" സ്വേച്ഛാധിപത്യ ഭരണത്തിന്' വഴങ്ങാൻ വിസമ്മതിക്കുന്ന വിദ്യാർഥികളുടെയും യുവാക്കളുടെയും ദൃഢനിശ്ചയം രാജ്യമെമ്പാടും പ്രതിധ്വനിക്കുന്നു"
തിരുവനന്തപുരം: പ്രവേശന പരീക്ഷകളിലെ ക്രമക്കേടുകളിൽ സർക്കാരിനെതിരെ ജന്തർ മന്തറിൽ നിരാഹാര സമരം നടത്തുന്ന വിദ്യാർഥി നേതാക്കൾക്ക് പിന്തുണയറിയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. രാജ്യത്തെ യുവാക്കൾ സംഘപരിവാറിൻ്റെയും ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിൻ്റെയും 'സ്വേച്ഛാധിപത്യ ഭരണത്തിന്' കീഴടങ്ങില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഫെയ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് അദ്ദേഹം തൻ്റെ പിന്തുണയറിയിച്ചത്.ജന്തർ മന്തറിൽ നടക്കുന്ന നിരാഹാര സമരത്തിൽ എസ്‌എഫ്‌ഐ (സ്‌റ്റുഡൻ്റ് ഫെഡറേഷൻ ഓഫ് ഇന്ത്യ) അഖിലേന്ത്യാ പ്രസിഡൻ്റ് ആദർശ് എം സജിയും അഖിലേന്ത്യാ ജോയിൻ്റ് സെക്രട്ടറി ഐഷെ ഘോഷും പങ്കെടുക്കുന്നുണ്ട്. ഇവരെ പരാമർശിച്ചുകൊണ്ട് അവരുടെ സന്ദേശം ജനാധിപത്യത്തിനായി പോരാടുന്ന എല്ലാവർക്കും പ്രചോദനമാകുകയാണെന്നും പിണറായി വിജയൻ പറഞ്ഞു. സംഘപരിവാറിൻ്റെയും മോദി സർക്കാരിൻ്റെയും 'സ്വേച്ഛാധിപത്യ ഭരണത്തിന്' വഴങ്ങാൻ വിസമ്മതിക്കുന്ന വിദ്യാർഥികളുടെയും യുവാക്കളുടെയും ദൃഢനിശ്ചയം രാജ്യമെമ്പാടും പ്രതിധ്വനിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"എത്രയൊക്കെ അടിച്ചമർത്താൻ ശ്രമിച്ചാലും സംഘപരിവാറിൻ്റെയും മോദി സർക്കാരിൻ്റെയും ഏകാധിപത്യ ഭരണത്തിന് കീഴടങ്ങില്ല എന്ന വിദ്യാർഥികളുടെയും യുവാക്കളുടെയും ഉറച്ച ശബ്‌ദമാണ് ഇന്ന് രാജ്യത്ത് ഉച്ചത്തിൽ മുഴങ്ങുന്നത്. എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡൻ്റ് ആദർശ് എം. സജിയും അഖിലേന്ത്യാ ജോയിൻ്റ് സെക്രട്ടറി ഐഷെ ഘോഷും ജന്തർ മന്തറിലെ നിരാഹാര സമരത്തിൽ പങ്കുചേർന്നുകൊണ്ട് നൽകുന്ന ഈ സന്ദേശം ജനാധിപത്യത്തിനായി പൊരുതുന്ന എല്ലാവർക്കും ആവേശം പകരുന്നതാണ്. നാളെയുടെ ഇന്ത്യയെ വാർത്തെടുക്കുന്ന ശക്തിയാണ് നമ്മുടെ വിദ്യാർഥികൾ. അവരുടെ സ്വപ്‌നങ്ങൾക്കും പ്രതീക്ഷകൾക്കും ഭാവിക്കും നേരെ ഒരു സർക്കാരും പുറംതിരിഞ്ഞ് നിൽക്കരുത്. വിദ്യാർഥികളുടെ ശബ്‌ദം കേൾക്കുന്ന, സംവദിക്കുന്ന, പരിഹാരം കണ്ടെത്തുന്ന സമീപനമാണ് നാടിന് ആവശ്യം. ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വിദ്യാർഥികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനുമായി പോരാടുന്ന എല്ലാ വിദ്യാർഥികൾക്കും ഐക്യദാർഢ്യവും പിന്തുണയും അറിയിക്കുന്നു. അഭിവാദ്യങ്ങൾ!", എന്ന് പോസ്‌റ്റിൽ വ്യക്തമാക്കുന്നു.
ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവരുടെ ഭാവി സുരക്ഷിതമാക്കുന്നതിനും പോരാടുന്ന വിദ്യാർഥികളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് നിരാഹാര സമരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും അദ്ദേഹം പിന്തുണയും ആശംസകളും അറിയിച്ചു. നീറ്റ് പേപ്പർ ചോർച്ച ഉൾപ്പെടെയുള്ള മത്സര പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ടും സിജെപി (കോക്രോച്ച് ജനതാ പാർട്ടി) പ്രസ്ഥാനത്തെ പിന്തുണച്ച് ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ അനിശ്ചിത കാല സമരം തുടർന്ന് പോരുകയാണ്. മറ്റ് സംസ്ഥാനങ്ങൾക്ക് പുറമേ കേരളത്തിൽ നിന്നും നിരവധി സംഘടനകളും വിദ്യാർഥികളും സിജെപിക്കൊപ്പം ചേർന്ന് അനിശ്ചിതകാല നിരാഹാര സമരത്തെ പിന്തുണയ്‌ക്കുന്നുണ്ട്.
സമരമുഖത്ത് തളരാതെ സോനം വാങ്‌ചുക്ക്
അതേസമയം, നാളെ നടക്കാനിരിക്കുന്ന സിജെപിയുടെ പാർലമെൻ്റിലേക്കുള്ള മാർച്ചിൽ എല്ലാവരും പങ്കെടുക്കണമെന്നും, ഈ പോരാട്ടം കേവലം ഒരു പ്രതിഷേധമല്ല ഇന്ത്യയുടെ രണ്ടാം സ്വാതന്ത്ര്യ സമരം എന്നുമാണ് സോനം വാങ്‌ചുക്ക് വിശേഷിപ്പിച്ചിരിക്കുന്നത്. ഭയത്തിൽ നിന്നും അനീതിയിൽ നിന്നും രാജ്യത്തെ മോചിപ്പിക്കാനുള്ള സമരമാണിതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. സമരത്തിൽ എല്ലാ വിദ്യാർഥികളും യുവാക്കളും പങ്കെടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്‌തു.;