പ്രഹ്ളാദ് ജോഷിക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി അധികച്ചുമതല നൽകി

ന്യൂഡല്‍ഹി: ധർമേന്ദ്ര പ്രധാൻ രാജിയെ തുടർന്ന് പ്രഹ്‌ളാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ അധിക ചുമതല നൽകി. രാഷ്ട്രപതി ദ്രൗപദി മുർമു ധർമേന്ദ്ര പ്രധാന്‍റെ രാജി സ്വീകരിച്ചതിനു പിന്നാലെയാണ് നിലവിലെ വകുപ്പുകൾക്ക് പുറമെ വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ ചുമതല കൂടി പ്രഹ്‌ളാദ് ജോഷിക്ക് നൽകാൻ ഉത്തരവിട്ടത്.കർണാടകയിലെ ധാർവാഡിൽ നിന്നുള്ള ലോക്‌സഭാംഗമായ പ്രഹ്‌ളാദ് ജോഷി നിലവിൽ ഉപഭോക്തൃ കാര്യം, ഭക്ഷ്യം, പൊതുവിതരണം, പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊർജ്ജം എന്നീ മന്ത്രാലയങ്ങളുടെ ചുമതലയുള്ള കേന്ദ്രമന്ത്രിയാണ്. കൂടാതെ ഇന്‍റർനാഷണൽ സോളാർ അലയൻസിന്‍റെ പ്രസിഡന്‍റായും അദ്ദേഹം സേവനമനുഷ്‌ഠിക്കുന്നുണ്ട്.നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധം അതിശക്തമായതോടെയാണ് ഇന്നു ഉച്ചയോടെയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചത്. ജന്തർ മന്തറിലെ നിലവിലെ സാഹചര്യങ്ങളും രാജ്യത്തെ വിദ്യാർഥികളുടെ ഭാവിയും കണക്കിലെടുത്താണ് താൻ രാജിക്കത്ത് പ്രധാനമന്ത്രിക്ക് അയച്ചതെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി. കഴിഞ്ഞ മെയ് 3-ന് നടന്ന നീറ്റ് പരീക്ഷയിൽ ക്രമക്കേടുകൾ കണ്ടെത്തിയ ഉടൻ തന്നെ സർക്കാർ വിഷയം ഗൗരവമായി എടുത്തിരുന്നുവെന്ന് ധർമേന്ദ്ര പ്രധാൻ കത്തിൽ ഓർമ്മിപ്പിക്കുന്നു.
അദ്ദേഹത്തിൻ്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും സിജെപിയും (കോക്രോച്ച് ജനത പാർട്ടി) പാർലമെൻ്റിലും തെരുവിലും കടുത്ത പ്രക്ഷോഭം തുടരുന്നതിന് പിന്നാലെയാണ് രാജിവച്ചത്. വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ യാതൊരു ഒത്തുതീർപ്പിനുമില്ലെന്നും, സർക്കാർ അതിന് തയ്യാറല്ലെങ്കിൽ ചർച്ചകളിൽ അർത്ഥമില്ലെന്നും സിജെപി വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് കേന്ദ്ര മന്ത്രി രാജിവച്ചത്.