രാമക്ഷേത്ര അഴിമതി : ട്രസ്റ്റ് അംഗങ്ങളെ ചോദ്യം ചെയ്യാനൊരുങ്ങി പ്രത്യേക അന്യേഷണ സംഘം

അയോധ്യ: രാമക്ഷേത്ര അഴിമതിക്കേസിൽ ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളെ ചോദ്യം ചെയ്യാനൊരുങ്ങി പ്രത്യേക അന്വേഷണ സംഘം. സംഭാവനയുമായി ബന്ധപ്പെട്ട വിശദാംശങ്ങളും രേഖകളും പരിശോധിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.വരും ദിവസങ്ങളിൽ സംഘം അയോധ്യ വീണ്ടും സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രേഖകൾ പരിശോധിക്കുന്നതിനും സംഭാവന മാനേജ്‌മെൻ്റ് സംവിധാനവുമായി ബന്ധപ്പെട്ട ട്രസ്റ്റ് പ്രവർത്തകരെയും മറ്റുള്ളവരെയും എസ്‌ഐടി ചോദ്യം ചെയ്യും. ക്ഷേത്രത്തിൽ ഭക്തർ സംഭാവന ചെയ്ത പണവും വിലപിടിപ്പുള്ള വസ്തുക്കളും ദുരുപയോഗം ചെയ്തുവെന്ന ആരോപണത്തെത്തുടർന്നാണ് നടപടി. ലഖ്‌നൗ ഡിവിഷനൽ കമ്മിഷണർ വിജയ് വിശ്വാസ് പന്തിൻ്റെ നേതൃത്വത്തിൽ ജൂൺ 13നാണ് എസ്‌ഐടി രൂപീകരിച്ചത്.
ജൂൺ 23ന് സംഘം സംസ്ഥാന സർക്കാരിന് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടർന്ന് ഇത് അഡീഷനൽ ചീഫ് സെക്രട്ടറി സഞ്ജയ് പ്രസാദിന് കൈമാറി. ജൂലൈ ഒന്നിന്, അന്വേഷണം പൂർത്തിയാക്കുന്നതിനായി സംസ്ഥാന സർക്കാർ എസ്‌ഐടിയുടെ കാലാവധി 15 ദിവസം കൂടി നീട്ടി നൽകി. സംഭാവനകൾക്കായുള്ള ബാങ്കിങ് ക്രമീകരണങ്ങൾ പുനഃപരിശോധിക്കാനും മറ്റും ട്രസ്റ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.നിലവിൽ, ക്ഷേത്രത്തിൻ്റെ സംഭാവനപ്പെട്ടികളിൽ നിന്ന് ശേഖരിക്കുന്ന എല്ലാ പണവും അയോധ്യയിലെ നയാ ഘട്ടിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) ശാഖയിലാണ് നിക്ഷേപിച്ചിരിക്കുന്നത്. ഒന്നിലധികം ബാങ്കുകളിൽ നിക്ഷേപമുണ്ടോ തുടങ്ങിയ കാര്യങ്ങളിലാണ് സംഘം ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കഴിഞ്ഞ ദിവസം ട്രസ്റ്റ് ട്രഷറർ ഗോവിന്ദ് ദേവ് ഗിരിയും അയോധ്യയിലെ ഒരു സ്വകാര്യ ബാങ്കിൻ്റെ ഉദ്യോഗസ്ഥരും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടികൾ.
സുരക്ഷാ വീഴ്ചകൾ
ഇതിന് മുൻപ് ക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സംബന്ധിച്ച അന്വേഷണത്തിൻ്റെ ഭാഗമായി ക്ഷേത്ര ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. പണം കൈകാര്യം ചെയ്യുന്നതിനുള്ള സുരക്ഷാ നടപടികൾ നടപ്പിലാക്കുന്നതിൽ എസ്‌ബിഐ പരാജയപ്പെട്ടുവെന്ന് ചമ്പത് റായ് മൊഴിയിൽ പറയുന്നു. എസ്‌ഐടിയുടെ പ്രാഥമിക റിപ്പോർട്ടിൽ പണം എണ്ണൽ സമയത്ത് സുരക്ഷാ നടപടിക്രമങ്ങളുടെ ആവർത്തിച്ചുള്ള ലംഘനങ്ങൾ ചൂണ്ടിക്കാണിക്കുകയും മേൽനോട്ടത്തിലെ വീഴ്ചകൾ മോഷണത്തിന് കാരണമായോ എന്ന് പരിശോധിക്കുകയും ചെയ്തുവെന്ന് വൃത്തങ്ങൾ അറിയിച്ചു.അതേസമയം, പ്രതികളുടെ വരുമാനം, ബാങ്ക് അക്കൗണ്ടുകൾ, സ്വത്തുക്കൾ, നിക്ഷേപങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ ആദായനികുതി വകുപ്പ്, ബാങ്കുകൾ, തഹസിൽ ഓഫിസുകൾ, സബ് രജിസ്ട്രാർ ഓഫിസുകൾ എന്നിവയിൽ നിന്ന് പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതുവരെ സംഭാവന തട്ടിപ്പിൽ ട്രസ്റ്റ് ജീവനക്കാർ ഉൾപ്പെടെ എട്ടുപേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതികളുടെ ബന്ധുക്കളുടെയോ കൂട്ടാളികളുടെയോ പേരിൽ സംശയാസ്പദമായ നിക്ഷേപം നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.പ്രതികളിൽ ചിലരിൽ നിന്ന് ഇതുവരെ ഏകദേശം 80 ലക്ഷം രൂപ പണവും ചില ആഭരണങ്ങളും പൊലീസ് കണ്ടെടുത്തു. വ്യാജ രസീതുകൾ ഉപയോഗിച്ച് പണം തട്ടിയെടുത്തിട്ടുണ്ടോ എന്ന കാര്യവും അന്വേഷണ പരിധിയിലുണ്ട്. അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായ്, ഗോപാൽ റാവു, ട്രസ്റ്റി ഡോ. അനിൽ മിശ്ര എന്നിവരുടെ തിരിച്ചറിയൽ രേഖകൾ വഴി നൽകിയ വിഐപി പാസുകളിൽ ഭക്തർക്ക് പ്രവേശനം തടയുന്ന സുരക്ഷാ പ്രോട്ടോക്കോളിൽ മാറ്റങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.