാൾ മയക്കുമരുന്ന് വലിയ തോതിൽ വലിച്ചുകയറ്റുന്ന ദൃശ്യങ്ങൾ തത്സമയം ലോകമെമ്പാടുമുള്ള ആളുകളിലേക്ക് എത്തി.
ലൈവ് സ്ട്രീമിംഗില് പുറത്തുവന്ന ഈ ദൃശ്യങ്ങൾ നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ വൻതോതിൽ വൈറലായി മാറുകയും വിവിധ പ്രവാസി കൂട്ടായ്മകൾ വഴി യുഎഇ സൈബർ പൊലീസിന്റെ ശ്രദ്ധയിൽപ്പെടുകയുമായിരുന്നു. തനിക്ക് പറ്റിയ അബദ്ധം മനസ്സിലാക്കിയ അബ്ദുൽ ഹക്കീം പിടിക്കപ്പെടാതിരിക്കാൻ യുഎഇയിൽ നിന്നും വിദേശത്തേക്ക് അടിയന്തരമായി കടക്കാൻ ശ്രമിച്ചതായാണ് വിവരം. എന്നാൽ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ ഇയാളെ ഷാർജ പോലീസ് അതിവേഗം പിന്തുടർന്ന് പിടികൂടിയതായാണ് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നുള്ള സൂചന. യുഎഇയിൽ കർശനമായ മയക്കുമരുന്ന് വിരുദ്ധ നിയമങ്ങൾ നിലവിലുള്ളതിനാൽ പ്രതിക്ക് കടുത്ത ശിക്ഷ ലഭിക്കാനാണ് സാധ്യത