രാമക്ഷേത്ര അഴിമതി : "പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടിപറയണം" : കെ.സി.വേണുഗോപാൽ

രാമക്ഷേത്ര അഴിമതി : "പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടിപറയണം" : കെ.സി.വേണുഗോപാൽ

 തൃശൂർ: അയോധ്യയിലെ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണങ്ങളിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ക്ഷേത്രത്തിലെ കൊള്ള വിശ്വാസികളെ കടുത്ത രീതിയിൽ വേദനിപ്പിച്ചുവെന്നും വരാനിരിക്കുന്ന പാർലമെൻ്റ് സമ്മേളനത്തിൽ കോൺഗ്രസ് ഈ വിഷയം ശക്തമായി ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുരുവായൂർ ക്ഷേത്രദർശനത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കെസി.

അയോധ്യയിലെ ക്രമക്കേടുകൾക്ക് പൂർണ ഉത്തരവാദിത്തം ക്ഷേത്ര ട്രസ്റ്റിനാണെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. ആരോപണങ്ങൾ ഉയർന്നിട്ടും ട്രസ്റ്റ് ഇതുവരെ പിരിച്ചുവിട്ടിട്ടില്ല. പകരം മിനുക്കുപണികൾ നടത്തി മുന്നോട്ടുപോകാനാണ് ശ്രമിക്കുന്നത്. കുറ്റവാളികളെ സംരക്ഷിക്കാൻ വേണ്ടിയുള്ള എല്ലാ ഒത്താശകളും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചെയ്തുകൊടുക്കുകയാണ്. ഇത് കേവലം ഒരു കൊള്ള മാത്രമല്ല, മറിച്ച് വിശ്വാസത്തിന് നേരെയുള്ള കടുത്ത ആക്രമണമാണ്. കോൺഗ്രസ് ഇതൊരു രാഷ്ട്രീയ വിഷയമായിട്ടല്ല കാണുന്നത്.

എന്നാൽ കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി ബിജെപിയും ആർഎസ്എസും രാമജന്മഭൂമി വിഷയം ഉപയോഗിച്ചാണ് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്. ദൈവങ്ങളെ എങ്ങനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാമെന്ന് അവർ കാണിച്ചുതന്നു. വിശ്വാസത്തിൻ്റെ പേരിലല്ല, മറിച്ച് കൊള്ള നടത്താനും ജനങ്ങളെ വിഭജിച്ച് വോട്ട് നേടാനും വേണ്ടി മാത്രമാണ് അവർ ദൈവങ്ങളെ ഉപയോഗിക്കുന്നതെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പാർലമെൻ്റിൽ ചോദ്യമുയർത്തും

ഈ മാസം 24ന് ആരംഭിക്കുന്ന പാർലമെൻ്റ് സമ്മേളനത്തിൽ അയോധ്യ വിഷയം കോൺഗ്രസ് വലിയ രീതിയിൽ ഉന്നയിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയിൽ ഇതിന് മറുപടി പറയണമെന്ന് ആവശ്യപ്പെടും. കാരണം, പ്രധാനമന്ത്രി മേൽനോട്ടം വഹിച്ച് നിശ്ചയിച്ച കമ്മിറ്റിയാണ് അവിടുത്തെ ട്രസ്റ്റ്. അതിനാൽ അവർക്കാർക്കും ഇതിൽ നിന്ന് ഒഴിഞ്ഞുമാറാൻ സാധിക്കില്ല. രാജ്യവ്യാപകമായി കോൺഗ്രസ് ഈ വിഷയം ഉന്നയിക്കുന്നുണ്ട്. പാർട്ടി വക്താക്കൾ വിവിധ സംസ്ഥാനങ്ങൾ സന്ദർശിച്ച് ജനങ്ങളോട് കാര്യങ്ങൾ വിശദീകരിക്കുകയാണെന്നും കെസിവേണുഗോപാൽ പറഞ്ഞു .