സ്വകാര്യ ബസുകളിൽ പരസ്യം പതിക്കാൻ അനുമതി: ബസുടമകളുമായി കൂടിക്കാഴ്ച നടത്തി ഗതാഗത മന്ത്രി സി.പി. ജോൺ

സ്വകാര്യ ബസുകളിൽ പരസ്യം പതിക്കാൻ അനുമതി:  ബസുടമകളുമായി കൂടിക്കാഴ്ച നടത്തി ഗതാഗത മന്ത്രി സി.പി. ജോൺ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്ന ‘പ്രിയദർശിനി’ പദ്ധതി നിലവിൽ വന്നതോടെ കടുത്ത വരുമാന നഷ്ടം നേരിടുന്ന സ്വകാര്യ ബസ് മേഖലയ്ക്ക് ആശ്വാസവുമായി ഗതാഗത വകുപ്പ്. സ്വകാര്യ ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങൾ പതിപ്പിക്കുന്നതിനായുള്ള അനുമതി നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു. ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഓഫീസിൽ വെച്ച് സ്വകാര്യ ബസുടമകളുമായി മന്ത്രി ചർച്ച നടത്തിയിരുന്നു.സൗജന്യ സ്ത്രീ യാത്രാ പദ്ധതി മൂലം സ്വകാര്യ ബസ് സർവീസുകൾ വൻ നഷ്ടത്തിലായെന്നും പലയിടത്തും സർവീസുകൾ നിർത്തലാക്കേണ്ടി വന്നുവെന്നും ബസുടമകൾ പരാതിപ്പെട്ടിരുന്നു. സ്വകാര്യ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കണമെന്നും അതിന്റെ ടിക്കറ്റ് തുക സർക്കാർ നൽകണമെന്നുമായിരുന്നു ഉടമകളുടെ പ്രധാന ആവശ്യം. കൂടാതെ ഡീസൽ സബ്‌സിഡി, വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർദ്ധന എന്നിവയും അവർ ആവശ്യപ്പെട്ടു.

ചർച്ച പരാജയപ്പെട്ടാൽ സൂചനാ പണിമുടക്കിലേക്ക് പോകാനിരുന്ന ഉടമകൾ, താല്ക്കാലികമായി സമര നീക്കത്തിൽ നിന്ന് പിന്മാറി. ടിക്കറ്റ് ഇതര വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തണമെന്ന മന്ത്രിയുടെ മുൻ നിർദ്ദേശത്തിന് പിന്നാലെയാണ് ഇപ്പോൾ സ്വകാര്യ ബസുകൾക്കും പരസ്യത്തിന് അനുമതി ലഭിക്കുന്നത്. പ്രിയദർശിനി പദ്ധതി നടപ്പാക്കിയതിനെത്തുടർന്ന് ഉണ്ടായ പ്രശ്നങ്ങളും നിക്ഷേപകരുടെ പ്രതിസന്ധികളും പഠിക്കാൻ സർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചു. ബി. പത്മകുമാർ ചെയർമാനും ഡോ. ശ്രീദേവി വൈസ് ചെയർപേഴ്‌സണുമായി രൂപീകരിച്ച സമിതി 45 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. സ്വകാര്യ ബസ് ഉടമകൾ നേരിടുന്ന പ്രശ്‌നങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ പരിഹരിക്കുന്നതിനായി സർക്കാർ പുതിയ ഗതാഗതനയം നടപ്പാക്കുമെന്നും മന്ത്രി സി.പി. ജോൺ ഉറപ്പുനൽകി.