പാളയം കൊലക്കേസ് : കൊലയ്ക്ക് കാരണം മാനസിരോഗത്തിന് ചികിത്സിക്കാൻ കൊണ്ടുപോയതിലെ പക,കൊല്ലപ്പെട്ട ബിജുവിൻ്റെ ബന്ധു കസ്റ്റഡിയിൽ

കോഴിക്കോട്: പാളയത്ത് ബിജു എന്നയാളെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ 22 കാരനായ ബന്ധുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബിജുവിനെ കൊലപ്പെടുത്തിയ ശേഷം ഇയാൾ സംസ്കാര ചടങ്ങുകളിൽ വരെ പങ്കെടുത്തതായി പോലീസ് കണ്ടെത്തി. കേസിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ആദ്യ ദിനം തന്നെയാണ് പ്രതി പിടിയിലാകുന്നത്.മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയ്ക്ക് കൊണ്ടുപോയതിലുള്ള കടുത്ത പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കസ്റ്റഡിയിലുള്ള യുവാവ് മൊഴി നൽകി. യുവാവിന്റെ കൈകളിൽ മുറിവേറ്റ പാടുകൾ പോലീസ് കണ്ടെത്തിയിരുന്നു.കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നുമണിയോടെയാണ് ബിജുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ബിജുവിന്റെ ശരീരത്തിൽ 45-ഓളം മാരകമായ മുറിവുകളുണ്ടെന്ന് വ്യക്തമായി. ഇതിൽ 18 ഓളം കുത്തുകൾ കഴുത്തിന്റെ മുൻഭാഗത്തും പിൻഭാഗത്തുമാണ്. അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചാണ് പ്രതി ആക്രമണം നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.