നുഴഞ്ഞുകയറ്റക്കാരെ പിടികൂടാൻ ജന്തർ മന്തറിൽ ഫേഷ്യൽ റെക്കഗ്നിഷൻ ക്യാമറകൾ സ്ഥാപിച്ച് ഡൽഹി പോലീസ്

ന്യൂഡൽഹി: തലസ്ഥാനത്തെ ജന്തർ മന്തറിൽ നടക്കുന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കി ഡൽഹി പോലീസ് . പ്രതിഷേധങ്ങൾക്കിടയിൽ കുറ്റവാളികളും നുഴഞ്ഞുകയറ്റക്കാരും കടന്നുകൂടുന്നത് തടയാനായി ഡൽഹി പോലീസ് നാല് ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റം യൂണിറ്റുകൾ നിർണ്ണായക കേന്ദ്രങ്ങളിൽ സ്ഥാപിച്ചു. സമരവേദിയുടെ പ്രധാന എൻട്രി, എക്സിറ്റ് പോയിന്റുകളിലാണ് ഉയർന്ന ശേഷിയുള്ള ഈ നിരീക്ഷണ ക്യാമറകൾ സജ്ജീകരിച്ചിരിക്കുന്നത്.സാധാരണക്കാരായ പ്രതിഷേധക്കാരെ ലക്ഷ്യമിട്ടല്ല ഈ നടപടിയെന്നും, മറിച്ച് പ്രക്ഷോഭം മുതലെടുത്ത് ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്ന ക്രിമിനൽ പശ്ചാത്തലമുള്ളവരെ കണ്ടെത്താനാണ് സംവിധാനം ഉപയോഗിക്കുന്നതെന്നും പോലീസ് വ്യക്തമാക്കി. എഫ്.ആർ.എസ് യൂണിറ്റുകൾ ഡൽഹി പോലീസിന്റെ കേന്ദ്രീകൃത ഡാറ്റാബേസുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുണ്ട്.ദൂരെ നിന്നുപോലും വ്യക്തമായ മുഖചിത്രങ്ങൾ പകർത്താൻ ശേഷിയുള്ള ഹൈ-റെസല്യൂഷൻ ക്യാമറകളാണ് ഇതിൽ ഉപയോഗിക്കുന്നത്. ക്യാമറകൾ പകർത്തുന്ന ചിത്രങ്ങൾ പോലീസ് ഡാറ്റാബേസിലെ വിവരങ്ങളുമായി തത്സമയം പരിശോധിക്കപ്പെടും. വാണ്ടഡ് ക്രിമിനലുകൾ, ഒളിവിൽ കഴിയുന്നവർ, പോലീസിന്റെ ഹിസ്റ്ററി ഷീറ്റിൽ ഉൾപ്പെട്ടവർ, സ്ഥിരം കുറ്റവാളികൾ എന്നിവർ പ്രവേശന കവാടങ്ങളിലെത്തിയാൽ സംവിധാനം തൽക്ഷണം ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകും. ഇതോടെ ഇത്തരക്കാർക്കെതിരെ ഉടനടി നിയമനടപടി സ്വീകരിക്കാൻ പോലീസിന് സാധിക്കും.