വിജയ്‌യുടെ വിജയം ചോദ്യം ചെയ്‌തുള്ള ഹർജി; തെരഞ്ഞെടുപ്പ് ഓഫീസർക്ക് നോട്ടീസയക്കാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

വിജയ്‌യുടെ വിജയം ചോദ്യം ചെയ്‌തുള്ള ഹർജി; തെരഞ്ഞെടുപ്പ് ഓഫീസർക്ക് നോട്ടീസയക്കാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ പെരമ്പൂർ മണ്ഡലത്തിൽ നിന്നുള്ള തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും മുഖ്യമന്ത്രിയുമായ വിജയ്‌യുടെ വിജയം ചോദ്യം ചെയ്‌തുള്ള ഹർജിയിൽ തെരഞ്ഞെടുപ്പ് ഓഫീസർ ഉൾപ്പെടെയുള്ള എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. ​കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ടിവികെ വൻ വിജയം നേടി വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റിരുന്നു. മത്സരരംഗത്തുണ്ടായിരുന്ന വിജയ് പെരമ്പൂർ, തിരുച്ചി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്നും വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എന്നാൽ പെരമ്പൂർ മണ്ഡലത്തിൽ വിജയിയോട് പരാജയപ്പെട്ട ഡിഎംകെ (DMK) സ്ഥാനാർഥി ആർ ഡി ശേഖറാണ് തെരഞ്ഞെടുപ്പ് നടപടികളിൽ വൻ ക്രമക്കേടുകൾ നടന്നു എന്ന് ആരോപിച്ച് മദ്രാസ് ഹൈക്കോടതിയിൽ  പരാതി നല്‍കിയത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീടുകളിലെ കുട്ടികളോട് അവരുടെ മാതാപിതാക്കളെ ടിവികെക്ക് വോട്ട് ചെയ്യാൻ പ്രേരിപ്പിക്കണമെന്ന് വിജയ് അഭ്യർഥിച്ചിരുന്നു. ഇത് കുട്ടികളെ മാനസികമായും വൈകാരികമായും സ്വാധീനിക്കുകയും തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ മാനദണ്ഡങ്ങൾ ലംഘിക്കുകയും ചെയ്യുന്ന നടപടിയാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.പെരമ്പൂരിലെ തെരഞ്ഞെടുപ്പ് ഓഫീസ് സ്ഥാപിക്കാൻ 10 ലക്ഷം രൂപ ചെലവായെന്നാണ് കണക്ക് കാണിച്ചിട്ടുള്ളതെങ്കിലും യഥാർഥ ചെലവ് കുറഞ്ഞത് ഒരു കോടി രൂപയെങ്കിലും വരുമെന്നും ഇത് ബോധപൂർവം മറച്ചുവയ്‌ക്കുകയായിരുന്നെന്നും ഹർജിയിൽ പറയുന്നു.2011 മുതൽ 2024 വരെയുള്ള കാലയളവിൽ സർക്കാർ അടയ്ക്കേണ്ട 3,44,46,642 രൂപയുടെ ആദായനികുതി കുടിശ്ശികയുള്ള വിവരം നാമനിർദേശ പത്രികയ്‌ക്കൊപ്പമുള്ള സത്യവാങ്മൂലത്തിൽ വിജയ് മറച്ചുവെച്ചതായും ആരോപണമുണ്ട്.

ഹർജി ജസ്റ്റിസ് വി ലക്ഷ്‌മിനാരായണൻ മുമ്പാകെ പരിഗണനയ്‌ക്കെത്തിയപ്പോൾ, പരാതിക്കാരനായ ആർ ഡി ശേഖറിനു വേണ്ടി മുതിർന്ന അഭിഭാഷകൻ റിച്ചാർഡ് വിൽസൺ ഹാജരായി. കേസിൽ പ്രാഥമിക വാദം കേട്ട കോടതി, മുഖ്യമന്ത്രി വിജയ്, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ, റിട്ടേണിങ് ഓഫീസർ എന്നിവരടക്കമുള്ള എതിർകക്ഷികൾക്ക് വ്യക്തമായ മറുപടി നൽകാൻ നോട്ടീസ് അയക്കാൻ ഉത്തരവിടുകയായിരുന്നു.  

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ 234 അംഗ നിയമസഭയിൽ 108 സീറ്റുകൾ നേടി ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയിരുന്നു. പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്ന് വിജയിച്ച വിജയ് തിരുച്ചിറപ്പള്ളി ഈസ്റ്റ് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള അംഗത്വം രാജിവെച്ചിരുന്നു.