ഫ്ലാഗ്ഷിപ്പ് സ്‌മാർട്ട്‌ഫോൺ നിരയിലേക്ക് പുതിയൊരു സീരിസ് കൂടെ ചേർക്കാനൊരുങ്ങി ഓപ്പോ.

മുംബൈ: ഫ്ലാഗ്ഷിപ്പ് സ്‌മാർട്ട്‌ഫോൺ നിരയിലേക്ക് പുതിയൊരു സീരിസ് കൂടെ ചേർക്കാനൊരുങ്ങി ഓപ്പോ. ഫൈൻഡ് X9, ഫൈൻഡ് X9 പ്രോ എന്നീ ഫോണുകളടങ്ങുന്ന ഫൈൻഡ് X9 സീരിസ് ആണ് പുറത്തിറക്കാനിരിക്കുന്നത്. ഈ ഫോൺ ഒക്ടോബർ 16ന് ചൈനയിൽ ലോഞ്ച് ചെയ്യുമെന്ന് ഓപ്പോ സ്ഥിരീകരിച്ചിട്ടുണ്ട്.ഇന്ത്യയുടെ ബിഐഎസ് വെബ്‌സൈറ്റിലും തായ്‌ലന്‍റിന്‍റെ എൻബിടിസി ലിസ്റ്റിംഗിലും ഓപ്പോ ഫൈൻഡ് X9 സീരിസ് ഇടം നേടിയിരുന്നു. ചൈനയിലെ ലോഞ്ചിന് പിന്നാലെ ഇന്ത്യയിലും ലോഞ്ച് ചെയ്യാനുള്ള സാധ്യതയാണ് ഇത് കാണിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഫൈൻഡ് X9 ന് CPH2797 എന്ന മോഡൽ നമ്പറും ഫൈൻഡ് X9 പ്രോയ്ക്ക് CPH2791 എന്ന മോഡൽ നമ്പറും ആണ് നൽകിയിരിക്കുന്നത്.കുറച്ചു മുമ്പ് BIS ഡാറ്റാബേസിലും ഇതേ മോഡൽ നമ്പർ കണ്ടെത്തിയിരുന്നു. അന്ന് ഇത് ഫൈൻഡ് X9 ആണെന്ന് കരുതിയെങ്കിലും പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത് അത് യഥാർത്ഥത്തിൽ ഫൈൻഡ് X9 പ്രോ ആണെന്നാണ്. ഇപ്പോൾ രണ്ട് മോഡലുകൾക്കും ഇന്ത്യയിൽ സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്. ഇത് സൂചിപ്പിക്കുന്നത് രണ്ട് മോഡലുകളും ഇന്ത്യയിൽ ലോഞ്ചിന് തയ്യാറെടുത്തു കഴിഞ്ഞുവെന്നാണ്.ഈ ഫോൺ സീരിസിന്‍റെ ഡിസൈനിലേക്ക് പോകുമ്പോൾ, ഓപ്പോ ഫൈൻഡ് X9 സീരിസിൽ ഇത്തവണ പുതിയത് എന്തെങ്കിലും കമ്പനി കൊണ്ടുവരാൻ പോകുന്നതായാണ് തോന്നുന്നത്. ഫോണുകളുടെ കളർ ഓപ്‌ഷനും ചില സവിശേഷതകളും വെളിപ്പെടുത്തുന്ന ടീസറുകൾ കമ്പനി ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. വെൽവെറ്റ് ടൈറ്റാനിയം, ഫ്രോസ്റ്റ് വൈറ്റ്, മിസ്റ്റ് ബ്ലാക്ക് എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഓപ്പോ ഫൈൻഡ് X9 പുറത്തിറക്കുക. അതേസമയം, ഫൈൻഡ് X9 പ്രോ വെൽവെറ്റ് ടൈറ്റാനിയം, ഫ്രോസ്റ്റ് വൈറ്റ് നിറങ്ങളിലായിരിക്കും പുറത്തിറക്കുക.ഈ രണ്ട് ഫോണുകളിലും മീഡിയടെക് ഡൈമെൻസിറ്റി 9500 ചിപ്‌സെറ്റ് പ്രോസസർ ഉണ്ടായിരിക്കും. ഈ ഫോണുകൾ ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 16ൽ ആയിരിക്കും പ്രവർത്തിപ്പിക്കുക. വരാനിരിക്കുന്ന ഫോണിന്‍റെ ഏറ്റവും വലിയ ഹൈലൈറ്റ് അതിന്‍റെ ക്യാമറ സജ്ജീകരണം തന്നെയായിരിക്കും.f/2.1 അപ്പേർച്ചറും 70mm ഫോക്കൽ ലെങ്തും ഉള്ള 200MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ് ഇതിലുണ്ടാകും. സ്റ്റാൻഡേർഡ് മോഡലിൽ 1.5K റെസല്യൂഷനോടുകൂടിയ 6.59 ഇഞ്ച് OLED ഡിസ്‌പ്ലേ, അൾട്രാ-നാരോ ബെസലുകൾ, R-ആംഗിൾ കർവ് ഡിസൈൻ എന്നിവ ഉണ്ടാകും. ഇതിന് 50MP സോണി LYT808 പ്രൈമറി സെൻസർ, 50MP സാംസങ് JN5 അൾട്രാ-വൈഡ് ലെൻസ്, സോണി LYT600 പെരിസ്‌കോപ്പ് സെൻസർ, പിന്നിൽ 2MP മൾട്ടി-സ്പെക്ട്രൽ ലെൻസ് എന്നിവ ഉണ്ടായിരിക്കാം. അതേസമയം 32MP ഫ്രണ്ട് ക്യാമറയും നൽകിയേക്കാം.